ത്രിപുരയിലെ രണ്ട് മുതിർന്ന ബിജെപി നേതാക്കൾ രാജിവച്ചു

0

കൊൽക്കത്ത ∙ ത്രിപുരയിലെ മുതിർന്ന ബിജെപി നേതാവും മുൻ ആരോഗ്യമന്ത്രിയും എംഎൽഎയുമായ സുദീപ് റോയി ബർമൻ, എംഎൽഎ ആശിഷ് സാഹ എന്നിവർ ബിജെപിയിൽനിന്നു രാജിവച്ചു. ഇരുവരും എംഎൽഎ സ്ഥാനവും രാജിവച്ചു. ഇതോടെ 60 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗസംഖ്യ 33 ആയി.

ഏതാനും മാസങ്ങളായി ബിജെപി നേതൃത്വവുമായി കടുത്ത അഭിപ്രായവ്യത്യാസത്തിലായിരുന്നു ബർമൻ. മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബുമായി ഇടഞ്ഞുനിന്ന അദ്ദേഹത്തെ കഴിഞ്ഞ വർഷം മന്ത്രി സ്ഥാനത്തുനിന്നു മാറ്റിയിരുന്നു. ജനങ്ങൾക്കു നൽകിയ വാക്കുപാലിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടതായി ബർമൻ ആരോപിച്ചു. ത്രിപുരയിൽ ജനാധിപത്യം ഇല്ലെന്നും എതിർസ്വരങ്ങളെ അടിച്ചമർത്തുകയാണെന്നും പറഞ്ഞു.

ഇന്നു ഡൽഹിയിലെത്തുന്ന അദ്ദേഹം കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തുമെന്നാണ് കരുതുന്നത്. നേരത്തെ തൃണമൂൽ കോൺഗ്രസിലായിരുന്നു. അടുത്ത തിരഞ്ഞെടുപ്പിനു മുൻപായി ത്രിപുരയിലെ ബിജെപി സർക്കാർ ന്യൂനപക്ഷമാകുമെന്നും ബർമൻ പറഞ്ഞു.

സുദീപ് ബർമന്റെ രാജിയോടെ 2023 ൽ നടക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പായി. ഇടതു പാർട്ടികൾക്കും കോൺഗ്രസിനും പുറമേ തൃണമൂൽ കോൺഗ്രസും ത്രിപുരയിൽ ശക്തമായ പ്രചാരണത്തിന് തയാറെടുക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ് സുദീപ് റോയി. നേരത്തേ ഇടതുഭരണകാലത്ത് പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹം കോൺഗ്രസിൽനിന്നു രാജിവച്ച് തൃണമൂൽ കോൺഗ്രസിൽ ചേരുകയായിരുന്നു. ത്രിപുര മുൻ മുഖ്യമന്ത്രി സമീർ രഞ്ജൻ ബർമന്റെ മകൻ കൂടിയാണ് സുദീപ് ബർമൻ.

Leave a Reply