പത്തനംതിട്ട : സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെ വിഹിതം ഈ ബജറ്റില്‍ അനുവദിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ പാളം തെറ്റി. പദ്ധതിയുടെ ഡി.പി.ആറിന് കേന്ദ്രം അംഗീകാരം നല്‍കിയിട്ടില്ലെങ്കിലും തത്വത്തില്‍ ലഭിച്ചതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ബജറ്റില്‍ വിഹിതം പ്രതീക്ഷിച്ചിരുന്നു.
ധനവകുപ്പ് പണം നല്കിയാല് വിഹിതം അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നായിരുന്നു റെയില്‍വേ മന്ത്രാലയത്തില്‍ നിന്നും ഏറ്റവും ഒടുവില്‍ ലഭിച്ച ഉറപ്പ്. എന്നാല്‍ ബജറ്റില്‍ സില്‍വര്‍ ലൈനിനു പരിഗണന ലഭിക്കാതെ പോയത് പദ്ധതിയുടെ ഭാവിയെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യതയെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര അംഗീകാരം ലഭിക്കുന്നതിനു കാലതാമസം നേരിട്ടാല്‍ അത് പദ്ധതിയുടെ സാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് കെ-റെയില്‍ അധികൃതര്‍ കണക്കാക്കുന്നു. ഡി.പി.ആറിലെ പൊരുത്തക്കേടുകളാണു മുഖ്യവിഷയം. കൂടാതെ അടുത്ത ദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഇ.ശ്രീധരന് ഉള്‍പ്പെടുന്ന സംഘം സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അശാസ്ത്രീയത ചൂണ്ടിക്കാട്ടുന്നതിന് ഡല്‍ഹിയിക്ക് പോകുന്നുണ്ട്. ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി വി.മുരളീധരനൊപ്പമാകും ഇവര്‍ റെയില്‍വേ മന്ത്രിയെ കാണുക. ഇതിനെ ഭയപ്പാടോടെയാണ് കെ-റെയില്‍ അധികൃതര്‍ കാണുന്നത്.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് റെയില്‍വേയുടെ വക 2150 കോടി രൂപയാണ് കെ-റെയിലും സംസ്ഥാന സര്‍ക്കാരും പ്രതീക്ഷിച്ചിരുന്നത്. ഇക്കാര്യം ഡി.പി.ആറിലും വ്യക്തമാക്കിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ പദ്ധതി വിഹിതമായി 3125 കോടിരൂപയാണ് റെയില്‍വേ മന്ത്രാലയം നല്‍കേണ്ടത്. പദ്ധതിക്കായി റെയില്‍വേ വിട്ടുകൊടുക്കുന്ന ഭൂമി ഉള്‍പ്പെടുന്നതാണ് വിഹിത കണക്ക്.
ആകെ 185 ഹെക്ടര്‍ ഭൂമിയാണ് റെയില്‍വേയുടേതായി സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഏറ്റെടുക്കേണ്ടിവരുക. ഇതിന് 975 കോടി രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. ശേഷിച്ച 2150 കോടി രൂപയാണ് പണമായി പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല എന്ന കാര്യം ശ്രദ്ധേയമാണ്. ഭാവിയില്‍ വിഭാവന ചെയ്യുന്ന മൂന്ന്, നാല് ലൈനുകള്‍ക്കായി കണ്ടെത്തിയിട്ടുള്ള ഭൂമി സില്‍വര്‍ ലൈനിനായി വിട്ടുകൊടുക്കാന്‍ റെയില്‍വേ തയാറാകുമൊ എന്നതാണ് പ്രധാന ചോദ്യം.
ബജറ്റില്‍ കേരളത്തിന്റെ റെയില്‍വേ വികസനത്തിന് അധിക തുക നീക്കി വയ്ക്കുകയോ ഗതാഗത പദ്ധതികള്‍ക്കായി പ്രത്യേക തുക പ്രഖ്യാപിക്കുകയൊ ചെയ്താല്‍ അത് സില്‍വര്‍ ലൈനിനായി പ്രയോജനപ്പെടുത്താന്‍ കഴിയും. അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാനങ്ങള്‍ക്ക് ഒരുലക്ഷം കോടി രൂപായാണ് ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. ഇതിന്റെ വിഹിതം സംസ്ഥാനത്തിന് ലഭിക്കും. തുഛമായ ഈ പണം കെ-റെയില്‍ പോലുള്ള പദ്ധതിക്കു മതിയാകില്ല.