Friday, July 30, 2021

സിക്ക വൈറസ് സാന്നിധ്യം കണ്ടെത്തിയത് തിരുവനന്തപുരം നഗരസഭാപ്രദേശത്തെ ഒമ്പത്‌ വാർഡുകളിൽ

Must Read

തിരുവനന്തപുരം: സിക്ക വൈറസ് സാന്നിധ്യം കണ്ടെത്തിയത് നഗരസഭാപ്രദേശത്തെ ഒമ്പത്‌ വാർഡുകളിൽ. കുന്നുകുഴി, കടകംപള്ളി, പട്ടം, കണ്ണമൂല, അണമുഖം, മെഡിക്കൽ കോളേജ്, പേട്ട, ആക്കുളം, കരിക്കകം എന്നീ വാർഡുകളിലാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കും. ആനയറ വാർഡിൽ മൂന്ന്‌ കിലോമീറ്റർ ചുറ്റളവിൽ ക്ലസ്റ്റർ രൂപപ്പെട്ടിട്ടുണ്ട്. ഇതുവരെ 23 പേർക്കാണ് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ജില്ലാ മെഡിക്കൽ ഓഫീസിൽ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ പ്രത്യേക അവലോകന യോഗം ചേർന്നു. ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കൊതുക് നശീകരണത്തിന് ശക്തമായ ഇടപെടലുകൾ നടത്തണം. ആനയറ ഭാഗത്ത് കൊതുകുനശീകരണത്തിനായി ഏഴു ദിവസം ഫോംഗിങ്‌ നടത്തും. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രത്യേക പ്രാധാന്യം നൽകുമെന്നും മന്ത്രി അറിയിച്ചു.

സിക്ക വൈറസിനെപ്പോലെ ഡെങ്കിപ്പനിയും ശ്രദ്ധിക്കണം. വീടുകളിലെയും സ്ഥാപനങ്ങളുടെയും പരിസരങ്ങളിൽ കൊതുക് വളരുന്ന സാഹചര്യമുണ്ടാകരുത്. ഒരു തുള്ളി വെള്ളംപോലും കെട്ടിനിൽക്കുന്ന അവസ്ഥയുണ്ടാകരുത്. വീട്ടിനകത്തും കൊതുക് വളരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരും സ്വയം പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും മന്ത്രി അറിയിച്ചു.

കൺട്രോൾ റൂം ആരംഭിച്ചു

: സിക്ക വൈറസ് കൂടുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ കൺട്രോൾ റൂം ആരംഭിച്ചു. ജില്ലാ കളക്ടർ നവജ്യോത് ഖോസ, ജില്ലാ വികസന കമ്മിഷണർ വിനയ് ഗോയൽ, സബ് കളക്ടർ മാധവിക്കുട്ടി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്.ഷിനു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

വൈറസ് ബാധ സ്ഥിരീകരിച്ച പ്രദേശങ്ങൾ കേന്ദ്രസംഘം സന്ദർശിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി.ആർ.രാജു, പൊതുജനാരോഗ്യം അഡീഷണൽ ഡയറക്ടർ ഡോ. വി.മീനാക്ഷി, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരുമായി ഡോ. രുചി ജയിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ചർച്ച നടത്തി. കൊതുകുനിയന്ത്രണം, കൊതുകിന്റെ സാന്ദ്രതാ പഠനം, നിരീക്ഷണം എന്നിവ ഉൾപ്പെടുത്തി കർമ്മ പദ്ധതി രൂപവത്‌കരിക്കും. ഒമ്പതു വാർഡുകളിലും കൊതുകുനിയന്ത്രണം, ബോധവത്കരണം എന്നിവ പൊതുജന പങ്കാളിത്തത്തോടെ നടത്തി പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

കേന്ദ്രസംഘം കളക്ടർ നവ്‌ജ്യോത് ഖോസയുമായി കൂടിക്കാഴ്ച നടത്തി. സിക്ക പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസംഘം ചില പോരായ്മകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത് പരിഹരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്.ഷിനു അറിയിച്ചു. ആരോഗ്യവകുപ്പ് വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് സാഹചര്യം വിലയിരുത്തുന്നുണ്ട്. സിക്ക പ്രതിരോധ പ്രവർത്തനം ശരിയായ രീതിയിൽ കൊണ്ടുപോകുന്നുവെന്ന് ഉറപ്പുവരുന്നതു വരെ കേന്ദ്രസംഘം കേരളത്തിൽ തുടരുമെന്നും ഡി.എം.ഒ. പറഞ്ഞു.

ആരോഗ്യ വകുപ്പും നഗരസഭയും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച വാർഡുകളിലെ കൗൺസിലർമാരെയും ആരോഗ്യപ്രവർത്തകരെയും വിളിച്ച് യോഗം ചേരുമെന്നും മേയർ അറിയിച്ചു.

നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോവിഡ് കൺട്രോൾ റൂമിൽ ഇനി സിക്ക വൈറസ് പ്രതിരോധ പ്രവർത്തനങ്ങളും നടത്തും. നഗരപരിധിയിൽ സിക്ക വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഫോൺ: 0471-2377702, 2377706.സിക്ക കൺട്രോൾ റൂം നമ്പരുകൾ

-24750880471-2476088

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News