തിരുവനന്തപുരം:മാസങ്ങൾക്കുശേഷം ബി.ജെ.പി.യിലേക്കുള്ള മടങ്ങിവരവ് ശോഭനമാക്കി ശോഭാ സുരേന്ദ്രൻ. സെക്രട്ടേറിയറ്റ് പടിക്കൽ ദിവസങ്ങളായി സമരം ചെയ്യുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 48 മണിക്കൂർ ഉപവസിച്ച ശോഭ ഉദ്യോഗാർഥികളുടെ പ്രതിനിധികളുമായി ഗവർണറെ കണ്ടത് മടങ്ങിവരവിന് കരുത്തും ഊർജവും പകരുന്ന അപ്രതീക്ഷിത നീക്കമായി.
പാർട്ടി വൈസ് പ്രസിഡന്റുകൂടിയായ ശോഭ ഒറ്റയ്ക്കു പ്രഖ്യാപിച്ചു നടത്തിയ സമരത്തോട് അകലംപാലിച്ചു നിൽക്കുകയായിരുന്നു ബി.ജെ.പി. നേതൃത്വം. നേതാക്കളാരും സമരപ്പന്തലിൽ എത്തിയില്ല. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയുടെ സാന്നിധ്യത്തിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോട് സമരത്തെപ്പറ്റി പറഞ്ഞിട്ടുണ്ടായിരുന്നെന്നാണ് ശോഭയോട് അടുപ്പമുള്ളവർ പറയുന്നത്. എന്നാൽ, പാർട്ടി അവഗണിക്കുമെന്ന് അവർ കരുതിയതേയില്ല. സമരവും ഗവർണറെ കാണലും നേതൃത്വത്തെ അമ്പരിപ്പിച്ചെങ്കിലും പാർട്ടി ഒപ്പമില്ലെന്ന ആശങ്ക ശോഭയ്ക്കുണ്ടെന്നു കരുതാതെ വയ്യ.
സ്വർണക്കടത്തിൽ സർക്കാരിനെ മുൾമുനയിൽ നിർത്തിയ ബി.ജെ.പി. നേതൃത്വം തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം നിലപാടുകളിൽ അയവുവരുത്തിയെന്നാണ് ശോഭാ പക്ഷത്തിന്റെ കുറ്റപ്പെടുത്തൽ.
English summary
Sobha Surendran brightens her return to the BJP months later