ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും

0

മുംബൈ∙ ശിവസേന വിമത നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഷിൻഡെയ്‌ക്കൊപ്പം മുംബൈയിൽ ഗവർണറെ കണ്ട ശേഷം ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസാണ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപനം നടത്തിയത്. സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.30ന് നടക്കും.

‘‘2019 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും സഖ്യമായി നിന്ന് വിജയിച്ചതാണ്. ആവശ്യമായ ഭൂരിപക്ഷവും ലഭിച്ചിരുന്നു. സർക്കാരുണ്ടാക്കാമെന്നാണു പ്രതീക്ഷിച്ചതെങ്കിലും ബാലാസാഹേബ് എതിർത്തവരോടൊപ്പം സഖ്യമുണ്ടാക്കാനാണ് ശിവസേന തീരുമാനിച്ചത്’’– ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

‘‘ഹിന്ദുത്വത്തെയും വീർ സവർക്കറെയും എതിർക്കുന്നവർ‌ക്കൊപ്പമാണ് ശിവസേന സഖ്യമുണ്ടാക്കിയത്. ശിവസേന ജനവിധിയെ അപമാനിക്കുകയാണുണ്ടായത്. ഒരു വശത്ത് ശിവസേന ദാവൂദ് ഇബ്രാഹിമിനെ എതിർത്തു. എന്നാൽ അയാളെ സഹായിച്ചതിന് ജയിലിൽ പോയ ഒരാളെ മന്ത്രിയുമാക്കി’’– ദേവേന്ദ്ര ഫഡ്നാവിസ് ആരോപിച്ചു.

ഒരു ശിവസേന നേതാവിനെ മുഖ്യമന്ത്രിയാക്കാൻ ഉദ്ധവ് താക്കറെ നേരത്തേ ബിജെപിയെ വെല്ലുവിളിച്ചിരുന്നു. ഫഡ്‌നാവിസും ഏക്നാഥ് ഷിൻഡെയും ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. ഗവർണറെ കണ്ട ശേഷമായിരുന്നു നേതാക്കളുടെ വാര്‍ത്താ സമ്മേളനം. മുംബൈയില്‍ തിരിച്ചെത്തിയ ഷിന്‍ഡെ, ഫഡ്‌നാവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് ഇരുവരും ഗവര്‍ണറെ കാണാനെത്തിയത്. തങ്ങള്‍ക്ക് 150 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് ഇവര്‍ ഗവര്‍ണറെ അറിയിച്ചു.

ബിജെപിക്ക് 27, ഷിൻഡെ പക്ഷത്തിനു 15 വീതം മന്ത്രിമാരുണ്ടാകുമെന്നാണു സൂചന. അസമിലെ ഗുവാഹത്തിയിൽനിന്ന് ഇന്നലെ വൈകിട്ട് ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ ഷിൻഡെ പക്ഷം ഇന്നു രാവിലെ മുംബൈയിൽ എത്താനാണ് ആദ്യം പദ്ധതിയിട്ടത്. ഉദ്ധവിന്റെ രാജി പ്രഖ്യാപനത്തെ തുടർന്ന് ഇവർ ഗോവയിൽനിന്നുള്ള യാത്ര നേരത്തേയാക്കി. ശിവസേനാ വിമതരും ബിജെപിയും അവർക്കൊപ്പമുള്ളവരും ചേരുമ്പോൾ 162 പേരാകും. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 144 പേരുടെ പിന്തുണയാണ് വേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here