പത്തനംതിട്ട: ഡയറക്ടര്‍ ബോര്‍ഡ് രൂപീകരണം വൈകുന്നത് മൂലം സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. സര്‍ക്കാരുകള്‍ എഴുതി തള്ളിയ വായ്പകളുടെ അടക്കം 230 കോടിയോളം രൂപ ബോര്‍ഡിന് കിട്ടാനുണ്ട്.
സീറോ ബാലന്‍സ് അക്കൗണ്ടില്‍ പ്രവര്‍ത്തിക്കുകയാണ് ഭവന നിര്‍മാണ ബോര്‍ഡ്. വിരമിച്ചവര്‍ക്കുള്ള പെന്ഷന്, മറ്റ് ആനുകൂല്യങ്ങള്‍, ജീവനക്കാര്‍ക്കുള്ള ശമ്പളം എന്നിവ മുടങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 60 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു ലഭിച്ചില്ലെങ്കില്‍ പുതുവര്‍ഷത്തില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങും.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പുനഃസംഘടിപ്പിക്കാത്ത ചുരുക്കം ചില ബോര്‍ഡുകളില്‍ ഒന്നാണിത്. സി.പി.ഐയ്ക്കാണ് ചെയര്മാന് സ്ഥാനം. സാമ്പത്തിക സ്ഥിതികാരണം ബോര്‍ഡിന്റെ ചെയര്മാന് സ്ഥാനം ഏറ്റെടുക്കാന്‍ പലര്‍ക്കും വിമുഖതയാണ്.
നിലവിലെ കൃഷിമന്ത്രി പി. പ്രസാദായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബോര്‍ഡ് ചെയര്മാന്. സി.പി.എം നേതൃത്വത്തിലുള്ള തൊഴിലാളി യൂണിയന് ഈ ബോര്‍ഡിനെതിരേ പരസ്യമായി രംഗത്തു വന്നിരുന്നു.