ഗായകന്‍ എം.ജി.ശ്രീകുമാര്‍ കൊച്ചി ബോള്‍ഗാട്ടി പാലസിന്‌ സമീപം തീരസംരക്ഷണ ചട്ടം ലംഘിച്ച്‌ വീട്‌ നിര്‍മിച്ചെന്ന കേസില്‍ പ്രോസിക്യൂഷന്‍ അഡീഷണല്‍ ഡയറക്‌ടര്‍ കെ.ഡി. ബാബുവിന്റെ ഉത്തരവ്‌ വിവാദത്തില്‍

0

കൊച്ചി : ഗായകന്‍ എം.ജി.ശ്രീകുമാര്‍ കൊച്ചി ബോള്‍ഗാട്ടി പാലസിന്‌ സമീപം തീരസംരക്ഷണ ചട്ടം ലംഘിച്ച്‌ വീട്‌ നിര്‍മിച്ചെന്ന കേസില്‍ പ്രോസിക്യൂഷന്‍ അഡീഷണല്‍ ഡയറക്‌ടര്‍ (വിജിലന്‍സ്‌) കെ.ഡി. ബാബുവിന്റെ ഉത്തരവ്‌ വിവാദത്തില്‍.
കായല്‍ തീരത്ത്‌ പഴയ കെട്ടിടം പൊളിച്ചുമാറ്റി അനുവദനീയമല്ലാത്ത രീതിയില്‍ പുതിയ നിര്‍മാണം നടത്തിയതിനാണ്‌ കേസെടുത്തത്‌. ബോള്‍ഗാട്ടിയിലെ തീരസംരക്ഷണ ലംഘനത്തിന്‌ കേസെടുക്കേണ്ടന്ന നിലപാടാണ്‌ വിജിലന്‍സ്‌ അഡീഷണല്‍ ഡയറക്‌ടറുടെ നിയമോപദേശത്തിലുള്ളത്‌.
തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ കീഴില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ പരിഗണിക്കുന്ന എല്‍.എസ്‌.ജി.ഡി. ട്രിബ്യൂണല്‍ ഈ കേസ്‌ പരിഗണിച്ചാല്‍ മതിയെന്നാണ്‌ നിയമോപദേശം. ഇതോടെ മരട്‌ ഫ്‌ളാറ്റ്‌ കേസില്‍ തീരസംരക്ഷണ നിയമലംഘനത്തിന്റെ പേരില്‍ നടപടി നേരിട്ട്‌ അറസ്‌റ്റിലായ ഉദ്യോഗസ്‌ഥരും കരാറുകാരും സമാനമായ ഇളവ്‌ തങ്ങള്‍ക്കും ലഭിക്കണമെന്ന്‌ ആവശ്യമുന്നയിച്ചാല്‍ അത്‌ പുതിയ നിയമപ്രശ്‌നങ്ങള്‍ക്ക്‌ വഴിയൊരുക്കും.
എം.ജി. ശ്രീകുമാറിന്റെ നിയമലംഘനകേസ്‌ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി പരിഗണിക്കാനിരിക്കെ വിജിലന്‍സ്‌ അഡീഷണല്‍ ഡയറക്‌ടറുടെ നടപടിക്കെതിരേ ഹര്‍ജിക്കാരനായ ജി. ഗിരിഷ്‌ബാബു ആക്ഷേപ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിന്‍മേല്‍ ഇന്ന്‌ വാദം തുടങ്ങും. വിജിലന്‍സിന്റെ നിയമോപദേശം കോടതി അംഗീകരിച്ചാല്‍ മരട്‌ കേസുകളിലും അത്‌ ബാധകമാകുമെന്ന്‌ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ബോള്‍ഗാട്ടി പാലസിന്‌ സമീപം കായലില്‍നിന്ന്‌ 100 മീറ്റര്‍ മാത്രം അകലെയാണ്‌ എം.ജി. ശ്രീകുമാര്‍ പഴയ വീട്‌ വാങ്ങി പൊളിച്ച്‌ പുതിയ നിര്‍മാണം നടത്തിയത്‌. കൂട്ടിചേര്‍ക്കലോ നിര്‍മാണമോ അനുവദനീയമല്ലാത്ത തീരമേഖലയില്‍ നടത്തിയ നിര്‍മാണം സംബന്ധിച്ച്‌ നാലുവര്‍ഷമായി നിയമപോരാട്ടം നടക്കുകയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here