Wednesday, July 28, 2021

ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളിയെ തെരുവുനായ കടിച്ചു; നഷ്ടപരിഹാരം തേടി പരാതി

Must Read

എടവണ്ണ: ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളിയെ തെരുവുനായ കടിച്ചു. എടവണ്ണ പത്തപ്പിരിയം പാണമ്പറ്റ രാമകൃഷ്ണനാണ് കടിയേറ്റത്. നഷ്ടപരിഹാരംതേടി ഇദ്ദേഹം പഞ്ചായത്തിലും റിട്ട. ജസ്റ്റിസ് എസ്. സിരിജഗൻ സമിതിയിലും പരാതി നൽകി. ബുധനാഴ്ച രാവിലെ 11 -ഓടെയാണ് സംഭവം.

പത്തപ്പിരിയം മൂർക്കളമലയിൽ തൊഴിലുറപ്പ് പ്രവൃത്തിയിലായിരുന്നു രാമകൃഷ്ണൻ. ചായകുടിക്കാനായി പുറത്തിറങ്ങിയപ്പോൾ സമീപപാതയിൽ നിന്നാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ഇടതുകൈയ്ക്ക് മുറിവേറ്റ രാമകൃഷ്ണൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പത്തപ്പിരിയം നെല്ലാണിയിലെ അനിൽകുമാറിനും തെരുവുനായയുടെ കടിയേറ്റു. ഫർണിച്ചർ നിർമാണശാലയിൽവെച്ചാണ് ഇദ്ദേഹത്തിന് കടിയേറ്റത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സതേടി.

വകുപ്പുണ്ട്, നഷ്ടപരിഹാരത്തിന്

തെരുവുനായയുടെ കടിയേറ്റാൽ പൗരന് നഷ്ടപരിഹാരം നൽകാൻ തദ്ദേശ സ്ഥാപനങ്ങൾക്കും സർക്കാരിനുമാണ് ബാധ്യത. ഇതുസംബന്ധിച്ച് പരാതികൾ സമർപ്പിക്കാൻ സുപ്രീംകോടതി വിധിപ്രകാരം നിലവിൽവന്ന സമിതിയുണ്ട്. റിട്ട. ജസ്റ്റിസ് സിരിജഗൻ സെക്രട്ടറിയായുള്ള സമിതിയാണിത്. പരാതി എഴുതിയോ അച്ചടിച്ചോ നൽകാം. ലീഗൽ സർവീസ് അതോറിറ്റി മുഖേനയും സമർപ്പിക്കാം.

പേര്, വിലാസം, ഫോൺ നമ്പർ, കടിയേറ്റ സ്ഥലം ഏത് തദ്ദേശ സ്ഥാപനത്തിന്റെ പരിധിയിൽ എന്നീ വിവരങ്ങളുണ്ടാകണം. ചികിത്സാരേഖകൾ (മൂന്ന് പകർപ്പുകൾ) കൂടെ വെക്കണം. വാഹനങ്ങൾക്കോ സ്വത്തിനോ കേടുപാടുകൾ സംഭവിച്ചാൽ അറ്റകുറ്റപ്പണികളുടെ ബില്ലും ഇതോടൊപ്പം സമർപ്പിക്കണം. സംഭവം നടന്ന തദ്ദേശ സ്ഥാപനത്തിൽനിന്ന് സമിതി വിശദീകരണം തേടും. വളർത്തുനായ്ക്കൾ സമിതിയുടെ പരിഗണനയിൽപ്പെടില്ല.

പരാതി നൽകിയത് ബോധവത്കരണത്തിനും

തെരുവുനായയുടെ കടിയേറ്റാൽ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകണമെന്ന് പലർക്കും അറിയില്ല. ബോധവത്കരണത്തിന്റെ ഭാഗമായും പരാതിയെ കാണുന്നു. തൊഴിൽ നഷ്ടവും സാമ്പത്തികനഷ്ടവും മാനസിക പ്രയാസങ്ങളും കണക്കിലെടുത്ത് നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.- പാണമ്പറ്റ രാമകൃഷ്ണൻ

നടപടിക്ക് നിർദേശിക്കും

പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാൻ നിർദേശിക്കും. തെരുവുനായ്ക്കളെ വന്ധ്യംകരിക്കൽ പദ്ധതിയിലേക്ക് പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞവർഷം ഒരുലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.- ടി. അഭിലാഷ്, പഞ്ചായത്ത് പ്രസിഡന്റ്

Leave a Reply

Latest News

സംസ്ഥാാനത്തേക്ക്ഇന്ന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സിൻ എത്തിക്കും

കൊച്ചി: സംസ്ഥാാനത്തേക്ക്ഇന്ന് അഞ്ച് ലക്ഷം ഡോസ് കോവിഡ് വാക്സിൻ എത്തിക്കും. കോവീഷീൽഡ് വാക്സിനാണ് ഇന്ന് എറണാകുളത്ത് എത്തിക്കുക. നാളെയോടെ മറ്റ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും. അതേസമയം...

More News