ഇടുക്കി കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്തിയത് പുറത്തുനിന്ന് വന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ; കുത്തേറ്റത് ധീരജ് ഉൾപ്പെടെ രണ്ട് വിദ്യാർത്ഥികൾക്ക്; പരിക്കേറ്റ വിദ്യാർത്ഥി ചികിത്സയിൽ

0

ഇടുക്കി: ഇടുക്കി എൻജിനീയറിങ് കോളേജിൽ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയത് പുറത്തുനിന്ന് വന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെന്ന് റിപ്പോർട്ട്. ആക്രമണം നടത്തിയ ശേഷം ഇയാൾ ഓടി രക്ഷപെട്ടെന്നും നാട്ടുകാർ പറയുന്നു. കണ്ണൂർ സ്വദേശിയായ ധീരജ് ആണ് കൊല്ലപ്പെട്ടത്. അക്രമണത്തിൽ ധീരജ് ഉൾപ്പെടെ രണ്ട് വിദ്യാർത്ഥികൾക്കാണ് കുത്തേറ്റത്. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്. തെരഞ്ഞെടുപ്പിനിടയിലുണ്ടായ കെ എസ് യു-എസ്എഫ്ഐ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്എഫ്‌ഐ ആരോപിച്ചു.
കോളേജിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ-കെഎസ്‌യു പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഈ സമയം പുറത്ത് നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ധീരജിനെ കുത്തിയത് എന്നാണ് ആരോപണം. കോളേജിലെ എസ് എഫ് ഐയുടെ സജീവ പ്രവർത്തകനാണ് കൊല്ലപ്പെട്ട വിദ്യാർത്ഥി.

ധീരജിന്റെ കഴുത്തിലാണ് കുത്തേറ്റത്. നാട്ടുകാരും വിദ്യാർത്ഥികളും ചേർന്ന് തൊട്ടടുത്തുള്ള ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചുവെന്നാണ് വിവരം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആളുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പുറത്ത് നിന്നുള്ള ആളുകൾ പ്രവേശിച്ചതിനെതിരേയും കോളേജിനുള്ളിൽ ഇപ്പോൾ ശക്തമായ പ്രതിഷേധം നടക്കുകയാണ്.

Leave a Reply