കുഴൽകിണറിൽ വീണ ആറു വയസുകാൻ മരിച്ചു

0

കുഴൽകിണറിൽ വീണ ആറു വയസുകാര​ന്റെ ജീവൻ രക്ഷിക്കാനായില്ല. ഒൻപത് മണിക്കൂർ നീണ്ടു നിന്ന രക്ഷപ്രവർത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുക്കുന്നത്. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് കുട്ടി മരണപ്പെടുന്നത്. പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ദസൂയ സബ്ഡിവിഷനു കീഴിലുള്ള ഗ്രാമത്തിൽ ഞായറാഴ്ച രാവിലെയാണ് ആറുവയസ്സുള്ള ആൺകുട്ടി 100 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്.

വയലില്‍ കളിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തില്‍ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. കളിക്കുന്നതിനിടെ തെരുവുനായ്ക്കള്‍ ഓടിച്ചതോടെയാണ് കുട്ടി കുഴല്‍ക്കിണറിന് മുകളിലുണ്ടായിരുന്ന ഉറപ്പില്ലാത്ത മൂടിയില്‍ കയറിനിന്നത്. പരുത്തി കൊണ്ടുണ്ടാക്കിയ ഒരു ബാഗ് ആയിരുന്നു കിണറിന് കവറായി ഉപയോഗിച്ചിരുന്നത്. ഇതിന് കുട്ടിയുടെ ഭാരം താങ്ങാതായതോടെയാണ് അപകടം സംഭവിച്ചത്.

നൂറ് അടി താഴ്ചയുള്ള കിണര്‍ ആണിത്. കുട്ടി എവിടെയെങ്കിലും തടഞ്ഞിരിക്കുന്നതായോ, മറ്റോ വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായി മുഖ്യമന്ത്രിയും ജില്ലാ ഭരണകൂടവും അറിയിച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള ചില ഫോട്ടോകളും പുറത്തെത്തിയിട്ടുണ്ട്.

2019ല്‍ പഞ്ചാബില്‍ തന്നെ സമാനമായ രീതിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനെ അന്ന് രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷപ്പെടുത്താനായിരുന്നില്ല. അതുപോലെ തന്നെ തമിഴ്നാട്ടില്‍ 2019ല്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനും ദാരുണമായ അന്ത്യം സംഭവിച്ചിരുന്നു. ഈ കുഞ്ഞിനെ 82 മണിക്കൂറിന് ശേഷം മൃതദേഹം അഴുകിയ അവസ്ഥയിലാണ് പുറത്തെടുത്തിരുന്നത്. അന്ന് രാജ്യമൊട്ടാകെ ഈ വാര്‍ത്ത വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു.

ഹരിയാനയില്‍ 2019ല്‍ തന്നെ മൂന്ന് കുട്ടികള്‍ കുഴല്‍ക്കിണറില്‍ വീണ് അപകടം സംഭവിച്ചിരുന്നു. ഭാഗ്യവശാല്‍ ഇതില്‍ രണ്ട് കുട്ടികളെയും രക്ഷപ്പെടുത്താന്‍ സാധിച്ചിരുന്നു. അഞ്ചുവയസുകാരിയായ കുഞ്ഞിനെ 10 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.

2006ല്‍ ഹരിയാനയില്‍ തന്നെ കുഴല്‍ക്കിണറില്‍ വീണ അഞ്ചുവയസുകാരനെ 48 മണിക്കൂറിന് ശേഷം സുരക്ഷിതമായി രക്ഷപ്പെടുത്തിയിരുന്നു. ബീഹാറില്‍ 2018ല്‍ കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസുകാരിയെ 30 മണിക്കൂറിനുള്ളില്‍ സുരക്ഷിതമായി രക്ഷപ്പെടുത്തിയതും വാര്‍ത്തകളില്‍ വലിയ ഇടം നേടി സംഭവമായിരുന്നു.

ഓരോ പ്രദേശത്തെയും സാമൂഹികവും ഭൂമിശാസ്ത്രപരവുമായ ഘടനയ്ക്ക് അനുസരിച്ചാണ് ഇത്തരം അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടക്കുക. ആധുനികരീതിയിലുള്ള ഉപകരണങ്ങളുടെ ലഭ്യത, ഫോഴ്സിനും മറ്റും എത്തിച്ചേരാനുള്ള സൗകര്യം എല്ലാം ഇതിലുള്‍പ്പെടും. തമിഴ്നാട്ടില്‍ രണ്ടുവയസുകാരന്‍ മരിച്ച സംഭവം ഇതിനുദാഹരണമാണ്. അന്ന് ഈ സംഭവം കാര്യമായ വിമര്‍ശനങ്ങള്‍ ഭരണകൂടത്തിനെതിരെ ഉയര്‍ത്തിയിരുന്നു.

2019ന് ശേഷം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കുറവായിരുന്നു. കൊവിഡ് 19 മൂലം അധികവും വീടുകളില്‍ തന്നെയായിരുന്നു കുട്ടികള്‍ കഴിഞ്ഞിരുന്നത് എന്നതിനാലാണിത്. ഇപ്പോള്‍ വീണ്ടും ഇങ്ങനെയുള്ള അപകടങ്ങള്‍ സംഭവിക്കുന്ന പശ്ചാത്തലത്തില്‍ ചില കാര്യങ്ങള്‍ നമ്മള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്.

ഇതില്‍ പ്രധാനമാണ് കുഴല്‍ക്കിണറിന് സുരക്ഷിതമായ മൂടി ഇടുക എന്നത്. ഇന്ന് പഞ്ചാബില്‍ ഉണ്ടായ അപകടം തന്നെ കുഴല്‍ക്കിണറിന് മതിയായ സുരക്ഷ ഉറപ്പുവരുത്തുന്ന മൂടി ഇട്ടില്ല എന്നതുകൊണ്ടാണ് സംഭവിച്ചിരിക്കുന്നത്. മിക്ക സംഭവങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.

ആരുടെ ഉടമസ്ഥതയിലാണോ കുഴല്‍ക്കിണര്‍ ഉള്ളത് അവര്‍ ഇക്കാര്യം നിര്‍ബന്ധമായും ഉറപ്പുവരുത്തണം. അല്ലെങ്കില്‍ ഇക്കാര്യം ആരുടെ ശ്രദ്ധയില്‍ വരുന്നോ അവര്‍ ഇത് ആവശ്യപ്പെടണം. ചെയ്യാത്ത പക്ഷം ഭരണാധികാരികളെ ഇത് അറിയിക്കുകയും അവര്‍ വേണ്ട നടപടി ഉടന്‍ കൈക്കൊള്ളുകയും വേണം.

കുട്ടികളാണ് ഇത്തരം അപകടങ്ങളില്‍ പെടുന്നതെന്ന് നമുക്കറിയാം. ഒരു വയസ് മുതല്‍ അങ്ങോട്ട് അഞ്ചും ആറും ഏഴും വയസുള്ള കുട്ടികള്‍ വരെ ഇതില്‍ പെടുന്നു. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് സ്വയരക്ഷയെ കുറിച്ച് ഒരിക്കലും ബോധമുണ്ടാകണമെന്നില്ല. ഇക്കാര്യം ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളോ വീട്ടിലെ മറ്റ് മുതിര്‍ന്നവരോ ആണ്.

അപകടം പതിയിരിക്കുന്ന ഇടങ്ങളില്‍ അവരെ ഒറ്റക്ക് അയക്കാതിരിക്കുക. കുട്ടികള്‍ കളിക്കുകയാണെങ്കിലും ഇടയ്ക്ക് അവരുടെ മേല്‍ ശ്രദ്ധയുണ്ടാകണം. അവര്‍ പതിവായി പോകുന്ന സ്ഥലങ്ങളെല്ലാം അവര്‍ക്ക് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയിരിക്കണം. കഴിയുന്നത് പോലെ അപകടങ്ങളെ കുറിച്ച് അവരെ പറഞ്ഞുമനസിലാക്കുകയും വേണം.

ഇനിയും നമ്മുടെ കുഞ്ഞുങ്ങള്‍ ഇത്തരം അപകടങ്ങളില്‍ പെടാതിരിക്കട്ടെ. ഒരുപക്ഷേ ഒരു അതിവേഗ രക്ഷാപ്രവര്‍ത്തനത്തിനും അവരുടെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ സാധിക്കണമെന്നില്ല. അത്തരമൊരു ഭാഗ്യപരീക്ഷണത്തിന് നാമെന്തിന് മുതിരണം!

LEAVE A REPLY

Please enter your comment!
Please enter your name here