ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരിയറിലെ ഏറ്റവും മികച്ച ഗോൾ ഓർത്തെടുത്ത് സെർജിയോ അഗ്യൂറോ

0

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരിയറിലെ ഏറ്റവും മികച്ച ഗോൾ ഓർത്തെടുത്ത് സെർജിയോ അഗ്യൂറോ. മാഞ്ചസ്റ്റർ സിറ്റി വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു അർജന്‍റൈൻ സൂപ്പർതാരം.
മാഞ്ചസ്റ്റർ സിറ്റിക്കും സെർജിയോ അഗ്യൂറോയ്ക്കും ആരാധകർക്കും ഒരിക്കലും മറക്കാനാവാത്ത ഗോൾ. പ്രീമിയർ ലീഗ് ചരിത്രത്തിൽ സിറ്റി ആദ്യമായി കിരീടം സ്വന്തമാക്കിയ ഗോൾ കൂടിയാണിത്. 2011-12 സീസണിലെ അവസാന മത്സരത്തിന്‍റെ അവസാന മിനിറ്റിലായിരുന്നു അഗ്യൂറോ സിറ്റിയുടെ രക്ഷകനായത്. ഗോൾ നേടിയതിന് ശേഷമുള്ള വിജയാഘോഷം അഗ്യൂറോ ഓർത്തെടുത്തു. ഗോളിന്‍റെ ഞെട്ടലിലായതിനാല്‍ എന്നെ വെറുതെവിടൂ എന്നാണ് സഹതാരങ്ങളോട് ഗോളാഘോഷത്തിനിടെ പറഞ്ഞത് എന്ന് അഗ്യൂറോ വെളിപ്പെടുത്തി. 
മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനാണ് അഗ്യൂറോ. പത്ത് വർഷത്തിനിടെ 275 കളിയിൽ നേടിയത് 184 ഗോളും 47 അസിസ്റ്റും. 2012ലെ ആദ്യ കിരീടനേട്ടത്തിന് ശേഷം ഈ സീസണിലുൾപ്പടെ സിറ്റി അഞ്ചുതവണ കൂടി ചാമ്പ്യൻമാരായി. കഴിഞ്ഞ സീസണിൽ സിറ്റി വിട്ട് ബാഴ്സലോണയിലെത്തിയ അഗ്യൂറോ ഹൃദ്രോഗത്തെ തുടർന്ന് കളിക്കളം വിടുകയായിരുന്നു. ലാലീഗയില്‍ അലാവസനെതിരായ മത്സരത്തിനിടെ ശ്വാസതടസ്സം നേരിട്ട ബാഴ്‌സലോണ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗുരുതര രോഗമാണെന്ന് കണ്ടെത്തിയത്. 

കോപ്പ അമേരിക്ക നേടിയ അർജന്‍റീന ടീമില്‍ അംഗമായിരുന്ന അഗ്യൂറോ അര്‍ജന്റീനയ്ക്കുവേണ്ടി 101 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇന്‍ഡിപെന്‍ഡിയന്റേ, അത്‌ലറ്റിക്കോ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ബാഴ്‌സലോണ ക്ലബുകള്‍ക്കായി 786 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള അഗ്യൂറോ 427 ഗോള്‍ സ്വന്തം പേരിനൊപ്പം കുറിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായ ആഗ്യൂറോ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ വിദേശതാരവുമാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here