സുഭാഷ്‌ വാസുവിന്റെ ചുവടുമാറ്റം: ബൂമറാങ്ങായി പഴയ ആരോപണങ്ങള്‍

0

ആലപ്പുഴ : എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്ന സുഭാഷ്‌ വാസുവിന്‌ അദ്ദേഹം ഒന്നര വര്‍ഷം മുമ്പ്‌ നടത്തിയ ആരോപണങ്ങള്‍ തിരിച്ചടിയാകുന്നു. യോഗം നേതൃത്വവുമായി സമവായത്തിനുള്ള നീക്കം സുഭാഷ്‌ വാസു നടത്തുന്നതിനിടെ ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശനും വൈസ്‌ പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളിക്കും എതിരേയടക്കം അദ്ദേഹം നടത്തിയ ഗുരുതരമായ ആക്ഷേപങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്‌.
എസ്‌.എന്‍.ഡി.പി. യോഗം മാവേലിക്കര യൂണിയനുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട്‌ കേസില്‍ ആരോപണ വിധേയനായ യൂണിയന്‍ മുന്‍ പ്രസിഡന്റ്‌ കൂടിയായിരുന്ന സുഭാഷ്‌ വാസുവിനെ ക്രൈംബ്രാഞ്ച്‌ അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. യോഗം ഭാരവാഹികള്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി. ഇതിന്‌ ശേഷം കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളി നടേശനെതിരേ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നതടക്കമുള്ള ആക്ഷേപങ്ങളാണു സുഭാഷ്‌ വാസു നടത്തിയിരുന്നത്‌.
മഹേശന്റെ മരണത്തിന്‌ കാരണമായ സാമ്പത്തിക ക്രമക്കേട്‌ കാണിച്ചത്‌ തുഷാര്‍ വെള്ളാപ്പള്ളിയാണെന്നായിരുന്നു സുഭാഷ്‌ വാസുവിന്റെ പ്രധാന ആരോപണം. ഇക്കാര്യം മരിക്കുന്നതിന്‌ മുന്‍പ്‌ മഹേശന്‍ തന്നോട്‌ പറഞ്ഞിരുന്നതായും സുഭാഷ്‌ വാസു വെളിപ്പെടുത്തിയിരുന്നു.
യൂണിയനില്‍ നിന്ന്‌ മോഷ്‌ടിച്ച പണം ഉപയോഗിച്ച്‌ തുഷാര്‍ വെള്ളാപ്പളളി ഉടുമ്പന്‍ചോലയില്‍ തോട്ടം വാങ്ങിയതിന്‌ രേഖകള്‍ ഉണ്ടെന്നും അദ്ദേഹത്തിന്‌ ഹവാല ഇടപാടുകളുണ്ടെന്നും അതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന്‌ കൈമാറുമെന്നു പോലും അക്കാലത്ത്‌ സുഭാഷ്‌ വാസു പറഞ്ഞു. കായംകുളം കട്ടച്ചിറയിലെ വെള്ളാപ്പള്ളി നടേശന്‍ കോളജ്‌ ഓഫ്‌ എന്‍ജിനീയറിങ്ങിന്റെ പേര്‌ മഹാഗുരു എന്‍ജിനിയറിങ്‌ എന്നാക്കി മാറ്റിയ സുഭാഷ്‌ വാസു, ഗോകുലം ഗോപാലനെ ചെയര്‍മാനാക്കി ട്രസ്‌റ്റിന്റെ അധികാരം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതിനെതിരേ രംഗത്തുവന്ന ശ്രീഗുരുദേവ ചാരിറ്റബിള്‍ ആന്‍ഡ്‌ എജ്യൂക്കേഷന്‍ ട്രസ്‌റ്റ്‌ അംഗങ്ങള്‍ അടുത്തിടെ യോഗം ചേര്‍ന്ന്‌ സുഭാഷ്‌ വാസുവിനെ പുറത്താക്കി പകരം വേലഞ്ചിറ സുകുമാരനെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇതോടെയാണു സുഭാഷ്‌ വാസു വെള്ളാപ്പള്ളിക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ പത്രസമ്മേളനം നടത്തിയത്‌. എന്നാല്‍, സുഭാഷ്‌ വാസു അവസരവാദിയാണെന്നും അദ്ദേഹത്തെ ഒപ്പം കൂട്ടുന്നത്‌ ആത്മഹത്യാപരമാണെന്നുമാണു വെള്ളാപ്പള്ളിക്ക്‌ ഒപ്പമുള്ളവരുടെ അഭിപ്രായം.
വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച്‌ പൊതുസമൂഹത്തില്‍ ഇരുവരേയും വ്യക്‌തിഹത്യചെയ്യാന്‍ ശ്രമിച്ച സുഭാഷ്‌ വാസു ഇപ്പോള്‍ മറ്റാരും സഹായിക്കാനില്ലാതെ വന്നതോടെ പിടിച്ചു നില്‍ക്കാന്‍ തത്രപ്പാട്‌ പെടുകയാണെന്നും അവര്‍ പറയുന്നു.
തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസിനെതിരേ സുഭാഷ്‌ വാസുവിന്റെ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസാണ്‌ ഔദ്യോഗികമെന്ന വാദവുമായി മുന്നോട്ടു പോയെങ്കിലും അതിന്‌ ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചിരുന്നില്ല. മാത്രമല്ല സ്‌പൈസസ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ സ്‌ഥാനം സുഭാഷ്‌ വാസുവിന്‌ നഷ്‌ടമാകുകയും ചെയ്‌തിരുന്നു.
മാവേലിക്കര എസ്‌.എന്‍.ഡി.പി. യൂണിയന്റെ പേരില്‍ സുഭാഷ്‌ വാസു 12 കോടി രൂപയ്‌ക്കു മേല്‍ സാമ്പത്തിക തട്ടിപ്പ്‌് നടത്തിയെന്ന യോഗം മുന്‍ ബോര്‍ഡ്‌ അംഗം ദയകുമാര്‍ ചെന്നിത്തല, ഗോപന്‍ ആഞ്ഞിലിപ്ര, ജയകുമാര്‍ പാറപ്പുറം തുടങ്ങിയവരുടെ പരാതിയെ തുടര്‍ന്ന്‌ സുഭാഷ്‌ വാസുവിനെതിരേ നേരത്തെ മാവേലിക്കര പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. പിന്നീട്‌ ക്രൈംബ്രാഞ്ച്‌ ഇദ്ദേഹത്തെ അറസ്‌റ്റ്‌ ചെയ്‌തെങ്കിലും ഹൈക്കോടതി നിര്‍ദേശപ്രകാരം ഉപാധികള്‍ക്ക്‌ വിധേയമായി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.

Leave a Reply