തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ.
ടി.പി ചന്ദ്രശേഖരനെ ക്രൂരമായി കൊന്ന കേസിലെ പ്രതിയായ കുഞ്ഞനന്തനെ പുറത്തിറക്കാനും, മറുവശത്ത് മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീറിന്റെ മരണത്തിന് കാരണക്കാരനായ ശ്രീറാം വെങ്കിട്ടരാമനെ ധൃതി പിടിച്ച് സർവീസിൽ തിരിച്ച് കൊണ്ടു വരാൻ കൊറോണകാലത്തെ ജാഗ്രത ഏറ്റവും കൂടുതൽ വേണ്ട ദിവസങ്ങളിലൊന്ന് തന്നെ തിരഞ്ഞെടുത്തെന്ന് ഷാഫി പറഞ്ഞു.
ഇതുവഴി മുഖ്യമന്ത്രി ജനതയുടെ അവസ്ഥകളെ ചൂഷണം ചെയ്യുകയാണെന്നും ഷാഫി കുറ്റപ്പെടുത്തി. ഫേയ്സ്ബുക്ക് പോസ്റ്റിലാണ് ഷാഫി മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്റ് ഇട്ടത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
#കുഞ്ഞനന്തൻ_പുറത്തും
#ശ്രീറാം_വെങ്കിട്ടരാമൻ_അകത്തും –
പിണറായി വിജയന്റെ “Love in the time of corona “
Gabriel Garcia Marquez ന്റെ പ്രസിദ്ധ നോവലാണ് “Love in time of Cholera”. വിവാഹിതയായ Fermina Daza എന്ന യുവതിയുടെ ഭർത്താവ് മരിക്കാൻ 50 വർഷം കാത്തിരുന്ന Florentino Ariza എന്ന കഥാപാത്രത്തെ ഓർമ്മ വരികയാണ് സർക്കാരിന്റെ തീരുമാനങ്ങൾ കാണുമ്പോൾ .
ഒരു വശത്ത് ടി.പി ചന്ദ്രശേഖരനെ ക്രൂരമായി കൊന്ന കേസിലെ പ്രതിയായ കുഞ്ഞനന്തനെ പുറത്തിറക്കാനും , മറുവശത്ത് KM ബഷീറെന്ന പാവം മാധ്യമ പ്രവർത്തകന്റെ മരണത്തിന് കാരണക്കാരനായ ശ്രീറാം വെങ്കിട്ടരാമനെ ധൃതി പിടിച്ച് സർവീസിൽ തിരിച്ച് കൊണ്ടു വരാനും കൊറോണകാലത്തെ ഏറ്റവും ഭീതിജനകമായ,ജാഗ്രത ഏറ്റവും കൂടുതൽ വേണ്ട ദിവസങ്ങളിലൊന്ന് തന്നെ തിരഞ്ഞെടുക്കുക .
ഇത് ചൂഷണമാണ് .
ഒരു ജനത സ്വന്തം ജീവനിൽ ഭയം തോന്നി കഴിയുന്ന കാലത്ത് , മാധ്യമങ്ങളുടെ സ്പേസും മാധ്യമ പ്രവർത്തകരുടെ വിശ്രമമില്ലാത്ത അദ്ധ്വാനവും പൂർണ്ണമായും ജാഗ്രതക്കും മുൻകരുതലുകൾക്കും അതിന് വേണ്ടിയുള്ള നടപടികൾക്കും കൊറോണ വാർത്തകൾക്കും വേണ്ടി നീക്കി വെച്ചിരിക്കുന്ന സമയത്ത് , നിയമസഭാ സമ്മേളനങ്ങളും ചോദ്യങ്ങളും ഉത്തരങ്ങളും , പ്രതിപക്ഷ സമരങ്ങളുമെല്ലാം മാറ്റി വെക്കപ്പെട്ട ഒരു കാലത്ത് , സ്വന്തം അജണ്ടകൾ ഒളിച്ച് കടത്താൻ ശ്രമിക്കുന്ന മുഖ്യമന്ത്രി ജനതയുടെ അവസ്ഥകളെ ചൂഷണം ചെയ്യുകയാണ് . ഇംഗിതങ്ങൾ നടപ്പിലാക്കാൻ ദുരന്തത്തെ മറയാക്കൽ ഒരു മുഖ്യമന്ത്രിക്ക് ചേർന്ന നടപടിയല്ല .
വിമർശനങ്ങൾക്ക് വിലക്കും , രാഷ്ട്രീയം പറയരുതെന്ന് തിട്ടൂരവും എന്തിനായിരുന്നു എന്ന് ഇത്തരം തീരുമാനങ്ങൾ ബോദ്ധ്യപ്പെടുത്തുന്നുണ്ട് .