Wednesday, October 27, 2021

ഐ.പി.എല്ലില്‍ ബാംഗ്ലൂരിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‌ നാല്‌ റണ്‍സ്‌ ജയം

Must Read

അബുദാബി: ഐ.പി.എല്ലില്‍ ബാംഗ്ലൂരിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‌ നാല്‌ റണ്‍സ്‌ ജയം. 142 റണ്‍സ്‌ എന്ന വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്‌ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 137 റണ്‍സ്‌ നേടാനേ സാധിച്ചുള്ളൂ. വിജയം കൈവിട്ടതോടെ പ്ലേ ഓഫ്‌ ഉറപ്പാക്കിയെങ്കിലും ആദ്യ രണ്ട്‌ സ്‌ഥാനത്തേക്കെത്താന്‍ ബാംഗ്ലൂരിനായില്ല. 13 പന്തില്‍ 19 റണ്‍സുമായി എ.ബി. ഡിവില്ലിയേഴ്‌സ് പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയിത്തിലെത്തിക്കാന്‍ താരത്തിനായില്ല. 3 വിക്കറ്റ്‌ നഷ്‌ടത്തില്‍ 38 റണ്‍സ്‌ എന്ന നിലയിലേക്ക്‌ വീണ ബാംഗ്ലൂരിനെ ഗ്ലെന്‍ മാക്‌സ്വെല്ലും ദേവ്‌ദത്ത്‌ പടിക്കലും ചേര്‍ന്ന്‌ 54 റണ്‍സിന്റെ കൂട്ടുകെട്ടോടെ നയിച്ചെങ്കിലും 25 പന്തില്‍ 40 റണ്‍സ്‌ നേടിയ മാക്‌സ്വെല്‍ പുറത്തായതോടെ അവരുടെ നില പരുങ്ങലിലായി. ഇതോടെ സണ്‍റൈസേഴ്‌സ് മത്സരത്തില്‍ സാധ്യത കാണുകയായിരുന്നു. അവസാന നാലോവറില്‍ 38 റണ്‍സ്‌ ബാംഗ്ലൂരിന്‌ ആവശ്യമുണ്ടായിരുന്നു. 51 പന്തില്‍ 41 റണ്‍സ്‌ നേടിയ ദേവ്‌ദത്ത്‌ പടിക്കലിനെ 17-ാം ഓവറില്‍ റഷീദ്‌ ഖാന്‍ പുറത്താക്കി. ഓവറിലെ അവസാന പന്തില്‍ ഡിവില്ലിയേഴ്‌സ് ബൗണ്ടറി നേടിയപ്പോള്‍ ലക്ഷ്യം 18 പന്തില്‍ 29 റണ്‍സായി മാറി.
അവസാന രണ്ട്‌ ഓവറില്‍ 18 റണ്‍സ്‌ വേണ്ട ഘട്ടത്തില്‍ ഷഹ്‌ബാസ്‌ അഹമ്മദിന്റെ ക്യാച്ച്‌ ഭുവി കൈവിട്ടെങ്കിലും അതേ ഓവറില്‍ തന്നെ താരത്തെ ജേസണ്‍ ഹോള്‍ഡര്‍ പുറത്താക്കി. 9 പന്തില്‍ 14 റണ്‍സ്‌ നേടി നിര്‍ണായക ഇന്നിങ്‌സാണ്‌ ഷഹ്‌ബാസ്‌ നേടിയത്‌. അവസാന മൂന്ന്‌ പന്തില്‍ 12 റണ്‍സ്‌ വേണ്ടപ്പോള്‍ ഭുവനേശ്വര്‍ കുമാറിനെതിരേ ഒരു സിക്‌സ് മാത്രമാണ്‌ ഡിവില്ലിയേഴ്‌സ് നേടിയത്‌. ടോസ്‌ കൈവിട്ടെങ്കിലും ആദ്യ ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌ ജേസണ്‍ റോയ്‌, കെയിന്‍ വില്യംസണ്‍ എന്നിവരുടെ ബാറ്റിങ്‌ മികവിലാണ്‌ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 141 റണ്‍സ്‌ നേടിയത്‌. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ മൂന്നും ഡാനിയല്‍ ക്രിസ്‌റ്റ്യന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി. മത്സരത്തില്‍ നേടിയ മൂന്ന്‌ വിക്കറ്റടക്കം ഈ സീസണില്‍ 13 മത്സരങ്ങളില്‍ നിന്നും 29 വിക്കറ്റുകള്‍ ഹര്‍ഷല്‍ പട്ടേല്‍ നേടിയിട്ടുണ്ട്‌. ഇതോടെ ഒരു ഐ.പി.എല്‍. സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ്‌ നേടുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡ്‌ ഹര്‍ഷല്‍ പട്ടേല്‍ സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ 27 വിക്കറ്റ്‌ നേടിയ മുംബൈ ഇന്ത്യന്‍സ്‌ പേസര്‍ ജസ്‌പ്രീത്‌ ബുംറയുടെ റെക്കോര്‍ഡാണ്‌ ഹര്‍ഷല്‍ പഴങ്കഥയാക്കിയത്‌. 38 പന്തില്‍ നിന്ന്‌ അഞ്ചു ഫോറടക്കം 44 റണ്‍സെടുത്ത ജേസണ്‍ റോയിയാണ്‌ ഹൈദരാബാദിന്റെ ടോപ്‌ സ്‌കോറര്‍. രണ്ടാം സ്‌ഥാനം ലക്ഷ്യമാക്കിയെത്തിയ കോഹ്ലിയും നാല്‌ പോയിന്റുമായി അവസാന സ്‌ഥാനക്കാരായ സണ്‍റൈസേഴ്‌സും ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ്‌ ഇന്നലെ മത്സരത്തിനിറങ്ങിയത്‌.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News