Sunday, January 23, 2022

മകളുടെ പ്രണയവിവാഹം നടത്താൻ സഹായിച്ച യുവാവിനെ ക്വട്ടേഷൻ നൽകി അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മാതാപിതാക്കളടക്കം ഏഴുപേർ അറസ്റ്റിൽ

Must Read

മകളുടെ പ്രണയവിവാഹം നടത്താൻ സഹായിച്ച യുവാവിനെ ക്വട്ടേഷൻ നൽകി അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മാതാപിതാക്കളടക്കം ഏഴുപേർ അറസ്റ്റിൽ. തലക്കുളത്തൂർ പാലോറ മൂട്ടിൽ അനിരുദ്ധൻ, ഭാര്യ അജിത, നടുവിലക്കണ്ടി വീട്ടിൽ സുഭാഷ്‌ ബെന്നി, സൗപർണിക വീട്ടിൽ അരുൺ, കണ്ടംകയ്യിൽ വീട്ടിൽ അശ്വന്ത്‌, അന്നശേരി കണിയേരീ മീത്തൽ അവിനാഷ്‌, പുലരി വീട്ടിൽ ബാലു പ്രണവ്‌ എന്നിവരെയാണ്‌ ചേവായൂർ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

അജിതയുടെയും അനിരുദ്ധന്റെയും പരിയാരം മെഡിക്കൽ കോളേജിൽ വിദ്യാർഥിനിയായിരുന്ന മകൾ ജാനറ്റ്‌ ബന്ധുവായ സ്വരൂപുമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം മാതാപിതാക്കൾ എതിർത്തിരുന്നു. ഇത്‌ വകവയ്‌ക്കാതെ ജാനറ്റ്‌ സ്വരൂപിനെ രജിസ്റ്റർ വിവാഹം ചെയ്‌തു. പഠനം കഴിഞ്ഞാലുടൻ ജാനറ്റ്‌ സിംഗപ്പൂരിൽ സ്വരൂപിന്റെയടുത്തേക്ക്‌ പോകുമെന്ന്‌ മനസ്സിലാക്കിയതോടെയാണ്‌ മാതാപിതാക്കൾ പ്രതികാരത്തിന്‌ മുതിർന്നത്‌. വിവാഹത്തിനും യാത്രയ്‌ക്കും സൗകര്യംചെയ്‌ത സ്വരൂപിന്റെ സഹോദരീ ഭർത്താവ്‌ റിനീഷിനെ കൊലപ്പെടുത്താൻ അയൽവാസികൂടിയായ സുഭാഷ്‌ ബെന്നിക്ക്‌ ക്വട്ടേഷൻ നൽകി. അരുൺ, അശ്വന്ത്‌, അവിനാഷ്‌, ബാലു പ്രണവ്‌ എന്നിവരുടെ സഹായത്തോടെ റിനീഷിനെ വകവരുത്താൻ പദ്ധതിയിട്ടു. തലക്കുളത്തൂർ കേരള ഗ്രാമീൺ ബാങ്കിൽ സ്വർണം പണയംവച്ച പണം അനിരുദ്ധനും അജിതയും സുഭാഷ്‌ ബെന്നിക്കും അരുണിനും കൈമാറി.

ഡിസംബർ ഒന്നിന്‌ പാലോറ മലയിൽ ഒത്തുചേർന്ന ക്വട്ടേഷൻ സംഘം കോവൂരിലുള്ള റിനീഷിന്റെ കടയ്‌ക്ക്‌ സമീപമെത്തി. കടയടച്ച്‌ പുറത്തിറങ്ങിയ റിനീഷിനെ രണ്ട്‌ ബൈക്കുകളിലായി സംഘം പിന്തുടർന്നു. വാപ്പോളിത്താഴം കയ്യാലത്തൊടി റോഡിലെത്തിയപ്പോൾ തടഞ്ഞുനിർത്തി മർദിക്കുകയും വെട്ടുകയുമായിരുന്നു.

സംഭവത്തിനുശേഷം രക്ഷപ്പെട്ട സംഘം പൊള്ളാച്ചി, പെരിന്തൽമണ്ണ, കൊച്ചി എന്നിവിടങ്ങളിലായി ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം പ്രതികൾ നാട്ടിലെത്തിയതായി പൊലീസിന്‌ രഹസ്യവിവരം ലഭിച്ചു. വ്യാഴം രാത്രിയാണ്‌ ഇവരെ കസ്റ്റഡിയിലെടുത്തത്‌. നേരത്തെ ആലപ്പുഴയിലുള്ള സംഘത്തിനും അനിരുദ്ധൻ ക്വട്ടേഷൻ നൽകിയിരുന്നു. സുഭാഷ്‌ മുഖേന 25,000 രൂപ മുൻകൂറായും നൽകി. മറ്റൊരു ക്വട്ടേഷൻ ഏറ്റെടുത്ത സംഘം തിരികെ പോയതോടെ ലക്ഷ്യം പാളി. തുടർന്നാണ്‌ പുതിയ സംഘത്തെ ദൗത്യമേൽപ്പിച്ചത്‌.

അസി. കമീഷണർ കെ സുദർശൻ, ചേവായൂർ ഇൻസ്‌പെക്ടർ കെ ചന്ദ്രമോഹൻ, എസ്‌ഐമാരായ ഷാൻ, അഭിജിത്ത്‌, രഘുനാഥൻ, എഎസ്‌ഐ സജി, സിവിൽ പൊലീസ്‌ ഓഫീസർമാരായ രാജീവ്‌ പാലത്ത്‌, ശ്രീരാഗ്‌, റോഷ്‌ണി, സുമേഷ്‌, പ്രസീത്‌, മഞ്ജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌.

Leave a Reply

Latest News

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ്...

More News