Thursday, July 29, 2021

കൂലിപ്പണി രാജന്റെ ഡയലോഗിന് സമാനമായ സാഹചര്യമാണ് തനിക്കിപ്പോഴുള്ളതെന്ന് സീരിയൽ നടി സന്ധ്യാറാണി

Must Read

”രാവിലെ 6.30-ന് കേറി, ഉച്ചയ്ക്ക് ഉണ്ണാൻപോലും ഇറങ്ങാതെ, വൈകുന്നേരം 6.30 വരെ പണിചെയ്യുന്ന കൂലിപ്പണി രാജൻ” എന്ന കോമഡി ഡയലോഗ് കേൾക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ, അതിലെ സ്ത്രീശബ്ദം നൽകിയത് കുടപ്പനക്കുന്ന് സ്വദേശിനിയായ മിമിക്രി കലാകാരി സന്ധ്യാ റാണിയാണെന്ന് അറിയുന്നവർ ചുരുക്കമാണ്.

അതേ, കൂലിപ്പണി രാജന്റെ സമാനമായ സാഹചര്യമാണ് തനിക്കിപ്പോഴുള്ളതെന്ന് സീരിയൽ നടികൂടിയായ സന്ധ്യാറാണി പറയും. വെളുപ്പാൻകാലത്ത് തുടങ്ങിയാലേ രാത്രി ആകുമ്പോഴേക്കും ജീവിക്കാനുള്ള വക കിട്ടൂ. അധ്യാപികയിൽ നിന്നും പച്ചക്കറി വിൽപ്പനക്കാരിയായിട്ടായിരുന്നു പ്രതിസന്ധികാലത്തെ ആദ്യ വേഷപ്പകർച്ച. ലോൺ വഴിയെടുത്ത വാഹനം പണി തന്നപ്പോൾ തേങ്ങയും കപ്പയും തക്കാളിയും വിൽക്കാൻ വഴിവക്കിൽ ഇരുന്നു. ഇപ്പോൾ വീണ്ടും തട്ടുകട നടത്തിയാണ് ഉപജീവനം. കഷ്ടതകൾ ഒരുപാട് അനുഭവിച്ചാണ് വളർന്നുവന്നത്. ഏതു പ്രതിസന്ധിയെയും മറികടക്കാൻ ഉള്ള ആത്മധൈര്യം അങ്ങനെ കൈവന്നതാണെന്നും അവർ പറയുന്നു.

കുടപ്പനക്കുന്ന് മുക്കോല ഇളയമ്പള്ളി ശ്രീശൈലത്തിൽ സന്ധ്യാറാണി കഴിഞ്ഞ അഞ്ചുകൊല്ലമായി ടി.വി. സീരിയൽ, കോമഡി, സ്റ്റേജ് ഷോ എന്നിവയിൽ സജീവമായിരുന്നു. വിവിധ ചാനലുകളിലെ തകർപ്പൻ കോമഡി, കോമഡി സ്റ്റാർസ്, കോമഡി മാസ്റ്റേഴ്സ് പരിപാടികളിലൂടെ അവർ ചിരിയമിട്ടുകൾ പൊട്ടിച്ചു. നോബി, അസീസ്, വിനു വി.കമൽ എന്നിവരുടെ ടീം ഓഫ് ട്രിവാൻഡ്രത്തിനൊപ്പം ഗൾഫിലും നാട്ടിലും സ്റ്റേജ് ഷോയും അവതരിപ്പിച്ചു. കൊച്ചുകുട്ടികൾ മുതൽ പ്രായമുള്ളവരുടെ വരെ ശബ്ദവും അനുകരിച്ചു. ഡബ്ബിങ് ആർട്ടിസ്റ്റുമായി. ഇതിനിടെ അവാർഡുകളും തേടിയെത്തി.

നിപ വഴിയായിരുന്നു ആദ്യത്തെ ആഘാതം. അക്കാലത്ത് തന്നെ ഉത്സവപ്പറമ്പുകൾ അന്യമായി. കോവിഡ് കാലത്ത് സർവതും അടച്ചുപൂട്ടി. വീടിന്റെ അകത്തളങ്ങളിൽ ചിരിസന്ധ്യകൾ ഒരുക്കിയിരുന്ന കാലത്തുനിന്നും സ്വന്തം വീടിന്റെ അടുക്കള പുകയാൻ കൂലിപ്പണിക്കിറങ്ങേണ്ട സാഹചര്യം. ജീവിതം ചോദ്യചിഹ്നമായപ്പോൾ വായ്പയെടുത്ത് പുതിയ വാഹനം വാങ്ങി. കുടപ്പനക്കുന്ന്, നാലാഞ്ചിറ, മണികണ്ഠേശ്വരം എന്നിവിടങ്ങളിൽ വാഹനങ്ങളിൽ എത്തിച്ച് പച്ചക്കറികൾ വിറ്റു. ഒരുമാസത്തിനിടെ പുതിയ വാഹനത്തിന്റെ എൻജിൻ തകരാറിലായി. വാഹനം കുടപ്പനക്കുന്ന് ടൗണിലെ വഴിവക്കിലിട്ട് തട്ടുകട ആരംഭിച്ചു. ആഹാരം ഉണ്ടാക്കുന്നതെല്ലാം തനിച്ചായിരുന്നു. നന്നായി പോകുന്നതിനിടെയാണ് കോവിഡ് രണ്ടാം തരംഗത്തിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചത്.

തേങ്ങയും തക്കാളിയും സവാളയും വിറ്റ് പിടിച്ചുനിൽക്കാനായിരുന്നു പി.പി.ടി.ടി.സി. പാസായി വഴുതക്കാട്ടെ സ്കൂളിൽ അധ്യാപികയായും ജോലി ചെയ്തിട്ടുള്ള സന്ധ്യാറാണിയുടെ പിന്നിടുള്ള ശ്രമം. അതുകൊണ്ടുമാത്രം ജീവിതം മുന്നോട്ടുപോകില്ലെന്നുറപ്പായപ്പോൾ കോട്ടൺഹിൽ സ്കൂളിലെ മുൻ കലാതിലകം കൂടിയായ സന്ധ്യയ്ക്ക് സമരങ്ങളും നടത്തേണ്ടിവന്നു.

ഒടുവിൽ പേരൂർക്കട സി.ഐ. ഇടപെട്ട് തട്ടുകട തുറക്കാൻ കഴിഞ്ഞദിവസം അനുമതി നൽകി. പാർസൽ ആയി ഭക്ഷണം കൊടുക്കാനാണ് അനുവാദം. മക്കളായ രാഹുൽ രാജും വിഷ്ണുരാജും എല്ലാ പിന്തുണയും നൽകുന്നു. ഇക്കാലവും കടന്നുപോകുമെന്നും നല്ലൊരുദിനം വരുമെന്നും വീണ്ടും അഭിനയരംഗത്ത് സജീവമാകാമെന്ന പ്രതീക്ഷയിലുമാണവർ

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News