കഴിഞ്ഞ ദിവസം വാങ്ങിയ താറാവിന്റെ നടത്തത്തിൽ എന്തോ അപാകത; അടുത്ത് ചെന്ന് നോക്കിയപ്പോൾ താറാവിന് രണ്ടല്ല, നാല് കാലുകൾ; കൗതുകമായി ഹരിപ്പാടിലെ സാബുവിന്റെ താറാവ്

0

ആലപ്പുഴ: കർഷകൻ വളർത്താൻ വാങ്ങിയ താറാവിന് നാല് കാലുകൾ. പള്ളിപ്പാട് കുരീത്തറ പുത്തൻപുരയിൽ സാബു യോഹന്നാൻ വാങ്ങിയ താറാവിനാണ് നാല് കാലുകൾ ഉള്ളത്. ചെന്നിത്തലയിലെ ഹാച്ചറിയിൽ നിന്നുമാണ് സാബു താറാവിനെ വാങ്ങിയത്.

8,000 താറാവുകളെയാണ് സാബു ഹാച്ചറിയിൽ നിന്നും വളർത്തുന്നതിനായി വാങ്ങിയത്. ഇതിൽ ഒരു താറാവ് നടക്കുന്നതിൽ എന്തോ അപാകതയുണ്ടെന്ന് തിരിച്ചറിഞ്ഞ സാബു അടുത്ത് ചെന്ന് നോക്കിയപ്പോളാണ് നാല് കാലുകൾ ഉള്ള വിവരം സാബുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. 14 ദിവസം പ്രായമായ താറാവാണിതെന്നാണ് സാബു പറയുന്നത്.

താറാവിന്റെ മുൻഭാഗത്തെ രണ്ട് കാലുകൾ സാധാരണ രീതിയിലാണുള്ളത്. മറ്റ് രണ്ടെണ്ണം പിന്നിലായി ചിറകിനോട് ചേർന്നാണുള്ളത്. ഇതിന് നടക്കുന്നതിനും തീറ്റ തിന്നുന്നതിനും ഒന്നും ബുദ്ധിമുട്ടുകളില്ല. മറ്റ് താറാവുകൾക്കൊപ്പമാണ് ഇതിനെയും പരിപാലിക്കുന്നതെന്ന് സാബു കൂട്ടിച്ചേർത്തു. പരമ്പരാഗതമായി താറാവ് വളർത്തുന്ന കുടുംബമാണ് സാബുവിന്റേത്. ഇത്തരത്തിൽ നാല് കാലുകളുള്ള താറാവിനെ ഇത് വരെയും കണ്ടിട്ടില്ലെന്നും സംഭവം അക്ഷാരാർത്ഥത്തിൽ ഞെട്ടിച്ചുവെന്നും സാബു വ്യക്തമാക്കി. മൃഗങ്ങളിലേതിന് സമാനരീതിയിൽ അത്യപൂർവ്വമായി പക്ഷികളിലും ഇങ്ങനെ പ്രത്യേകതകൾ കാണാറുണ്ടെന്ന് തിരുവല്ലയിലെ പക്ഷിരോഗ കേന്ദ്രത്തിലെ ഡോ. മഹേഷ് പറയുന്നു.

Leave a Reply