ആശുപത്രിക്കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് വീണ രോഗിക്ക് ഗുരുതര പരിക്ക്

0

ആശുപത്രിക്കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്ക് വീണ രോഗിക്ക് ഗുരുതര പരിക്ക്. പശ്ചിമബംഗാളിലെ മല്ലിക് ബാസാറിലെ ഇൻസ്റ്റിട്യൂട്ട് ഓഫ് ന്യൂറോസയൻസസിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സുജിത് അധികാരി എന്ന യുവാവാണ് താഴേക്ക് വീണത്.

ആശുപത്രിജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഏഴാം നിലയിലെ ജനാലയിൽ കൂടി പുറത്തേക്കിറങ്ങിയ സുജിത് രണ്ട് മണിക്കൂറോളം ആശുപത്രി അധികൃതരേയും രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്‌നിശമനസേന, പൊലീസ് സേനാംഗങ്ങളെ സംഭ്രമത്തിലാഴ്‌ത്തിയ ശേഷമാണ് താഴേക്ക് വീണത്. സുജിത്തിനെ അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമം തുടരുന്നതിനിടെയായിരുന്നു അപകടം.

രക്ഷാപ്രവർത്തനത്തിനായി താഴെ കിടക്കകളും വലയും ഒരുക്കിയിരുന്നെങ്കിലും വീഴ്ചയ്ക്കിടെ രണ്ട് തവണ കെട്ടിടത്തിന്റെ വശത്ത് ഇടിച്ചതിനെ തുടർന്നാണ് ഗുരുതരപരിക്കുകൾക്കിടയാക്കിയത്. ഉച്ചയ്ക്ക് 1.10 നായിരുന്നു സംഭവം. സുജിത്തിനെ താഴെയിറക്കാനെത്തിച്ച ഹൈഡ്രോളിക് ലാഡർ ഉയർത്തിയാൽ താഴേക്ക് ചാടുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

വിവരമറിഞ്ഞ് ആശുപത്രി പരിസരത്ത് കൂടിയ ജനങ്ങളും യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. ദുരന്തനിവാരണസേന താഴെ വല വിരിച്ച് തയ്യാറെടുക്കുന്നത് കണ്ടതോടെ ഇരുന്നിടത്ത് നിന്ന് താഴേക്കിറങ്ങാൻ യുവാവ് ആരംഭിച്ചു. കെട്ടിടത്തിന്റെ വശങ്ങളിൽ പിടിച്ചും ചവിട്ടി നിന്നും താഴേക്ക് നീങ്ങുന്നതിനിടെയാണ് പിടിവിട്ട് താഴേക്ക് പതിച്ചത്. തലയോട്ടി, വാരിയെല്ലിൻ കൂട്, ഇടതുകൈ എന്നിവയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി വക്താവ് അറിയിച്ചു.

സേനകൾ സ്ഥലത്തെത്തുന്നതിന് മുമ്പ് ആശുപത്രി ജീവനക്കാർ സോഫ, കുഷ്യനുകൾ, മറ്റ് വസ്തുക്കൾ എന്നിവ നിരത്തിയിരുന്നു. വിവരമറിഞ്ഞെത്തിയ സുജിത്തിന്റെ ബന്ധുക്കളും ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here