ബാഗിൽ നിന്ന് കണ്ടെടുത്തത് നിരവധി രേഖകളും ചെക്ക് ബുക്കുകളും നോട്ടുകെട്ടുകളും; നജ്‌ലയുടെ മരണത്തിന് പിന്നാലെ റെനീസ്‌ ബാഗ് ബന്ധുവിന്റെ വീട്ടിലേൽപ്പിച്ചു; പോലീസ് ക്വാർട്ടേഴ്സിലെ ആത്മഹത്യയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

0

ആലപ്പുഴ: ആലപ്പുഴയിലെ കൂട്ട ആത്മഹത്യയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌ത നജ്‍ലയുടെ ഭർത്താവ് റെനീസിന് വട്ടിപ്പലിശക്ക് വായ്പ നൽകുന്ന ബിസിനസ് ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇത് സംബന്ധിച്ച രേഖകളും പണവും റെനീസിൻറെ ബന്ധുവിൻറെ വീട്ടിൽ നിന്ന് കണ്ടെടുത്തു.

വട്ടിപ്പലിശക്ക് വായ്പ കൊടുക്കുന്നതിനാണ് നജ്‍ലയെ കൂടുതൽ സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. കണ്ടെത്തിയ ബാഗിൽ നിരവധി ആധാരങ്ങളും ചെക്ക് ബുക്കുകളും ഒരു ലക്ഷത്തിനടത്ത് നോട്ടുകളുമുണ്ട്. നജ്ലയും കുഞ്ഞുങ്ങളും മരിച്ചതിന് പിന്നാലെ ഇതടങ്ങിയ ബാഗ് ബന്ധുവിൻറെ വീട്ടിൽ റെനീസ് ഏൽപ്പിക്കുകയായിരുന്നു. വട്ടിപ്പലിശ ബിസിനസ് നടത്തിയതിനും റെനീസിനെതിരെ കേസെടുക്കും. റെനീസിനെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തിരുന്നു. ഇതോടൊപ്പം വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ കുറ്റങ്ങൾ ചുമത്തി റെനീസിനെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ജുഡിഷ്യൽ കസ്റ്റഡിയിൽ ജയിലിലാണ്.

അതേസമയം പൊലീസ് ക്വാർട്ടേഴ്സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥൻ റെനീസിനെതിരെ ഗുരുതര കണ്ടെത്തലുകലുകളാണ് പുറത്തുവന്നിരുന്നത്. റെനീസിൻറെ പീഡനങ്ങളാണ് കൊലപാതകങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് കണ്ടെത്തൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ റെനീസ് നിരന്തരം പീഡിപ്പിച്ചിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പൾസർ ബൈക്കും സ്ത്രീധനമായി നജ്ലയുടെ വീട്ടുകാർ നൽകിയിരുന്നു. എന്നാൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ പല തവണ റെനീസ് വീട്ടിലേക്ക് തിരിച്ചയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.

നജ്ലയെ സ്വന്തമായി മൊബൈൽ ഫോൺ ഉപയോഗിക്കാൻ റെനീസ് അനുവദിച്ചിരുന്നില്ല. ഇയാൾ പുറത്ത് പോകുമ്പോൾ നജ്ലയെ മുറിയിൽ പൂട്ടിയിടുമായിരുന്നു. പുറം ലോകവുമായി ബന്ധപ്പെടാൻ നജ്ലയെ അനുവദിച്ചില്ല. പല സ്ത്രീകളുമായും റെനീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നു. ബന്ധുവായ ഒരു സ്ത്രീയെ കല്ല്യാണം കഴിക്കുന്നതിനായി നജ്ലയെ റെനീസ് നിരന്തരം സമ്മർദ്ദം ചെലുത്തി. റെനീസിൻറ മാനസിക ശാരിര പീഡനങ്ങളാണ് നജ്ലയെ ആത്മഹത്യയിലേക്കെത്തിച്ചതെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here