സില്‍വര്‍ ലൈന്‍: കേന്ദ്രം കേരളത്തിന്റെ ധനസ്‌ഥിതി വിലയിരുത്തും

0

പത്തനംതിട്ട
സ്വന്തമായി നടപ്പാക്കാനും തയാറെന്നു കേരളം അറിയിച്ച സില്‍വര്‍ ലൈന്‍ പദ്ധതി കേന്ദ്രം പരിഗണിക്കുമ്പോള്‍ സംസ്‌ഥാനത്തിന്റെ സാമ്പത്തിക ഭദ്രത വിലയിരുത്തും. വിവിധ വായ്‌പാ ഏജന്‍സികള്‍ക്കു മൂന്നര ലക്ഷം കോടിയില്‍പ്പരം രൂപ തിരിച്ചടയ്‌ക്കാനുള്ളപ്പോഴാണ്‌ എ.ഡി.ബി, ജപ്പാന്‍ ധനകാര്യ സ്‌ഥാപനമായ ജയ്‌ക്ക എന്നിവയില്‍നിന്നു സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ശതകോടികള്‍ വായ്‌പ വാങ്ങാന്‍ സംസ്‌ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്‌.
530 കി.മീ. വരുന്ന സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കാന്‍ 63,940 കോടി രൂപ മതിയാകുമെന്നാണ്‌ കെ-റെയില്‍ വാദിക്കുന്നത്‌. എന്നാല്‍ 1.26 ലക്ഷം രൂപ വരെ വേണ്ടിവരുമെന്നു നിതി ആയോഗ്‌ പറയുന്നു. എ.ഡി.ബി 7,500 കോടിയും ജയ്‌ക്ക 19,000 കോടിയും വായ്‌പയായി നല്‍കാമെന്നു സംസ്‌ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്‌. ഇതു കെ-റെയില്‍ പറയുന്ന അടങ്കലിന്റെ പകുതി പോലുമില്ല.
ബാക്കി തുക വായ്‌പയായോ കിഫ്‌ബി വഴിയോ കണ്ടെത്തേണ്ടിയിരിക്കുന്നു. കടബാധ്യതയുടെ ചെറിയൊരു പങ്ക്‌ പോലും തിരിച്ചടയ്‌ക്കാന്‍ കഴിയുന്നില്ലെന്നിരിക്കെ ഈ പദ്ധതി സംസ്‌ഥാനത്തെ കടക്കെണിയുടെ ആഴത്തിലേക്ക്‌ തള്ളിവിടുമെന്ന വിമര്‍ശനം ശക്‌തമാണ്‌. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുമ്പോഴേക്കും സംസ്‌ഥാനം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാകുമെന്നു വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
വായ്‌പയുടെ വിനിയോഗമാണു കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടുന്നതു വളരെ കുറവായതിനാല്‍ അതിലൂടെ വരുമാനം കണ്ടെത്താന്‍ കഴിയുന്നില്ല. വായ്‌പയുടെ 75.6 ശതമാനം ശമ്പളം, പലിശ തുടങ്ങി റവന്യു ചെലവിനായാണ്‌ വിനിയോഗിക്കുന്നത്‌. 20.13 ശതമാനം തുക, പഴയ വായ്‌പകളുടെ തിരിച്ചടവിനായി ഉപയോഗിക്കുന്നു. 3.84 ശതമാനം മാത്രമാണ്‌ വികസനത്തിനായി ചെലവഴിക്കുന്നത്‌. ഒന്നര ശതമാനത്തില്‍ താഴെ പലിശയ്‌ക്കാണു വിദേശത്തുനിന്ന്‌ വായ്‌പ ലഭിക്കുന്നതെന്നാണ്‌ സംസ്‌ഥാന സര്‍ക്കാരിന്റെ വാദം. എന്നാല്‍ വിദേശനാണയ വിനിമയത്തില്‍ വരുന്ന വന്‍ വര്‍ധന സര്‍ക്കാര്‍ മനഃപൂര്‍വം ഒളിപ്പിക്കുന്നു. 2010-ല്‍ 45 രൂപ മൂല്യമുണ്ടായിരുന്ന ഡോളറിന്‌ ഇപ്പോള്‍ ഇത്‌ 75 രൂപയായണ്‌.
അതായത്‌ 2010-ല്‍ 1000 രൂപ കടം എടുത്തെങ്കില്‍ ഇപ്പോഴത്‌ 2000-കോടിയോളം വര്‍ദ്ധിക്കുന്നു. ഇതിനു മുകളിലാണ്‌ പലിശയും പലിശയുടെ പലിശയും. ഈ സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉപദേശം കൂടി തേടിയ ശേഷമാകും സില്‍വര്‍ ലൈനിന്റെ കാര്യം കേന്ദ്രം പരിഗണിക്കുക.

Leave a Reply