രവീന്ദ്ര ജഡേജയ്ക്ക് ഭീഷണിയായി ഷാക്കിബ്; നില മെച്ചപ്പെടുത്തി ഇഷാന്‍ കിഷന്‍- പുതിയ റാങ്കിംഗ് ഇങ്ങനെ

0

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയ്ക്ക് ഭീഷണിയായി ഷാക്കിബ് അല്‍ ഹസന്‍. നിലവില്‍ ഒന്നാം റാങ്കിലാണ് ജഡേജ. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ തകര്‍പ്പന്‍  പ്രകടനത്തോടെ ബംഗ്ലാദേശ് ക്യാപ്റ്റനായ ഷാക്കിബ് ജഡേജയ്ക്കടുത്തെത്തി. ജഡേജയ്ക്ക 39 പോയിന്റ് പിറകില്‍ രണ്ടാമതാണ് ഷാക്കിബ്. രണ്ടാമതുണ്ടായിരുന്നു ഇന്ത്യന്‍ താരം ആര്‍ അശ്വിനെ മൂന്നാം സ്ഥാനത്തേക്ക് വലിച്ചിടാനും ഷാക്കിബിനായി. ജേസണ്‍ ഹോള്‍ഡര്‍ (വെസ്റ്റ് ഇന്‍ഡീസ്), ബെന്‍ സ്‌റ്റോക്‌സ് (ഇംഗ്ലണ്ട്) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
അതേസമയം, ടി20 റാങ്കിംഗില്‍ ഇന്ത്യന്‍ താരം ഇഷാന്‍ കിഷന്‍ ഒരു സ്ഥാനം കൂടി മെച്ചപ്പെടുത്തി ആറാമെത്തി. ആറാം സ്ഥാനം ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെയുമൊത്ത് പങ്കിടുകയാണ് കിഷന്‍. പാകിസ്ഥാന്‍ താരങ്ങളായ ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നു. എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മലാന്‍, ആരോണ്‍ ഫിഞ്ച് എന്നിവരാണ് അഞ്ച് വരെയുള്ള സ്ഥാനങ്ങളില്‍. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ ശ്രീലങ്കന്‍ താരം പതും നിസ്സങ്ക എട്ടാമതെത്തി. മാര്‍ട്ടിന്‍ ഗപ്റ്റില്‍, റാസി വാന്‍ ഡര്‍ ഡസ്സന്‍ എന്നിവര്‍ ഒമ്പതും പത്തും സ്ഥാനത്തുണ്ട്. 

ടി20 ബൗളര്‍മാരില്‍ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ നേട്ടമുണ്ടാക്കി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ റാഷിദ് മൂന്നാമതാണ്. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഷംസിക്കൊപ്പം മൂന്നാം സ്ഥാനം പങ്കിടുകയാണ് റാഷിദ്. ഒന്നാമതുള്ള ജോഷ് ഹേസല്‍വുഡിന്റേയും തൊട്ടുത്താഴെയുള്ള ആദില്‍ റഷദീന്റേയും ഇരിപ്പിടത്തിന് ഇളക്കം തട്ടിയിട്ടില്ല. ടി20 ബൗളര്‍മാരുടെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളില്ല. 
ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ആദ്യ പത്ത് സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ വിന്‍ഡീസ് പേസര്‍ കെമര്‍ റോച്ച് എട്ടാമതെത്തി. ഇതോടെ ന്യൂസിലന്‍ഡ് പേസര്‍മാരായ നീല്‍ വാഗ്നര്‍, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ക്ക് ഓരോ സ്ഥാനം നഷ്ടമായി. ഇരുവരും ഒമ്പത്, പത്ത് സ്ഥാനങ്ങളിലാണ്. പാറ്റ് കമ്മിന്‍സ് ഒന്നാമത് തുടരുന്നു. ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here