ചന്ദ്രശോഭ മാഞ്ഞു; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഭൗതികശരീരം ഖബറടക്കി

0

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വിട. മലപ്പുറം പാണക്കാട് പള്ളി ഖബര്‍സ്ഥാനില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം ഖബറടക്കി. ജനത്തിരക്ക് കണക്കിലെടുത്താണ് സംസ്‌കാരം നേരത്തെയാക്കാന്‍ തീരുമാനിച്ചതെന്ന് പാണക്കാട് കുടുംബം അറിയിച്ചു. വന്‍ ജനത്തിരക്കിനെ തുടര്‍ന്ന് മലപ്പുറം ടൗണ്‍ ഹാളിലെ പൊതുദര്‍ശനം അവസാനിപ്പിച്ച് പാണക്കാടേക്ക് കൊണ്ടുപോയിരുന്നു.

രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടക്കം ആയിരക്കണക്കിന് ജനങ്ങളാണ് തങ്ങളെ അവസാനമായി ഒരുനോക്കുകാണാന്‍ എത്തിയത്. വൊളണ്ടിയര്‍മാര്‍ക്ക് പോലും ജനത്തിരക്ക് നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണുണ്ടായിരുന്നത്. നേരത്തെ രാവിലെ 9 മണിക്ക് ഖബറടക്കം തീരുമാനിച്ചിരുന്നെങ്കിലും തിരക്ക് കണക്കിലെടുത്താണ് പുലര്‍ച്ചെ ഭൗതികശരീരം സംസ്‌കരിക്കാന്‍ പാണക്കാട് കുടുംബം തീരുമാനിച്ചത്.

മുസ്ലീം ലീഗ് പ്രവര്‍ത്തകരടക്കം ആയിരക്കണക്കിന് പേരാണ് കിലോമീറ്ററുകളോളം ക്യൂവില്‍ നിന്ന് ഹൈദരലി തങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചത്. ടൗണ്‍ ഹാളിനുള്ളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തങ്ങളുടെ ഭൗതികശരീരം മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്ന സാഹചര്യത്തിലെ തിരക്ക് കണക്കിലെടുത്ത് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. മലപ്പുറം നഗരസഭയിലെ സ്‌കൂളുകളുടെ പ്രവൃത്തി സമയം ഇന്ന് രാവിലെ 12 മണി മുതല്‍ നാല് മണി വരെയായിരിക്കുമെന്ന് ജില്ലാ കലക്റ്റര്‍ അറിയിച്ചു.

അര്‍ബുദ ബാധിതനായി എറണാകുളത്ത് ചികിത്സയിലായിരിക്കേയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചത്. അങ്കമാലിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു.
അതിന് ശേഷമാണ് മലപ്പുറത്തേക്ക് കൊണ്ടുവന്നത്. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സഹോദരങ്ങളാണ്. സമസ്തയുടെ ഉപാധ്യക്ഷനാണ്.

Leave a Reply