എ.ഐ.എസ്‌.എഫിനെ ആശയപരമായി നേരിടാന്‍ കഴിയാത്ത എസ്‌.എഫ്‌.ഐ

0

ആലപ്പുഴ : എ.ഐ.എസ്‌.എഫിനെ ആശയപരമായി നേരിടാന്‍ കഴിയാത്ത എസ്‌.എഫ്‌.ഐ. കായികമായി അടിച്ചമര്‍ത്താന്‍ ആസൂത്രിത നീക്കം നടത്തുന്നതായി സംസ്‌ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം. ഉത്തരേന്ത്യന്‍ കാമ്പസുകളില്‍ എ.ബി.വി.പിയും സംഘപരിവാര്‍ സംഘടനകളും നടത്തുന്ന ഫാസിസ്‌റ്റ്‌ ശൈലി തന്നെയാണ്‌ കേരളത്തിലെ കാമ്പസുകളില്‍ എസ്‌.എഫ്‌.ഐയും പിന്തുടരുന്നതെന്നും സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസമെന്ന്‌ കൊടിയില്‍ അടയാളപ്പെടുത്തിയ സംഘടനയാണ്‌ സംസ്‌ഥാനത്തെ വിവിധ കാമ്പസുകളില്‍ എ.ഐ.എസ്‌.എഫിന്റെ നേതാക്കളെയും പ്രവര്‍ത്തകരെയും ക്രൂരമായി ആക്രമിച്ചതെന്നും തുറന്നടിക്കുന്ന റിപ്പോര്‍ട്ടില്‍ പോലീസിനെതിരേയും വിമര്‍ശനമുണ്ട്‌.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ എം.ജി സര്‍വകലാശാല സെനറ്റ്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ തങ്ങളുടെ വനിതാ നേതാവിനു നേരേയുണ്ടായ ആക്രമണം അടക്കം സമീപകാലത്ത്‌ വിവിധ കാമ്പസുകളില്‍ എസ്‌.എഫ്‌.ഐ പ്രവര്‍ത്തകരില്‍നിന്ന്‌ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ അക്കമിട്ടു നിരത്തിയാണ്‌ സി.പി.ഐ. വിദ്യാര്‍ഥി സംഘടനയുടെ രൂക്ഷ വിമര്‍ശനം.
എം.ജി സര്‍വകലാശാലയില്‍ നേതാക്കളായ കെ. ഋഷിരാജ്‌, നിമിഷാ രാജു, അമല്‍ അശോകന്‍, സഹദ്‌ എന്നിവരെ വളഞ്ഞിട്ടാണ്‌ ആക്രമിച്ചത്‌. ഈ നരനായാട്ട്‌ എസ്‌.എഫ്‌.ഐയുടെ ഫാസിസ്‌റ്റ്‌ മുഖം വെളിവാക്കുന്നതാണ്‌.
കാലടി ശ്രീശങ്കര കാമ്പസില്‍ എ.ഐ.എസ്‌.എഫ്‌. സംഘടനാ പ്രവര്‍ത്തനവും കാമ്പയിനുകളും നടത്തിയതില്‍ വിറളിപൂണ്ട്‌ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ സംസ്‌ഥാന കമ്മിറ്റിയംഗം സഹദ്‌, സാദിഖ്‌, റിന്‍ഷാദ്‌ ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു.
ഒല്ലൂര്‍ ഗവ. കോളജില്‍ പഠിപ്പുമുടക്കി സമരം നടത്തിയ എ.ഐ.എസ്‌.എഫ്‌. പ്രവര്‍ത്തകര്‍ക്കുനേരേ എസ്‌.എഫ്‌.ഐ ആക്രമണം നടത്തി. പരുക്കേറ്റവരെ ആശുപത്രിയില്‍ കാണാനെത്തിയ ജില്ലാ സെക്രട്ടറി സനല്‍കുമാര്‍, ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ്‌ ഫായിസ്‌ ഉള്‍പ്പടെയുള്ളവരെ യാതൊരു പ്രകോപനവും കൂടാതെ പോലീസ്‌ മര്‍ദ്ദിക്കുകയും അറസ്‌റ്റ്‌ ചെയ്യുകയും സ്‌റ്റേഷന്‌ അകത്തിട്ട്‌ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തു.
ഇടതു വിദ്യാര്‍ഥി സംഘടനാ കൂട്ടായ്‌മയെന്ന നിലയില്‍ പൊതുതെരഞ്ഞെടുപ്പ്‌ സമയത്ത്‌ എല്‍.ഡി.എസ്‌.എഫ്‌ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും കാമ്പസുകളില്‍ യോജിച്ച പ്രവര്‍ത്തനങ്ങളോ മത്സരങ്ങളോ നടക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഇടതുപക്ഷ രാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിച്ചു പ്രവര്‍ത്തിച്ചതിന്റെ പേരില്‍ എസ്‌.എഫ്‌.ഐ തങ്ങളുടെ സഖാക്കള്‍ക്ക്‌ നേരേ നടത്തിയ ക്രൂരമായ ആക്രമണങ്ങള്‍ നീതികരിക്കാനാകില്ലെന്നും സംസ്‌ഥാന സെക്രട്ടറി ജെ. അരുണ്‍ബാബു അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here