കൊടുംവരൾച്ച; സൊമാലിയയിൽ ഭക്ഷണമില്ലാതെ കുഞ്ഞുങ്ങൾ, പാലുവറ്റി അമ്മമാർ

0

ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയാണ് സൊമാലിയ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. വരൾച്ചയുടെ പേരിൽ അവിടെ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് കുട്ടികളാണ്. രാജ്യത്തെ അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ പകുതിയോളം പേർ ജൂൺ മാസത്തോടെ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മാതാപിതാക്കൾ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കണ്ടെത്താൻ പാടുപെടുകയാണ്.

തെക്ക്-പടിഞ്ഞാറൻ സൊമാലിയയിലെ മൊഗാദിഷുവിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ലൂക്കിലെ ഒരു പോഷകാഹാര കേന്ദ്രത്തിൽ എത്തിയതാണ് നിംകോ അബ്ദി. അവരുടെ പെൺകുഞ്ഞിന് ആറുമാസമാണ് പ്രായം. അവളുടെ തൂക്കം വെറും നാല് കിലോയാണ്. അത് കുട്ടിക്ക് വേണ്ടുന്ന ഭാരത്തിന്റെ പകുതിയിൽ താഴെയാണ്. അവളുടെ പ്രായത്തിനനുസരിച്ച് നോക്കുമ്പോൾ അവൾ വളരെ ചെറുതാണ്. കണ്ണുകൾ കുഴിഞ്ഞ്, എല്ലുകൾ തള്ളി, ചുളിവുകൾ നിറഞ്ഞ് വിളറി വെളുത്ത രൂപമാണ് അവൾക്ക്. ഒന്ന് ഉറക്കെ കരയാനുള്ള ആരോഗ്യം പോലുമില്ല. കരയുമ്പോൾ ഒരു നേർത്ത ശബ്ദം മാത്രമാണ് പുറത്ത് വരുന്നത്. “ഞാൻ അവൾക്ക് ആദ്യമൊക്കെ മുലപ്പാൽ കൊടുക്കുമായിരുന്നു. പക്ഷേ, എനിക്ക് ആഹാരം കിട്ടാതായപ്പോൾ എന്റെ പാൽ വറ്റി. ഇതോടെ അവളും മെലിഞ്ഞു” നിംകോ പറയുന്നു.

Leave a Reply