ഇന്റര്‍നെറ്റിന്റെ പ്രവര്‍ത്തനത്തില്‍ സമീപ ഭാവിയില്‍ത്തന്നെ സാരമായ മാറ്റം ഉണ്ടാക്കിയേക്കാവുന്ന നീക്കവുമായി ചില യുഎസ് സെനറ്റര്‍മാര്‍ രംഗത്തത്തി

0

ഇന്റര്‍നെറ്റിന്റെ പ്രവര്‍ത്തനത്തില്‍ സമീപ ഭാവിയില്‍ത്തന്നെ സാരമായ മാറ്റം ഉണ്ടാക്കിയേക്കാവുന്ന നീക്കവുമായി ചില യുഎസ് സെനറ്റര്‍മാര്‍ രംഗത്തത്തി. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും സെനറ്റര്‍മാര്‍ സംയുക്തമായി നടത്തുന്ന നീക്കം ടെക്‌നോളജി ഭീമന്‍ ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും ഇപ്പോഴത്തെ പ്രവര്‍ത്തനത്തെ നിയന്ത്രിച്ചേക്കാം. ഇത് മൊത്തം ഇന്റര്‍നെറ്റിനെയും നിലവിലുള്ള കീഴ്‌വഴക്കങ്ങളെയും ബാധിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. ഗൂഗിളിന്റെ കീഴിലുള്ള യൂട്യൂബ് തുടങ്ങിയ വിഭാഗങ്ങളെ വേറിട്ട കമ്പനികളാക്കിയക്കാം. ഈ നീക്കം ഫെയ്‌സ്ബുക്കിനെയും ബാധിച്ചേക്കാമെന്ന് ദ് വാള്‍ സ്ട്രീറ്റ് ജേണല്‍, സിഎന്‍ബിസി തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ചിലപ്പോള്‍ യൂട്യൂബില്‍ നിന്നു വരുമാനം ഉണ്ടാക്കുന്നവര്‍ക്കും ഗൂഗിള്‍ ആഡ്‌സില്‍ നിന്ന് വരുമാനമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.

∙ തകര്‍ക്കാനുദ്ദേശിക്കുന്നത് ഗൂഗിളിന്റെ ഏറ്റവും വലിയ ബിസിനസ്

നിലവിലെ ഇന്റര്‍നെറ്റ് ഒരു ഡബിൾഹോഴ്സ് (ഇരട്ടക്കുതിര) ഓട്ടമാണ്. ഡിജിറ്റല്‍ പരസ്യ വരുമാനം പ്രധാനമായും ഗൂഗിളും ഫെയ്‌സ്ബുക്കും പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നത്. ഇതിനൊരു മാറ്റമുണ്ടാക്കാനാണ് സെനറ്റര്‍മാരുടെ ഉദ്ദേശം. അതേസമയം, നീക്കം വിജയിച്ചാല്‍ അത് ലോകമെമ്പാടുമുള്ള പല ബിസിനസുകളെയും ബാധിച്ചേക്കാമെന്ന് ഗൂഗിളും പ്രതികരിച്ചു. ഗൂഗിളിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗം സേര്‍ച്ചോ യൂട്യൂബോ ഒന്നുമല്ല – ഡിജിറ്റല്‍ പരസ്യങ്ങളാണ്. ഇന്റര്‍നെറ്റിലെ പരസ്യങ്ങളുടെ നിയന്ത്രണം ഗൂഗിളിന്റെ കയ്യിലാണിപ്പോള്‍. ഇതിനെതിരെയാണ് യുഎസ് സെനറ്റില്‍ ഇപ്പോള്‍ അവതരിപ്പിക്കുന്ന കോംപറ്റീഷന്‍ ആന്‍ഡ് ട്രാന്‍സ്പെരന്‍സി ഇന്‍ ഡിജിറ്റല്‍ അഡ്വർടൈസിങ് ആക്ട് ബില്‍. ഗൂഗിളിന്റെ കുത്തക തകര്‍ക്കാനായി കൊണ്ടുവന്നിരിക്കുന്ന ബില്‍ അവതരിപ്പിക്കുന്നതിനു മുന്നില്‍ നില്‍ക്കുന്നത് സെനറ്റര്‍മാരായ മൈക് ലീ, ടെഡ് ക്രൂസ്, എയ്മി കൊബുച്ചാര്‍, റിചഡ് ബ്ലമെന്താള്‍ തുടങ്ങിയവരാണ്.
∙ എന്താണ് ബില്ലിലുള്ളത്?
രണ്ടു തരം നിയമങ്ങളാണ് ബില്ലില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ഒന്ന് പ്രതിവര്‍ഷം 2000 കോടി ഡോളറിലേറെ പരസ്യങ്ങളില്‍നിന്ന് വരുമാനം ഉണ്ടാക്കുന്ന കമ്പനികളെ ഉദ്ദേശിച്ചുള്ളതും രണ്ടാമത്തേത് പ്രതിവര്‍ഷം 500 കോടി ഡോളര്‍ പരസ്യങ്ങളില്‍നിന്ന് ലഭിക്കുന്ന കമ്പനികളെ ഉദ്ദേശിച്ചുമാണ്. ഇരു വിഭാഗങ്ങളിലും ഗൂഗിള്‍ പെടും. ഫെയ്‌സ്ബുക് അടക്കമുള്ള മറ്റു കമ്പനികള്‍ക്കും നിയമം ബാധകമായിരിക്കാം.
∙ ഏകാധിപത്യം പൊളിക്കാന്‍ സെനറ്റര്‍മാര്‍

ഇന്റര്‍നെറ്റിലെ പരസ്യങ്ങളില്‍ ഏറിയ പങ്കും ഗൂഗിളിന്റെ കൈകളിലൂടെയാണ് വില്‍ക്കപ്പെടുന്നത്. ഈ ബിസിനസ് രീതിയില്‍ ഒരുപാട് പാളിച്ചകളുണ്ടെന്നാണ് സെനറ്റര്‍മാരുടെ വാദം. ഗൂഗിൾ ഏകാധിപത്യം നിലനിര്‍ത്തുന്നത് ഇങ്ങനെയാണെന്നും അവര്‍ ആരോപിക്കുന്നു. ആളുകളുടെ ഡേറ്റ തത്സമയ ലേലം വിളി നടത്തുന്ന ഗൂഗിളിനെതിരെ ആന്റിട്രസ്റ്റ് നീക്കം പിന്നാലെ വന്നേക്കാം.
ഗൂഗിള്‍ നടത്തുന്നത് വന്‍ സ്വകാര്യതാ ലംഘനമാണ്– റിപ്പോർട്ട് ഇവിടെ വായിക്കാം: https://bit.ly/3PQ6Q9F
∙ ഗൂഗിള്‍ കൊഞ്ഞനംകുത്തുന്നു
ഗൂഗിള്‍ ആണ് കൂടുതൽ പരസ്യങ്ങള്‍ വില്‍ക്കുന്നത്, അവര്‍ തന്നെയാണ് വളരെയധികം പരസ്യങ്ങള്‍ വാങ്ങുന്നതും എന്നതാണ് ഇതിലെ രസകരമായ കാര്യം. ഇത് അവര്‍ക്ക് അനുചിതമായ ഗുണം ഉണ്ടാക്കിക്കൊടുക്കുന്നു എന്ന് സെനറ്റര്‍ മൈക് പറയുന്നു. ഇത്തരം എല്ലാ തൊപ്പികളും ഒരു കമ്പനിക്ക് ഒരേസമയം ധരിക്കാന്‍ സാധിക്കുമ്പോള്‍ അവര്‍ക്ക് മറ്റെല്ലാവരെയും ഉപദ്രവിക്കാന്‍ സാധിക്കുന്നു എന്നും മൈക് ജേണലിനോടു പറഞ്ഞു. ബില്‍ പാസായാല്‍ ഗൂഗിള്‍ ഇപ്പോള്‍ പിന്തുടരുന്ന ബിസിനസ് രീതി പൊളിക്കേണ്ടതായി വന്നേക്കാം. ഡിജിറ്റല്‍ പരസ്യ ബിസിനസിന്റെ വലിയ ഭാഗവും വിട്ടുകൊടുക്കേണ്ടി വരും. സേര്‍ച്ച്, യൂട്യൂബ് പരസ്യ നെറ്റ്‌വര്‍ക്ക് തുടങ്ങിയവ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ നിലനില്‍ക്കണം എന്നില്ല.
∙ ഈ വര്‍ഷം ആദ്യ പാദത്തില്‍ മാത്രം ഗൂഗിളിനു വരുമാനം 5470 കോടി ഡോളർ
ഗൂഗിളിന് 2022 ആദ്യ പാദത്തില്‍ പരസ്യ വരുമാനമായി ലഭിച്ചത് 5470 കോടി ഡോളറാണ്. ഇതിനു തൊട്ടു മുന്നിലെ പാദത്തില്‍ കമ്പനിക്ക് 4470 കോടി ഡോളറായിരുന്നു കിട്ടിയത്. ഇവ തമ്മിലുള്ള വ്യത്യാസം 22 ശതമാനമാണ്. പരസ്യം വില്‍ക്കുന്ന ആളും വാങ്ങുന്ന ആളും ഗൂഗിള്‍ തന്നെയാകുമ്പോള്‍ ഉള്ള പൊരുത്തക്കേടാണ് സെനറ്റര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. പുതിയ ബില്‍ പാസായാല്‍ ഗൂഗിളിന് രണ്ടില്‍ ഒന്നു തിരഞ്ഞെടുക്കാന്‍ ആയിരിക്കും അനുമതി ലഭിക്കുക. ഒന്നുകില്‍ പരസ്യ ദാതാവ് അല്ലെങ്കില്‍ പരസ്യം വാങ്ങുന്ന കമ്പനി.

Leave a Reply