ബിസിസിഐ പുതുതായി ഏർപ്പെടുത്തിയ ഫിറ്റ്നസ് ടെസ്റ്റിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ 6 പേർ പരാജയപ്പെട്ടു. യോയോ ടെസ്റ്റിനു പുറമെ നിർബന്ധമാക്കിയ 2 കിലോമീറ്റർ ഓട്ടത്തിലാണ് സഞ്ജു ഉൾപ്പെടെ 6 താരങ്ങൾ പരാജയപ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ പരിമിത ഓവർ പരമ്പരകൾക്കും ടി-20 ലോകകപ്പിനും മുന്നോടി ആയാണ് ടെസ്റ്റ് നടത്തിയത്.
സഞ്ജുവിനൊപ്പം വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ, ബാറ്റ്സ്മാൻ നിതീഷ് റാണ, ഓൾറൗണ്ടർ രാഹുൽ തെവാട്ടിയ, ഫാസ്റ്റ് ബൗളർമാരായ സിദ്ധാർത്ഥ് കൗൾ, ജയദേവ് ഉനദ്കട്ട് എന്നിവരാണ് ടെസ്റ്റിൽ പരാജയപ്പെട്ടത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വച്ചായിരുന്നു ടെസ്റ്റ്. 20 താരങ്ങളാണ് ടെസ്റ്റിൽ പങ്കെടുത്തത്. ബാറ്റ്സ്മാന്മാരും വിക്കറ്റ് കീപ്പർമാരും 8 മിനിറ്റ് 30 സെക്കൻഡിൽ രണ്ടു കിലോമീറ്റർ ദൂരം മറികടക്കണം. ഫാസ്റ്റ് ബൗളർമാർക്ക് 2 കി,ലോമീറ്റർ ദൂരം ഓടാൻ ലഭിക്കുന്ന 8 മിനിട്ട് 15 സെക്കൻഡാണ്. പുതുതായി ഏർപ്പെടുത്തിയ ടെസ്റ്റ് ആയതിനാൽ ഇവർക്ക് ഒരു തവണ കൂടി അവസരം ലഭിക്കും.’
2018ലും സഞ്ജു ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു. അന്ന് സഞ്ജുവും, സഞ്ജുവിനൊപ്പം യോയോ ടെസ്റ്റിൽ പരാജയപ്പെട്ട മുഹമ്മദ് ഷമി, അമ്പാട്ടി റായിഡു എന്നിവരും ഇംഗ്ലണ്ട് പര്യടനത്തിലെ നിശ്ചിത ഓവർ ടീമിൽ നിന്ന് പുറത്തായിരുന്നു.
മാർച്ച് 12നാണ് ഇംഗ്ലണ്ടിനെതിരായ പരിമിത ഓവർ മത്സരങ്ങൾ ആരംഭിക്കുക. അഞ്ച് മത്സരങ്ങൾ അടങ്ങിയ ടി-20 പരമ്പരയും 3 മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയുമാണ് പര്യടനത്തിൽ ഉള്ളത്. അതേസമയം, നാളെ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് ആരംഭിക്കും. 4 മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് 1-0നു മുന്നിലാണ്.
English summary
Six people, including Sanju Samson, have failed the BCCI’s new fitness test.