റഷ്യയിലുള്ള ആരെങ്കിലും പുട്ടിനെ കൊല്ലണം: ആഹ്വാനവുമായി യുഎസ് സെനറ്റർ

0

വാഷിങ്ടൻ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ ആരെങ്കിലും കൊലപ്പെടുത്തണമെന്ന ആഹ്വാനവുമായി യുഎസ് സെനറ്റർ. റഷ്യയിലുള്ള ആരെങ്കിലും പുട്ടിനെ കൊല്ലണമെന്നു വ്യാഴാഴ്ച വൈകിട്ട് ഒരു ചാനൽ അഭിമുഖത്തിൽ യുഎസ് സെനറ്ററായ ലിൻഡ്സെ ഗ്രഹാം ആവശ്യപ്പെട്ടു. ഇത് എങ്ങനെ അവസാനിക്കും? റഷ്യയിലുള്ള ആരെങ്കിലും മുന്നിലേക്കു വരണം, പുടിനെ ഇല്ലാതാക്കണം– ഫോക്സ് ന്യൂസ് ടിവിയോട് ലിൻഡ്സെ ഗ്രഹാം പറഞ്ഞു.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശമാണ് യുഎസ് സെനറ്ററെ പ്രകോപിപ്പിച്ചത്. ‘റഷ്യയിലെ ജനത്തിനു മാത്രമായിരിക്കും ഈ പ്രശ്നം പരിഹരിക്കാനാകുക. റഷ്യയിൽ ഒരു ബ്രൂട്ടസ് ഉണ്ടാകുമോ?’– ജൂലിയസ് സീസറിന്റെ കൊലപാതകിയുടെ പേരു കൂടി ചേർത്ത് സെനറ്റർ പറഞ്ഞു. അങ്ങനെ ചെയ്താൽ രാജ്യത്തിനും ലോകത്തിനുമുള്ള വലിയൊരു സേവനമായിരിക്കും അതെന്നും സെനറ്റർ അവകാശപ്പെട്ടു.

യുഎസ് കോൺഗ്രസിൽ കഴിഞ്ഞ 20 വർ‌ഷത്തോളം പ്രവർത്തിക്കുന്ന സെനറ്റർ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായി ആയിരുന്നു. പുട്ടിനും അദ്ദേഹത്തിന്റെ സൈനിക കമാൻഡർമാരും യുക്രെയ്നിൽ നടത്തുന്ന ‘യുദ്ധ കുറ്റകൃത്യങ്ങൾക്കും മനുഷ്യത്വത്തിനെതിരായ നടപടികൾ‌ക്കുമെതിരെ’ ലിൻഡ്സെ ഗ്രഹാം പ്രമേയം അവതരിപ്പിച്ചിരുന്നു.

Leave a Reply