ന്യൂഡൽഹി : പോക്സോ കേസ് പ്രതിയോട് പീഡനത്തിനിരയായ പെൺകുട്ടിയെ വിവാഹം ചെയ്യുമോയെന്ന ചോദ്യം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ.
സ്ത്രീകൾക്ക് ബഹുമാനം നൽകിയ ചരിത്രമേ കോടതിയ്ക്കുള്ളു. പെൺകുട്ടിയെ വിവാഹം ചെയ്യാൻ പോകുകയാണോയെന്നാണ് ചോദിച്ചത്. വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നില്ല. കോടതിയുടെ വാക്കുകൾ വളച്ചൊടിച്ചെന്നും മാദ്ധ്യമങ്ങൾ വാർത്ത തെറ്റായി റിപ്പോർട്ട് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. പീഡനത്തെത്തുടർന്ന് ഗർഭിണിയായ 14 കാരി ഗർഭഛിദ്രത്തിന് അനുമതി തേടി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിശദീകരണം. കോടതിയുടെ പരാമർശത്തെ വളച്ചൊടിച്ചുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വ്യക്തമാക്കി.
ഒട്ടേറെ പേർ ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനെതിരെ രംഗത്തു വന്നു. പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിരുന്നു.
അതേസമയം, ഗർഭഛിദ്രത്തിന് ഹർജി സമർപ്പിച്ച പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ അഭിപ്രായം തേടി കോടതി നോട്ടീസ് അയച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ നഗ്ന ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പിതാവിന്റെ അടുത്ത ബന്ധു പീഡിപ്പിക്കുകയായിരുന്നു.