തിരുവനന്തപുരം: രാഷ്ടീയ കക്ഷികളോ സ്ഥാനാർത്ഥികളോ ഏതെങ്കിലും പൊതുസ്ഥലമോ സ്വകാര്യസ്ഥലമോ പരസ്യങ്ങൾ സ്ഥാപിച്ചോ മുദ്രാവാക്യങ്ങൾ എഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാൽ അവ ഉടൻ നീക്കംചെയ്യാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നോട്ടീസ് നൽകണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.
നോട്ടീസ് ലഭിച്ചിട്ടും നീക്കംചെയ്തില്ലെങ്കിൽ അവ നീക്കംചെയ്യുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നടപടി സ്വീകരിക്കുകയും അതിന് വേണ്ടിവരുന്ന ചെലവ് ബന്ധപ്പെട്ട സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് ചേർക്കുകയും ചെയ്യണം. ഏതെങ്കിലും പൊതുസ്ഥലത്ത് പരസ്യങ്ങളും ബോർഡുകളും മറ്റ് പ്രചാരണോപാധികളും സ്ഥാപിക്കുന്നതിന് തടസ്സമില്ലെങ്കിൽ അവിടെ എല്ലാ രാഷ്ട്രീയ കക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും തുല്യ അവസരം നൽകണം.
ഏതെങ്കിലും പ്രത്യേക കക്ഷിക്കോ സ്ഥാനാർത്ഥിക്കോ മാത്രമായി ഒരു പൊതുസ്ഥലവും നീക്കിവച്ചിട്ടില്ലെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഉറപ്പുവരുത്തണം. പൊതുജനങ്ങൾക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തിൽ പ്രചാരണ സാമഗ്രികൾ (കൊടി, ബാനർ, പോസ്റ്റർ, കട്ടൗട്ട് തുടങ്ങിയവ) സ്ഥാപിക്കാൻ പാടില്ല. പരസ്യങ്ങൾക്ക് വേണ്ടിവരുന്ന ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഉൾപ്പെടുത്തേണ്ടതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.
English summary
State Election Commissioner V.S. Bhaskaran