Tuesday, January 18, 2022

ശിവഗിരി എസ്.എൻ. കോളേജിനു മുന്നിൽ ക്രിസ്മസ് ആഘോഷത്തിനിടെ അപകടം; അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് വിദ്യാർഥിനിക്കും ഓട്ടോ ഡ്രൈവർക്കും പരിക്ക്

Must Read

ശിവഗിരി എസ്.എൻ. കോളേജിനു മുന്നിൽ ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാർഥി അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് വിദ്യാർഥിനിക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർഥിനി കരുണ(19), ഓട്ടോ ഡ്രൈവർ മണമ്പൂർ പെരുംകുളം മംഗലത്ത് വീട്ടിൽ മോഹനൻനായർ(55) എന്നിവർക്കാണ് പരിക്കേറ്റത്. കാർ ഓടിച്ച കോളേജിലെ ബി.കോം. രണ്ടാംവർഷ വിദ്യാർഥികളായ അഭിജിത്ത്, അരുൺ, സായി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അഭിജിത്തിനെതിരേ കേസെടുത്തു.

വ്യാഴാഴ്ച രാവിലെ 10.20-ന് കോളേജിന്റെ കവാടത്തിനു സമീപം റോഡിലായിരുന്നു അപകടം. കോളേജിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഒരേനിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് വിദ്യാർഥികൾ വാഹനങ്ങളിൽ എത്തിയത്. ഗുരുകുലം ഭാഗത്തുനിന്ന്‌ നടയറ ഭാഗത്തേക്കു പോകുകയായിരുന്ന കാർ നിയന്ത്രണംതെറ്റി റോഡരികിൽ നിർത്തിയിരുന്ന ഓട്ടോറിക്ഷയുടെ പിന്നിലിടിക്കുകയാണുണ്ടായത്. ഓട്ടോ നീങ്ങി സമീപമുണ്ടായിരുന്ന സ്‌കൂട്ടറിലിടിക്കുകയും സ്‌കൂട്ടർ തട്ടി റോഡരികിൽനിന്ന വിദ്യാർഥിനി നിലത്തുവീഴുകയുമായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവർ മോഹനൻനായരുടെ ഇടതുകാലിന് മുറിവേറ്റു. വിദ്യാർഥിനിക്കും ചെറിയ പരിക്കേറ്റു. ഇരുവരെയും പുത്തൻചന്തയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ മുൻവശവും ഓട്ടോയുടെ പിൻഭാഗവും തകർന്നു.

വർക്കല പോലീസും മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. മനുഷ്യജീവന് അപകടമുണ്ടാക്കുന്നവിധം വാഹനം ഓടിച്ചതിനും പരിക്കേൽപ്പിച്ചതിനും പോലീസ് കേസെടുത്തു. കോളേജിൽ ഫ്രഷേഴ്‌സ് ഡേ നടത്തണമെന്ന ആവശ്യത്തെത്തുടർന്ന് വിദ്യാർഥികളും കോളേജ് അധികൃതരും തമ്മിൽ നവംബർ 25-ന് സംഘർഷമുണ്ടായിരുന്നു. തുടർന്ന് രണ്ടാഴ്ചത്തേക്ക് കോളേജ് അടച്ചിട്ടു. ഡിസംബർ ഒമ്പതിനാണ് വീണ്ടും തുറന്നത്. ക്രിസ്മസ് ആഘോഷം ക്ലാസ് മുറിയിൽമാത്രം നടത്താനാണ് അനുമതി നൽകിയിരുന്നതെന്ന് കോളേജ് അധികൃതർ അറിയിച്ചു.

Leave a Reply

Latest News

ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു

മുംബൈ: ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുംബൈ ഡോക്യാര്‍ഡിലാണ് സംഭവം.സ്ഥിതി ഗതികള്‍ നിയന്ത്രണവിധേയമാക്കിയതെന്ന് നേവി അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന്...

More News