Thursday, December 2, 2021

പട്ടികജാതി വിഭാഗത്തിൽപ്പെട്ട സോപാന ഗായകനെ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ ഉപദ്രവിക്കുന്നതായി ആരോപിച്ച് ജോലി ഉപേക്ഷിക്കാനൊരുങ്ങുന്നു

Must Read

കൊച്ചി: പട്ടികജാതി വിഭാഗത്തിൽപ്പെട്ട സോപാന ഗായകനെ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ ഉപദ്രവിക്കുന്നതായി ആരോപിച്ച് ജോലി ഉപേക്ഷിക്കാനൊരുങ്ങുന്നു. കൊച്ചി ദേവസ്വം ബോർഡിനു കീഴിലെ ചേരാനെല്ലൂർ കാർത്ത്യായനി ഭഗവതി ക്ഷേത്രത്തിലെ സോപാന ഗായകൻ ഡി. വിനിൽ ദാസാണ് ജോലി ഉപേക്ഷിക്കാനൊരുങ്ങുന്നത്. കൊച്ചി ദേവസ്വം ബോർഡിന് കീഴിൽ പട്ടികജാതി വിഭാഗത്തിൽ നിന്ന് നിയമിതനായ ആദ്യ ഉദ്യോഗാർഥിയാണ് വിനിൽ ദാസ്.

2019 ജൂലായിലാണ് വിനിൽദാസ് ചേരാനല്ലൂർ കാർത്ത്യായനി ഭഗവതി ക്ഷേത്രത്തിലെ സോപാന ഗായകനായി ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളുടെ തുടർച്ചയായ ജാതീയ അധിക്ഷേപവും ഉപദ്രവും ഏൽക്കേണ്ടി വരുകയും ചെയ്തിരുന്നു. ഇതിനിടെ പട്ടികജാതിക്കാരനായ വിനിൽ ദാസിന് ക്ഷേത്രത്തിനകത്ത് സോപാന വിലക്ക് ഏർപ്പെടുത്തുകയും അത് വിവാദമായിരുന്നു. ഇതേത്തുടർന്ന് ക്ഷേത്ര ഉപദേശക സമിതി രാജിവെക്കുകയും കോടതി ഇടപെടലുകളിലൂടെ വിനിൽ ദാസ് ജോലിയിൽ തിരിച്ചെത്തുകയുമായിരുന്നു. അതേസമയം വിനിൽദാസിനെ ഇപ്പോൾ സ്ഥലം മാറ്റിയിരിക്കുകയാണ് ദേവസ്വം ബോർഡ്.

സോപാന വിലക്കേർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഫെബ്രുവരി അഞ്ചിനാണ് ക്ഷേത്രഉപദേശക സമിതി രാജി വെക്കുന്നത്. തുടർന്ന് ആറാം തീയത് ഇവർ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് ഒരു ഭക്തന്റെ പരാതി വിനിൽ ദാസ് ദേവസ്വംബോർഡ് ഓഫീസറിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ 31ാം തീയതി കൗണ്ടർ ഡ്യൂട്ടിയിൽ നിന്ന് വിനിൽദാസിനെ മാറ്റുകയായിരുന്നു. ബാങ്ക് തിരിമറിയടക്കമുള്ള കാര്യങ്ങൾ ദേവസ്വംബോർഡിനെ അറിയിച്ചതോടെയാണ് തനിക്കെതിരേ വീണ്ടും അധിക്ഷേപങ്ങൾ നടത്തുകയും സ്ഥലംമാറ്റുകയും ചെയ്തിരിക്കുന്നതെന്നാണ് വിനിൽദാസ് ആരോപിക്കുന്നത്.

ക്ഷേത്ര ഉപദേശക സമിതിയിലെ ചില ജീവനക്കാരാണ് ഇത്തരത്തിൽ ഉപദ്രവിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും ജോലിയിൽ തുടരാനുള്ള മാനസികാവസ്ഥയിലല്ല ഞാൻ. അധികാരവും സമ്പത്തുമുള്ളവരാണ് അവർ. എന്നെ അപായപ്പെടുത്തുമോ എന്ന ഭയം എനിക്കുണ്ട്. അതിനാൽ ജോലി ഉപേക്ഷിക്കുകയല്ലാതെ എന്റെ മുന്നിൽ മറ്റ് മാർഗങ്ങളൊന്നുമില്ല. ജോലിയിൽ എന്തെങ്കിലും വീഴ്ച വരുകയോ എന്റെ ഭാഗത്ത് നിന്ന് മറ്റ് തെറ്റുകളോ ഉണ്ടായിട്ടുണ്ടെങ്കിൽ ഇത്തരമൊരു നടപടി സ്വീകരിച്ചാൽ പ്രശ്നമില്ലായിരുന്നു. എന്നാൽ ഇത്തരത്തിൽ യാതൊരു വീഴ്ചയും വരുത്താതെ തനിക്കെതിരേ നടപടിയെടുത്തതിൽ വിഷമമുണ്ട് – വിനിൽ ദാസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ് വിനിൽ ദാസ്.

ഞാൻ സോപാനം വായിച്ചിരുന്നതിനാൽ അവിടുത്ത ഉന്നതജാതിയിൽപ്പെട്ട ഒരാൾ ക്ഷേത്രത്തിൽ വരാറില്ലായിരുന്നുവെന്നും ഇപ്പോൾ ഞാൻ ഇല്ലാത്തതിനാൽ ക്ഷേത്രത്തിൽ വരുന്നുണ്ടെന്നുമെല്ലാമാണ് അറിയുന്നത്. പത്ത് വർഷമായി തുടരുന്ന ജീവനക്കാർക്കൊന്നും ബാധകമാകാത്ത സ്ഥലംമാറ്റമാണ് തന്റെ കാര്യത്തിൽ ഉണ്ടായിട്ടുള്ളതെന്നും മൂന്നു വർഷത്തേക്ക് മാറ്റം പാടില്ലെന്ന കോടതിയുടെ താത്കാലിക ഉത്തരവിന്റെ ലംഘനമാണിതെന്നും വിനിൽ ദാസ് ആരോപിക്കുന്നു. ഇത്തരമൊരു സ്ഥലംമാറ്റ നടപടിക്ക് പിന്നിൽ ഭരണകക്ഷിയുടെ പ്രാദേശിക നേതാക്കളിൽ ചിലരുടെ ഒത്താശയുണ്ടെന്നും മുമ്പ് ഉപദേശക സമിതിയിൽ ഉണ്ടായിരുന്ന ചിലരെ തിരികെ കൊണ്ടുവരുന്നതിനാണിതെന്നും വിനിൽ ദാസ് ആരോപിക്കുന്നു.

അതേസമയം മുൻക്ഷേത്രഉപദേശക സമിതി അംഗങ്ങൾ തനിക്കെതിരേ നടത്തുന്ന അതിക്രമങ്ങൾക്കെതിരേ കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും വിനിൽദാസ് പറഞ്ഞു.

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News