തിരുവല്ല∙ നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ ജീവനോടെ പിടിച്ച് ജനവാസ കേന്ദ്രങ്ങൾ അല്ലാത്ത മേഖലകളിൽ പ്രത്യേക മതിൽ കെട്ടിത്തിരിച്ച് തയാറാക്കിയ ഇടങ്ങളിൽ വിടുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണെന്ന് നിർദേശം. തിരുവല്ല പുറമറ്റം മുണ്ടമല റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോർജ് അലക്സാണ്ടറാണ് ഇതു സംബന്ധിച്ച് നിർദേശം നിവേദനമായി സർക്കാരിനു സമർപ്പിച്ചത്.
കാട്ടിൽ മാൻ പെരുകിയപ്പോൾ മാൻ പാർക്ക് തുടങ്ങിയ അതേ തത്വം ഇവിടെ പരീക്ഷിക്കാം. ആൺ, പെൺ വർഗങ്ങളെ വ്യത്യസ്ത കോംപൗണ്ടുകളിൽ പാർപ്പിക്കാം. ഭക്ഷ്യയോഗ്യമായ മിച്ച ഭക്ഷണവും മറ്റും അവിടെ നൽകിയാൽ ആഹാരമാകും. സർക്കാർ ഭൂമിയുൾപ്പടെ സ്വദേശത്തും വിദേശത്തുമുള്ളവരുടെ ഭൂമി കാടുപിടിച്ച് വന സമാനമായി കിടക്കാൻ അനുവദിക്കരുത്.
ഇത്തരം ‘നാടൻ വനങ്ങൾ’ വെട്ടിത്തെളിക്കുവാൻ ഉടമകൾക്ക് നിർദേശം നൽകണം. ഗ്രാമ പഞ്ചായത്ത് വാർഡ് തലങ്ങളിൽ തൊഴിലുറപ്പുമായി ബന്ധപ്പെട്ടവരെ കാടുതെളിക്കുവാൻ നിയോഗിച്ചാൽ തൊഴിലും പഞ്ചായത്തിന് വരുമാനവും ഉണ്ടാകും. പ്രാദേശിക കർഷക കൂട്ടായ്മകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, ഇതര സാമൂഹിക സാമുദായിക സന്നദ്ധ സംഘടനകൾ എന്നിവ മുന്നിട്ടിറങ്ങി അധികൃതരുടെയും വസ്തു ഉടമകളുടെയും അറിവോടും അനുവാദത്തോടും കൂടി കാടുകൾ ഇല്ലാതാക്കുന്നതിന് ശ്രമദാനം നടത്താം. ചെറിയൊരു തുകയും ഈടാക്കാം.
കാട്ടുപന്നി കയറുന്ന പുരയിടം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രണ്ട് ദിവസത്തിനുള്ളിൽ തന്നെ സന്ദർശിച്ച് കണക്കെടുത്ത് രണ്ടാഴ്ച്ചക്കുള്ളിൽ കർഷകനു നഷ്ടപരിഹാര തുക നൽകണം. നിരാശജനകമായ ഇന്നത്തെ സാഹചര്യത്തിൽ കർഷകരെ പൂർണമായും സംരക്ഷിക്കുന്ന ആലോചനകളും നടപടികളും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണം. ഇല്ലെങ്കിൽ കർഷകർ കൃഷി അവസാനിപ്പിക്കും. ഇതു ഭക്ഷ്യസുരക്ഷയെ ബാധിക്കുമെന്നും ജോർജ് അലക്സാണ്ടർ നിവേദനത്തിൽ പറഞ്ഞു.
English summary
Suggest that it be considered to keep the wild boar alive and release it in non-populated areas in specially fenced areas.