ആലപ്പുഴ ∙ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ മകൻ അറസ്റ്റിൽ. വട്ടയാൽ വട്ടത്തിൽ വീട്ടിൽ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിനയെ (62) കൊലപ്പെടുത്തിയ കേസിൽ മകൻ സുനീഷിനെയാണ് (37) സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. അപകടം സംഭവിച്ചുവെന്ന നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഫിലോമിന മരിച്ചത്. കഴിഞ്ഞ 5ന് ആയിരുന്നു സംഭവം. 12നു മരിച്ചു.
കൊലപാതകമാണെന്നു സംശയിക്കുന്നതായി സ്പെഷൽ ബ്രാഞ്ച് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. വീട്ടിലുണ്ടായ അപകടത്തിൽ തലയ്ക്കു പരുക്കേറ്റുവെന്നായിരുന്നു ബന്ധുക്കളിൽ ചിലരുടെ വാദം. സ്വാഭാവിക മരണമല്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. തലയിൽ ശക്തമായി അടിയേറ്റതായും ആഴമുള്ള മുറിവാണ് മരണകാരണമെന്നും ആയിരുന്നു റിപ്പോർട്ട്.
പൊലീസ് അന്വേഷണം തുടങ്ങിയതോടെ സുനീഷ് ഒളിവിൽ പോയി. സംസ്കാരച്ചടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു ശേഷം കൂടുതൽപേരെ ചോദ്യം ചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്നു പൊലീസ് ഉറപ്പിച്ചത്. തുടർന്നായിരുന്നു അറസ്റ്റ്. മദ്യപിച്ചെത്തിയപ്പോൾ അമ്മ വഴക്കുപറഞ്ഞുവെന്നും സ്വബോധമില്ലാതെ തടിക്കഷണം കൊണ്ട് അമ്മയുടെ തലയിൽ അടിക്കുകയായിരുന്നുവെന്നും സുനീഷ് പൊലീസിനു മൊഴി നൽകി. കൊലപാതകം മറച്ചുവയ്ക്കാൻ ശ്രമിച്ച ബന്ധുക്കൾക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു
English summary
Son arrested for beheading mother