കുറ്റബോധമില്ലെന്ന് അഭയ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സിസ്റ്റർ സെഫി

0

കൊച്ചി: കുറ്റബോധമില്ലെന്ന് അഭയ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സിസ്റ്റർ സെഫി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്നും മാധ്യമ പ്രവർത്തകരോട് സിസ്റ്റർ സെഫി പറഞ്ഞു. ജാമ്യ വ്യവസ്ഥ അനുസരിച്ച് സിബിഐ ഓഫീസിൽ ഹാജരായപ്പോഴാണ് സിസ്റ്ററുടെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ്, കേസിൽ ശിക്ഷിക്കപ്പെട്ട സിസ്റ്റർ സെഫിക്കും ഫാ. തോമസ് കോട്ടൂരിനും ഹൈക്കോടതി ജാമ്യം നൽകിയത്. ഇരുവരുടെയും ശിക്ഷ നടപ്പാക്കുന്നതു നിർത്തിവയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. അട്ടക്കുളങ്ങരയിലെ വനിതാ ജയിലിലായിരുന്ന സെഫി ജാമ്യത്തുകയായ 5 ലക്ഷം രൂപ കെട്ടിവച്ച് വിധി വന്നതിനു പിന്നാലെ തന്നെ പുറത്തിറങ്ങി.

ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും നമിരപരാധികളെന്ന് ക്‌നാനായ സഭ പ്രതികരിച്ചിരുന്നു. സിസ്റ്റർ അഭയ കേസ് പ്രതികൾക്ക് ജാമ്യം ലഭിച്ചത് വൈകി വന്ന നീതിയെന്ന് ക്‌നാനായ സമൂഹം വിശ്വസിക്കുന്നുവെന്നും പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയും ക്നാനായ കാതോലിക്ക കോൺ​ഗ്രസ് ജനറൽ സെക്രട്ടറിയുമായ ബിനോയി ഇടയാടി പറഞ്ഞു. ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കേസിൽ പ്രതികളാക്കപ്പെട്ടതാണ്. ഇവരെ പ്രതിയാക്കിയത് കെട്ടിച്ചമച്ചതാണെന്നാണ് വിശ്വസിക്കുന്നത്. ഫാദർ കോട്ടീരിനും സെഫിക്കും ജാമ്യം നൽകിയ വിധിയിൽ സന്തോഷമുണ്ടെന്നും ബിനോയി ഇടയാടി പറഞ്ഞു.

അഭയ കേസ് പ്രതികൾക്ക് വിചാരണക്കോടതി നൽകിയ ശിക്ഷ മരവിപ്പിച്ചാണ്, പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ശിക്ഷാ വിധി സസ്‌പെൻഡ് ചെയ്ത് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കോടതിയെ സമീപിച്ചത്.
അഞ്ചു ലക്ഷം രൂപ കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.
അഭയകേസ് നാൾവഴികൾ ഇങ്ങനെ

സിസ്റ്റർ അഭയയുടെ ദുരൂഹ മരണം
കോട്ടയം ബി.സി.എം കോളേജിലെ രണ്ടാം വർഷ പ്രീ-ഡിഗ്രി വിദ്യാർത്ഥിനിയും ക്‌നാനായ കത്തോലിക്കാ സഭയുടെ കീഴിലുള്ള സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയായ സിസ്റ്റർ അഭയ (21) 1992 മാർച്ച് 27 ന് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു.കോട്ടയം ജില്ലയിലെ അരീക്കരയിൽ ഐക്കരകുന്നേൽ തോമസിന്റെയും ലീലാമ്മയുടെയും മകളാണ് അഭയ. അച്ഛൻ തോമസും അമ്മ ലീലാമ്മയും അഞ്ച് വർഷം മുൻപ് മരിച്ചു. കേസ് അന്വേഷണം അട്ടിമറിച്ച് അഭയയുടെ മരണം ആത്മഹത്യയാക്കാൻ ലോക്കൽ പോലീസിന്റെ ശ്രമത്തിനെതിരെ 1992 മാർച്ച് 31ന് കോട്ടയം മുനിസിപ്പൽ ചെയർമാൻ പി.സി.ചെറിയാൻ മടുക്കാനി പ്രസിഡന്റും,ജോമോൻ പുത്തൻപുരയ്ക്കൽ കൺവീനറുമായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചതിനെ തുടർന്ന് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കോട്ടയത്ത് നിരവധി സമര പോരാട്ടങ്ങൾ നടത്തി.ലോക്കൽ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷിച്ചു.1993 ജനുവരി 30 ന് കോട്ടയം ആർ.ഡി.ഒ കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് റിപ്പോർട്ട് നൽകി. എന്നാൽ സമരസമതിയുടെ കർശനമായ നിലപാടിനെ തുടർന്നു അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ അന്വേഷണം സി ബി ഐക്കു വിടുന്നു.
ഒരു സിബിഐ അന്വേഷണ കഥ
സംസ്ഥാന സർക്കാരിന്റെ ശുപാർശയെത്തുടർന്ന് സിബിഐ അഭയ കേസിന്റെ അന്വേഷണം ഏറ്റെടുത്തു. 1993 മാർച്ച് 29 ന് എറണാകുളം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.സിബിഐ കൊച്ചി യൂണിറ്റ് ഡി.വൈ.എസ്.പി വർഗീസ്.പി.തോമസിന്റെ നേതൃത്വത്തിൽ സിബിഐ സംഘം അഭയയുടെ മരണം ആത്മഹത്യയാണെന്നുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് തള്ളികൊണ്ട് കൊലപാതകമാണെന്ന് ആറു മാസത്തിനുള്ളിൽ സിബിഐ കണ്ടെത്തി.സിബിഐയുടെ കേസ് ഡയറിയിൽ കൊലപാതകമാണെന്ന് രേഖപ്പെടുത്തുകയും ചെയ്തു.സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനത്തിന് ഘടക വിരുദ്ധമായി അഭയയുടെ മരണം ആത്മഹത്യയാക്കാൻ അന്നത്തെ സിബിഐ എസ്.പി വി.ത്യാഗരാജൻ തന്റെ മേൽ സമ്മർദം ചെലുത്തി, അതിന് വഴങ്ങാതെ വന്നപ്പോൾ പീഡിപ്പിച്ചെന്ന് സിബിഐ ഡി.വൈ.എസ്.പി വർഗീസ്.പി.തോമസ് രാജിവെക്കാൻ തീരുമാനിക്കുകയും ,1994 മാർച്ച് 7 ന് എറണാകുളത്ത് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത് സിബിഐയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ്. അതോടെ അഭയക്കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.
ഈ വിഷയം പാർലമെന്റിൽ എം.പി മാർ ഉന്നയിച്ചതിനെത്തുടർന്ന് പുതിയ വിവാദത്തിന് തിരികൊളുത്തി അന്നത്തെ പ്രധാനമന്ത്രി പി.വി.നരസിംഹറാവു വിഷയത്തിൽ ഇടപെടുകയും സിബിഐയുടെ ചുമതലയുള്ള പേഴ്‌സണൽ മന്ത്രാലയത്തിന്റെ മന്ത്രി മാർഗരറ്റ് ആൽവ പാർലമെന്റിൽ മറുപടി പറയേണ്ടിയും വന്നു. ഇതിനെ തുടർന്നു അഭയക്കേസിന്റെ മേൽനോട്ട ചുമതലയിൽ നിന്നും സിബിഐ കൊച്ചി യൂണിറ്റ് എസ്.പി സ്ഥാനത്തു നിന്നും വി.ത്യാഗരാജനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ 1994 മാർച്ച് 17 ന് ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി ഹൈക്കോടതി പരിഗണിക്കവേ സി ബി ഐ സ്വമേധയാ ത്യാഗരാജനെ കേസിൽ നിന്നും മാറ്റി .
ഡമ്മി ടു ഡമ്മിയും പുതിയ കണ്ടെത്തലും
പുതിയതായി ചുമതലയെടുത്ത എസ് പി സി എം എൽ ശർമയുടെ നേതൃത്വത്തിലുള്ള സിബിഐ സംഘം കോട്ടയത്ത് എത്തി പയസ് ടെൻത്‌കോൺവെന്റിലെ കിണറ്റിൽ ജയ്പൂരിലെ ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ അഭയയുടെ ഡമ്മി പരീക്ഷണം നടത്തി.അഭയയുടെ മരണം കൊലപാതകമാണെങ്കിലും പ്രതികളെ പിടിക്കുവാൻ സിബിഐ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ലന്ന് കാണിച്ചു കൊണ്ട് അന്വേഷണം അവസാനിപ്പിക്കുവാൻ അനുമതി ചോദിച്ചു കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ 1996 ഡിസംബർ 6 ന് റിപ്പോർട്ട് കൊടുത്തു.സിബിഐ റിപ്പോർട്ട് തള്ളിക്കൊണ്ട് തുടരന്വേഷണം നടത്തുവാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.കെ.ഉത്തരൻ 1997 മാർച്ച് 20 ന് ഉത്തരവ് നൽകി.
രണ്ടാം തവണയും സിബിഐ അന്വേഷണം അവസാനിപ്പിച്ച് കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ 1999 ജൂലൈ 12 ന് റിപ്പോർട്ട് സമർപ്പിച്ചു.സിബിഐ സമർപ്പിച്ച റിപ്പോർട്ട് തള്ളി കൊണ്ട് അഭയ കേസിൽ രണ്ടാം തവണയും തുടരന്വേഷണം നടത്താൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആന്റണി.റ്റി. മൊറൈസ് 2000 ജൂൺ 23 ന് ഉത്തരവിട്ടു.സിബിഐ അഭയ കേസിന്റെ അന്വേഷണം മൂന്നാം തവണയും അവസാനിപ്പിക്കാൻ അനുമതി ചോദിച്ച് കൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ 2005 ആഗസ്റ്റ് 30 ന് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ കൊലപാതകമാണെന്ന് ഉറപ്പുള്ള കേസിൽ പ്രതികളെ കണ്ടെത്താതെ കേസ് അവസാനിപ്പികൻ സാധിക്കില്ലെന്ന ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പി.ഡി. ശാരങ്ധരന്റെ നിലപാട് കേസ് തുടരാൻ കാരണമായി.
ഫോറെൻസിക് രേഖകളിലെ തിരുത്തലും മാധ്യമ വാർത്തയും
2007 ഏപ്രിലിൽ അഭയ കേസിലെ ആന്തരികാവയവ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ നടന്നുവെന്ന വാര്ത്ത പുറത്തുവന്നതോടെ കേസ് വീണ്ടും സജീവമാകുന്നു. കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന റജിസ്റ്ററിൽ നിന്ന് അഭയയുടെ റിപ്പോർട്ട് കാണാതായെന്നു കോടതിയിൽ പൊലീസ് സർജന്റെ റിപ്പോർട്ടിനെ തുടർന്നു ഹൈക്കോടതി വിഷയത്തിൽ ഇടപെടുകയും അന്വേഷണം സിബിഐ കൊച്ചി യൂണിറ്റിലെ ഡി വൈ എസ് പി നന്ദകുമാറിന്റെ നേതൃത്വത്തിൽ തുടരാൻതീരുമാനിക്കുകയും ചെയ്തു .

LEAVE A REPLY

Please enter your comment!
Please enter your name here