Monday, September 27, 2021

അയച്ചത് മിലിട്ടറി ബാഗ് , കിട്ടിയത് ആക്രി; സംഭവം മഴുവന്നൂരിൽ

Must Read

ആഗ്രയിൽനിന്ന് ജവാന് അയച്ച കൊറിയർ നാട്ടിലെത്തിയപ്പോൾ ആക്രി സാമഗ്രികളായി മാറി. മഴുവന്നൂർ നെല്ലാട് തോപ്പിൽ വീട്ടിൽ സുമിത് എസ്. നായർക്കാണ് ഉപയോഗ ശൂന്യമായ വസ്തുക്കളും മറ്റും കൊറിയറായി ലഭിച്ചത്. ലഡാക്കിൽനിന്ന് ലീവിന് നാട്ടിലെത്തിയ സുമിത്തിന്‌ വരുന്ന വഴി തന്റെ ബാഗിന് കേടുപറ്റിയിരുന്നു. തുടർന്ന് ആഗ്രയിലെ തന്റെ സുഹൃത്തും മലയാളിയുമായ അൻവർ അൻസാരിയുടെയടുത്ത് ആർമി കാന്റീനിൽനിന്ന് മിലിറ്ററി ബാഗ് വാങ്ങി കൊറിയർ അയയ്ക്കാൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ 17-ന് അൻവർ ആഗ്രയിലെ ആർമി പോസ്റ്റ് ഓഫീസ് വഴി നാട്ടിലേക്ക് ബാഗ് അയച്ചു. തിങ്കളാഴ്ച സുമിത്തിനു ലഭിച്ച കൊറിയറിൽ കിട്ടിയത് ഉപയോഗിച്ച സ്വറ്റർ, പാന്റ്സ്‌ തുടങ്ങി ചുരിദാർ വരെയുള്ള വസ്ത്രങ്ങളും പഞ്ചാബ് രജിസ്‌ട്രേഷനിൽ ഒരേ നമ്പരുള്ള രണ്ട് നമ്പർ പ്ലേറ്റുകളുമാണ്. നമ്പർ പ്ലേറ്റിന്റെ ആണി അടക്കമാണ് പെട്ടിക്കുള്ളിൽ പൊതിഞ്ഞുെവച്ചിരുന്നത്. വഴിയിൽ രജിസ്‌ട്രേഡ് കൊറിയർ ആരെങ്കിലും തുറന്ന് ബാഗ് എടുത്തിട്ടുണ്ടാകാം എന്ന് സുമിത് പറയുന്നു.

3300 രൂപ വിലയുള്ള മിലിറ്ററി ബാഗാണ് നഷ്ടമായത്. 18 വർഷമായി ആർമിയിലുള്ള സുമിത്തിന് എട്ടിന് തിരികെ ലഡാക്കിൽ റിപ്പോർട്ട് ചെയ്യണം.

രജിസ്‌ട്രേഡ് അയച്ച കൊറിയർ ലഭിക്കാത്തത് പോസ്റ്റ് ഓഫീസ് അധികൃതരുടെ വീഴ്ചയാണെന്ന് സുമിത്തിന്റെ മാതാവ് പറഞ്ഞു. അധികൃതരുമായി സംസാരിച്ചപ്പോൾ ഡിവിഷൻ ഓഫീസായ ആലുവയിൽ ബന്ധപ്പെടാനാണ് നിർദേശിച്ചത്. ഹരിയാണ-ഡൽഹി അതിർത്തിയിൽ ഇത്തരം സംഭവങ്ങൾ ഒരുപാട് റിപ്പോർട്ട് ചെയ്യാറുണ്ടെന്ന മറുപടിയാണ് അവിടെ നിന്നു ലഭിച്ചതെന്ന് അവർ പറയുന്നു. ഓൺലൈനായും നേരിട്ടും പരാതി നൽകിയിരിക്കുകയാണ് സുമിത്.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News