Thursday, September 23, 2021

ആലപ്പുഴ ബൈപ്പാസ് തുറന്നുകൊടുത്ത്‌ ഏഴുമാസം പിന്നിടുമ്പോഴേക്കും വിവിധ അപകടങ്ങളിലായി പൊലിഞ്ഞതു നാലുജീവനുകൾ

Must Read

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് തുറന്നുകൊടുത്ത്‌ ഏഴുമാസം പിന്നിടുമ്പോഴേക്കും വിവിധ അപകടങ്ങളിലായി പൊലിഞ്ഞതു നാലുജീവനുകൾ. ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയുംചെയ്തു. ശ്രദ്ധക്കുറവിൽ വാഹനങ്ങളുടെ കൂട്ടയിടിയാണ് ബൈപ്പാസിലെ പ്രധാനവെല്ലുവിളി. ഏപ്രിലിൽ ദിവസങ്ങളുടെ വ്യത്യാസത്തിലുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ബൈപ്പാസിലെ മേൽപ്പാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച അപകടത്തിൽ കാറോടിച്ചയാളാണു മരിച്ചത്.

ഇതിനു സമീപത്തായിട്ടാണ് ചൊവ്വാഴ്ച പുലർച്ചേ കാറുകൾ കൂട്ടിയിടിച്ചു രണ്ടുജീവനുകൾകൂടി പൊലിഞ്ഞത്. വാഹനങ്ങൾ വേഗനിയന്ത്രണങ്ങൾ പാലിക്കാതെ ചീറിപ്പായുകയാണെന്ന്‌ പോലീസ് പറയുന്നു. മേൽപ്പാലത്തിൽ മറികടക്കാൻ ശ്രമിക്കുന്നതും പ്രശ്നമാണ്.

മോട്ടോർവാഹനവകുപ്പിന്റെ നിഗമനം ഇങ്ങനെ

കളർകോടുഭാഗത്തുനിന്നു കൊമ്മാടിയിലേക്കു വരുമ്പോൾ മാളികമുക്ക് മേൽപ്പാലമെത്തുന്നതിനു മുൻപായി വലിയ വളവാണ്. വാഹനങ്ങൾ വളരെവേഗത്തിലാണു വരുന്നതെങ്കിൽ വളവ് എത്തുമ്പോഴേക്കും വലതുവശത്തേക്കു നീങ്ങും. ഇത് അപകടസാധ്യത വർധിപ്പിക്കും. ഇവിടെ റോഡിലെ ഉയരവ്യത്യാസംമൂലം വേഗത്തിലെത്തുന്ന വാഹനത്തിനു നിയന്ത്രണം നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇങ്ങനെയാണു ചൊവ്വാഴ്ചത്തെ അപകമുണ്ടായതെന്നാണു പ്രാഥമിക നിഗമനം.

അപകടമുണ്ടായസമയത്തു വാഹനങ്ങൾ ബ്രേക്ക് ചെയ്തതിന്റെ പാടുകൾ റോഡിലില്ല. പരസ്പരം വാഹനങ്ങൾ ഇടിച്ചാണു നിന്നതും. ഇതും അപകടതീവ്രത വർധിപ്പിച്ചു. ഇതുസംബന്ധിച്ച് വിശദ റിപ്പോർട്ട് ട്രാൻസ്‌പോർട്ട് കമ്മിഷണർക്കു മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ കൈമാറും. ആർ.ടി. ഒ.യ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ശ്രദ്ധക്കുറവും അതിവേഗവും അപകടത്തിനിടയാക്കിയെന്നാണു സൂചിപ്പിക്കുന്നത്.

വേണം ബൈപ്പാസിൽ വേഗനിരീക്ഷണ ക്യാമറകൾ

ആലപ്പുഴ ബൈപ്പാസിൽ വേഗനിരീക്ഷണ ക്യാമറകൾ വേണമെന്ന നിർദേശവുമായി മോട്ടോർ വാഹനവകുപ്പ്. വാഹനാപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിലാണ് നിർദേശം വീണ്ടുമുയരുന്നത്. ഇതിനായി മോട്ടോർ വാഹനവകുപ്പ് വീണ്ടും റിപ്പോർട്ട് നൽകും. ബൈപ്പാസ് മേൽപ്പാലത്തിന്റെ തുടക്കങ്ങളിലും ഇടവിട്ടും ക്യാമറകൾ വേണമെന്ന നിർദേശമാകും നൽകുക.

മേൽപ്പാലത്തിൽ വളവുകൾവരുന്ന ഭാഗത്തിനു മുൻപായി വേഗം കുറയ്ക്കുന്നതിനായി തുടർച്ചയായി റിഫ്ളക്ടറുകൾ സ്ഥാപിക്കുന്നതു പരിഗണിക്കണമെന്നും വകുപ്പ് ആവശ്യപ്പെടും. മറികടക്കൽ ഒഴിവാക്കുന്നതിനായി തുടർച്ചയായി വെള്ളവരയിടുന്നതും അപകടസൂചനാ ബോർഡുകൾ കൂടുതൽ ശ്രദ്ധയിൽപ്പെടുന്ന രീതിയിൽ സ്ഥാപിക്കുന്നതും പരിഗണിക്കുന്നുണ്ട്.

സിഗ്നലുകളിൽ ആശയക്കുഴപ്പം

ബൈപ്പാസ് തുറന്നുകൊടുത്ത്‌ ആറുമാസം പിന്നിട്ടെങ്കിലും ദീർഘദൂരയാത്രക്കാർക്ക് സിഗ്നലുകളിൽ ആശയക്കുഴപ്പം ഇപ്പോഴുമുണ്ട്. കളർകോട്ടും കൊമ്മാടിയിലും മറ്റുറോഡുകളിലേക്കു തിരിയുന്നതിൽ കടുത്ത ആശയക്കുഴപ്പമാണുണ്ടാകുന്നത്. കളർകോട് റോഡ് തിരിക്കുന്ന താത്‌കാലിക ഡിവൈഡറുകളിൽ ഏതാനുമെണ്ണം തകർന്ന നിലയിലുമാണ്. ഇതിനുപകരം ഡിവൈഡറുകൾ നീട്ടണമെന്നും ആവശ്യമുയർന്നിരുന്നു. കളർകോട് ബ്ലോക്ക് ഓഫീസിനു സമീപം രാത്രിയിൽ ആവശ്യത്തിനു വെളിച്ചമില്ലാത്തതും എങ്ങോട്ടാണു പോകേണ്ടതെന്ന ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.

പിഴ ഇങ്ങനെ

ബൈപ്പാസിൽ ഗതാഗതം തടസ്സപ്പെടുത്തി ഫോട്ടോ എടുക്കാൻ വാഹനം നിർത്തിയാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും. പുറമെ 250 രൂപ പിഴയുമുണ്ട്

ആറുമാസത്തേക്കു ലൈസൻസ് സസ്പെൻഡ് ചെയ്യും

കാൽനട യാത്രയ്ക്കും ബൈപ്പാസിൽ നിരോധനമുണ്ട് ആലപ്പുഴ ബൈപ്പാസിൽ അപകടത്തിൽപ്പെട്ട വാഹനങ്ങൾ

ബൈപ്പാസ് അപകടങ്ങളിൽ ചിലത്

ബൈപ്പാസ് ഉദ്ഘാടനദിവസം മേൽപ്പാലത്തിൽ കുറേ വാഹനങ്ങൾ കൂട്ടിയിടിച്ചു.

പിന്നീട്, തടികയറ്റിവന്ന ലോറി ഇടിച്ചു കൊമ്മാടിയിലെ ടോൾ ബൂത്ത് തകർന്നു

മാർച്ചിൽ ബൈപ്പാസ് റോഡിൽ കളർകോട്ടുഭാഗത്ത് സെക്രട്ടേറിയറ്റ് അണ്ടർ സെക്രട്ടറി ബൈക്കപകടത്തിൽ മരിച്ചു. നീർക്കുന്നം കളപ്പുരയ്ക്കൽ ഗോപാലകൃഷ്ണൻറ മകൻ സുധീഷാണ് (48) മരിച്ചത്

ഏപ്രിലിൽ മാളികമുക്ക് ബൈപ്പാസ് േമൽപ്പാലത്തിൽ മിനിലോറിയും കാറും കൂട്ടിയിടിച്ച് കാർയാത്രക്കാരനായ കളപ്പുരവാർഡിൽ ആൻറണിയുടെ മകൻ ആഷ്‌ലിൻ ആൻറണി (26) മരിച്ചു

ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ബൈക്കിൽ കാറിടിച്ചും ഇരവുകാടുഭാഗത്ത് കാർ കോൺക്രീറ്റ് കുറ്റിയിൽ ഇടിച്ചുമറിഞ്ഞും അപകടമുണ്ടായി

കാർ റോഡരികിലെ മൈൽക്കുറ്റിയിൽ ഇടിച്ച് മൂന്നുതവണ മലക്കംമറിഞ്ഞു. കാറിന്റെ ഇന്ധനടാങ്ക് ചോർന്ന് റോഡിലേക്ക് ഒഴുകി ബൈക്ക് യാത്രികൻ തെന്നിവീണു.

സൈക്കിൾയാത്രക്കാരനെ ഇടിച്ചു വാഹനം നിർത്താതെപോയ സംഭവവുമുണ്ടായിട്ടുണ്ട്

Leave a Reply

Latest News

തിരുവനന്തപുരത്ത് നോക്കുകൂലി നൽകാത്തതിൽ യുവാവിനെ മർദിച്ചു

തിരുവനന്തപുരത്ത് നോക്കുകൂലി നൽകാത്തതിൽ യുവാവിനെ മർദിച്ചു. സിഐടിയു – ഐഎൻടിയുസി തൊഴിലാളികളാണ് വീട് നിർമ്മാണ കരാറുകാരനായ മണികണ്ഠനെ മർദിച്ചത്.വീടിന്റെ കോൺക്രീറ്റിന് വേണ്ടി ഇന്നലെ കമ്പി ഇറക്കിയിരുന്നു....

More News