നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം ഒരാഴ്‌ചയ്‌ക്കകം സത്യവാങ്‌മൂലത്തിലൂടെ അറിയിക്കണമെന്ന് സുപ്രീം കോടതി

0

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ തുടരന്വേഷണം എന്നു തീരുമെന്ന്‌ ഒരാഴ്‌ചയ്‌ക്കകം സത്യവാങ്‌മൂലത്തിലൂടെ അറിയിക്കണമെന്നു സംസ്‌ഥാന സര്‍ക്കാരിനോടു സുപ്രീം കോടതി.
പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ഈ മാസം ഒമ്പതിനു കേസില്‍ വാദം തുടരും. തുടരന്വേഷണം നടക്കുന്നതിനാല്‍, ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നു സര്‍ക്കാര്‍ വാദിച്ചു.
എന്നാല്‍, അഞ്ചുവര്‍ഷമായി വിചാരണത്തടവുകാരനാണെന്നും വിചാരണ നീളുന്നതു ജയില്‍വാസം നീളാന്‍ ഇടയാക്കുമെന്നും മാര്‍ട്ടിന്‍ വാദിച്ചു. ഇതു മനുഷ്യാവകാശ ലംഘനമാണ്‌. കേസിലെ തന്റെ പങ്കും തുടരന്വേഷണവും തമ്മില്‍ ബന്ധമില്ല-മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടി.
മാര്‍ട്ടിന്റെ ജാമ്യാപേക്ഷ നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു. അതിക്രമം നടക്കുമ്പോള്‍ നടി സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നതു മാര്‍ട്ടിനായിരുന്നു. സിനിമാ നിര്‍മാണ കമ്പനിയാണ്‌ ഇയാളെ ഡ്രൈവറായി നിയോഗിച്ചിരുന്നത്‌. മുഖ്യപ്രതി സുനില്‍കുമാറിനു (പള്‍സര്‍ സുനി) മാര്‍ട്ടിനാണു നടിയുടെ യാത്രാവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്നാണു പോലീസിന്റെ കണ്ടെത്തല്‍.
തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി അനുവദിക്കണമെന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, അന്വേഷണം ഇനിയും നീട്ടരുതെന്നാണു ഹൈക്കോടതി വാക്കാല്‍ പ്രതികരിച്ചത്‌. പ്രതികളുടെ ഫോണ്‍ പരിശോധനാ റിപ്പോര്‍ട്ടില്‍ നിര്‍ണായകമായ പല വിവരങ്ങളുമുണ്ടെന്നും അവ വിശദമായി പരിശോധിക്കുന്നതിനു കൂടുതല്‍ സമയം ആവശ്യമാണെന്നും സുപ്രീംകോടതിയെ സര്‍ക്കാര്‍ അറിയിക്കും. സര്‍ക്കാരിനുവേണ്ടി ഹാജരാകാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്‌ജിത്ത്‌ കുമാറിനെ നിയോഗിച്ചിട്ടുണ്ട്‌.
നടിയെ തട്ടിക്കൊണ്ടുപോകാനുള്ള നാടകത്തിന്റെ ഭാഗമായി, നടി സഞ്ചരിച്ച കാറില്‍ പ്രതികള്‍ അവരുടെ വാഹനം ഇടിപ്പിച്ചിരുന്നു. തുടര്‍ന്നു വാക്കുതര്‍ക്കമുണ്ടാക്കിയ ശേഷം മാര്‍ട്ടിനെ ബലപ്രയോഗത്തിലൂടെ പ്രതികള്‍ സഞ്ചരിച്ച വാഹനത്തിലേക്കു മാറ്റി. പിന്നീടു പ്രതികളായ ഗുണ്ടാ സംഘത്തിന്റെ നിയന്ത്രണത്തിലാണു നടിയുടെ വാഹനം നീങ്ങിയത്‌. അതിനിടയില്‍ സുനില്‍കുമാര്‍ വാഹനത്തില്‍ കയറി നടിയെ ഉപദ്രവിച്ചു. അവസാനം നടിയെ മോചിപ്പിച്ച പ്രതികള്‍ മാര്‍ട്ടിനെയും വിട്ടയയ്‌ക്കുന്നതായി അഭിനയിച്ചുവെന്നാണു കുറ്റപത്രത്തിലുള്ളത്‌.
സിനിമാ നിര്‍മാതാവും നടനും സംവിധായകനുമായ ലാലിന്റെ വീട്ടിലേക്കു നടിയെ എത്തിച്ചതു മാര്‍ട്ടിനാണ്‌. തട്ടിക്കൊണ്ടുപോയ പ്രതികള്‍ തന്നെയും മര്‍ദിച്ചതായി അഭിനയിച്ചു സ്‌ഥലംവിടാന്‍ ശ്രമിച്ച മാര്‍ട്ടിനെ തടഞ്ഞുവച്ചു പോലീസിനു കൈമാറിയതു വഴിത്തിരിവായി. മാര്‍ട്ടിനു ജാമ്യം ലഭിക്കുന്നത്‌ തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണു പ്രോസിക്യൂഷന്‍ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here