Monday, January 24, 2022

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കെർവ് പ്രകാരം നിലനിർത്തണമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീം കോടതി

Must Read

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കെർവ് പ്രകാരം നിലനിർത്തണമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീം കോടതി. ഇതോടെ നവംബർ 30-ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്നാടിന് സാധിക്കും. കേസിൽ അടിയന്തര ഉത്തരവിന്റെ ആവശ്യമില്ലെന്ന് കേരളവും സുപ്രീം കോടതിയിൽ വ്യക്തമാക്കി.

ഒക്ടോബർ 28-ന് സുപ്രീം കോടതി പുറപ്പടിവിച്ച ഇടക്കാല ഉത്തരവിലാണ് മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കെർവ് പ്രകാരം നിലനിറുത്തണമെന്ന് നിർദേശിച്ചത്. എന്നാൽ അടിയന്തര സാഹചര്യമുണ്ടായാൽ മേൽനോട്ട സമിതി സ്ഥിതിഗതി വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നു. കേസിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഈ ഉത്തരവ് തുടരുമെന്നാണ് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയത്.

കേന്ദ്ര ജലകമ്മീഷൻ അംഗീകരിച്ച റൂൾ കെർവ് പ്രകാരം നവംബർ 30-ലെ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാണ്. ഇന്ന് മുല്ലപെരിയാർ ഹർജികൾ പരിഗണയ്ക്കുന്നതിനിടയിൽ ഏതെങ്കിലും വിഷയത്തിൽ അടിയന്തരമായ ഇടപെടൽ ആവശ്യമുണ്ടോയെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയോട് കോടതി ആരാഞ്ഞിരുന്നു. ഹർജികൾ അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട ഗുപ്ത, മറ്റ് അടിയന്തര ഉത്തരവുകളൊന്നും ആവശ്യമില്ലെന്ന നിലപാടാണ് കോടതിയെ അറിയിച്ചത്.

നിലവിൽ വിശദമായി പരിഗണിക്കുന്ന മറ്റ് രണ്ട് കേസ്സുകളുടെ വാദം കേൾക്കൽ പൂർത്തിയായ ശേഷം മുല്ലപെരിയാർ ഹർജികൾ കേൾക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഡിസംബർ 10-നാണ് ഹർജികൾ ഇനി പരിഗണിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. മറ്റ് രണ്ട് കേസുകളുടെ വാദം കേൾക്കൽ അതിന് മുമ്പ് പൂർത്തിയായായാൽ അപ്പോൾ മുല്ലപെരിയാർ കേസ് കേൾക്കുമെന്നും കോടതി വ്യക്തമാക്കി.

അണക്കെട്ടിലെ ചോർച്ച സംബന്ധിച്ച റിപ്പോർട്ട് കേരളത്തിന് കൈമാറിയിട്ടുണ്ടെന്ന് തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ തമിഴ്നാട് സർക്കാരിന്റെ റിപ്പോർട്ടല്ല, മറിച്ച് ഇരു സംസ്ഥാനങ്ങളും സംയുക്തമായി നടത്തുന്ന പരിശോധനയിലെ റിപ്പോർട്ടാണ് ഹാജരാക്കേണ്ടതെന്ന് പെരിയാർ പ്രൊട്ടക്ഷൻ മൂവ്മെന്റിന്റ വേണ്ടി ഹാജരായ അഭിഭാഷകൻ വി.കെ. ബിജു കോടതിയിൽ ആവശ്യപ്പെട്ടു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News