Sunday, October 17, 2021

വിദ്യാദേവതയുടെ അനുഗ്രഹം തേടി വിദ്യാർഥികൾ പുസ്തകങ്ങൾ പൂജവച്ചു

Must Read

വിദ്യാദേവതയുടെ അനുഗ്രഹം തേടി വിദ്യാർഥികൾ പുസ്തകങ്ങൾ പൂജവച്ചു. നവരാത്രി വ്രത പുണ്യത്തിൽ ദുർഗാഷ്ടമി ദിനമായ ഇന്നലെ വൈകിട്ടാണു ക്ഷേത്രങ്ങളിലും വീടുകളിലും പൂജവയ്പ് നടന്നത്. മഹാനവമി ദിനമായ ഇന്ന് ആയുധ പൂജയാണ്. ആയുധങ്ങളെല്ലാം രാവിലെ പൂജയ്ക്കു വയ്ക്കും. വിജയദശമി ദിനമായ നാളെ രാവിലെയാണു പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭം. ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇത്തവണ വിദ്യാരംഭ ചടങ്ങ് നടത്തുന്നുണ്ട്. ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളിലെല്ലാം പൂജവയ്പിനു സൗകര്യം ഒരുക്കിയിട്ടുണ്ട്.

വിദ്യാർഥികളുടെ പേരുകൾ എഴുതിയ പുസ്തകക്കെട്ടുകൾ സരസ്വതി ദേവിക്കു മുന്നിൽ ഒരുമിച്ച് പൂജ വയ്ക്കുകയായിരുന്നു. പ്രത്യേക ദേവീ പൂജകളും നടക്കുന്നുണ്ട്. നവരാത്രിയുടെ അവസാന മൂന്നു ദിനം തിരക്കേറുമെന്നതിനാൽ പ്രധാന ക്ഷേത്രങ്ങളിലെല്ലാം തിരക്ക് നിയന്ത്രിച്ച് പ്രവേശനം അനുവദിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പത്മനാഭപുരം കൊട്ടാരക്കെട്ടിലെ ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിച്ച സരസ്വതി വിഗ്രഹം കുടിയിരുത്തിയ പത്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലെ നവരാത്രി മണ്ഡപത്തിൽ ദർശനത്തിനായി ഒട്ടേറെപ്പേരെത്തുന്നു.

ഇവിടെയും ക്ഷേത്രത്തിനുള്ളിലെ വ്യാസന്റെ മണ്ഡപത്തിലും കുട്ടികളെ എഴുത്തിനിരുത്തും. നഗരത്തിൽ പൂജപ്പുര സരസ്വതി മണ്ഡപം, ആറ്റുകാൽ ദേവി ക്ഷേത്രം, കരിക്കകം ചാമുണ്ഡി ക്ഷേത്രം, പുളിമൂടിനു സമീപം ഗാന്ധാരി അമ്മൻ കോവിൽ തുടങ്ങിയ പ്രധാന ദേവീ ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങ് നടക്കും. ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ എഴുത്തിനിരുത്ത് ഉണ്ടാവില്ലെന്നാണു ഔദ്യോഗിക അറിയിപ്പെങ്കിലും ക്ഷേത്രോപദേശക സമിതികളുടെ നേതൃത്വത്തിൽ പല ക്ഷേത്രങ്ങളിലും എഴുത്തിനിരുത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, കോട്ടയ്ക്കകം അഭേദാശ്രമം, ശിവഗിരി മഠം, അരുവിപ്പുറം മഠം, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം, തോന്നയ്ക്കൽ ആശാൻ സ്മാരകം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് എഴുത്തിനിരുത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രമുഖ വ്യക്തികളാണ് എല്ലായിടത്തും ആദ്യാക്ഷരം കുറിച്ചു കൊടുക്കാനെത്തുന്നത്. ഗ്രാമീണ മേഖലകളിലും ക്ഷേത്രങ്ങളിലെല്ലാം പൂജവയ്പും വിദ്യാരംഭവുമുണ്ട്

Leave a Reply

Latest News

കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതി അനുവദിക്കാമെന്ന് ഹൈകോടതി

കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതി അനുവദിക്കാമെന്ന് ഹൈകോടതി. ഈ ആവശ്യമുന്നയിച്ച് കൊല്ലം ജില്ല പൊലീസ് മേധാവി...

More News