തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട്‌ ലൗ ജിഹാദ്‌, മതംമാറ്റം എന്നെല്ലാം പ്രചരിപ്പിക്കുന്നത്‌ അടിസ്‌ഥാനരഹിതമാണെന്ന്‌ ഷെജിനും ജോയ്‌സനയും

0

ചാരുംമൂട്‌ (മാവേലിക്കര): തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട്‌ ലൗ ജിഹാദ്‌, മതംമാറ്റം എന്നെല്ലാം പ്രചരിപ്പിക്കുന്നത്‌ അടിസ്‌ഥാനരഹിതമാണെന്ന്‌ ഷെജിനും ജോയ്‌സനയും. ഡി.വൈ.എഫ്‌.ഐ. കോഴിക്കോട്‌ കണ്ണോത്ത്‌ മേഖലാ സെക്രട്ടറിയും സി.പി.എം. ലോക്കല്‍ കമ്മിറ്റിയംഗവുമായ എം.എസ്‌. ഷെജിനും തെയ്യപ്പാറ സ്വദേശി ജോയ്‌സനയും തമ്മിലുള്ള മിശ്രവിവാഹം വിവാദങ്ങള്‍ക്കിടയാക്കിയതോടെയാണ്‌ ആലപ്പുഴ ചാരുംമൂട്ടിലെ ബന്ധുവീട്ടില്‍ വച്ച്‌ ഇരുവരും മാധ്യമങ്ങളോടു സംസാരിച്ചത്‌.
ഷെജിന്‍ ഇസ്ലാം മതത്തില്‍പ്പെട്ടയാളും ജോയ്‌സന ക്രിസ്‌തുമത വിശ്വാസിയുമാണ്‌. ഇവരുടെ വിവാഹത്തെ സംബന്ധിച്ച്‌ തട്ടിക്കൊണ്ടുപോകല്‍, ലൗ ജിഹാദ്‌ എന്നൊക്കെയുള്ള വിശേഷണങ്ങളുണ്ടായതോടെയാണ്‌ വിവാദങ്ങളുണ്ടായത്‌. ഒരേ നാട്ടുകാരും പരിചയക്കാരുമായിരുന്ന ഇവര്‍ എട്ടു മാസത്തോളമായി പ്രണയത്തിലായിരുന്നു. ഷെജിനുമായുള്ള അടുപ്പം സ്വന്തം വീട്ടുകാരോടു പറഞ്ഞിരുന്നില്ലെന്ന്‌ ജോയ്‌സന പറഞ്ഞു. വിദേശത്ത്‌ നഴ്‌സായ ജോയ്‌സന ഒന്നര മാസം മുമ്പാണ്‌ നാട്ടില്‍ വന്നതും ഷെജിനുമാമുള്ള വിവാഹം നടന്നതും.
ഇവര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹാജരായപ്പോള്‍ ജോയ്‌സനയുടെ ഇഷ്‌ടപ്രകാരം ഷെജിനൊപ്പം വിടുകയായിരുന്നു. വിവാഹത്തെ സംബന്ധിച്ച്‌ അടിസ്‌ഥാനരഹിതമായ പ്രചരണങ്ങളാണ്‌ നടക്കുന്നതെന്ന്‌ ഷെജിന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായ തങ്ങള്‍ സ്വന്തം ഇഷ്‌ടപ്രകാരം വിവാഹം കഴിക്കുകയായിരുന്നു. മതം മാറണമെന്ന്‌ ജോയ്‌സനയോടു പറഞ്ഞിട്ടില്ല. ലൗ ജിഹാദ്‌ എന്ന പരാമര്‍ശം മനഃപൂര്‍വം ചിലര്‍ ഉയര്‍ത്തുകയാണ്‌.
പ്രണയം വീട്ടുകാര്‍ക്ക്‌ അറിവുള്ളതാണെന്നും ഷെജിന്‍ പറഞ്ഞു. മതം മാറണമെന്ന്‌ ആരും പറഞ്ഞിട്ടില്ലെന്നും മരണം വരെ താന്‍ സ്വന്തം മതത്തില്‍ വിശ്വസിക്കുമെന്നും ജോയ്‌സന പറഞ്ഞു. അവധി കഴിഞ്ഞ്‌ വിദേശത്തേക്കു മടങ്ങാനാണു ജോയ്‌സനയുടെ തീരുമാനം.

Leave a Reply