ന്യൂഡൽഹി: ഡൽഹി കലാപക്കേസുകളിൽ ഇരകൾക്കായി ഹാജരാകുന്ന അഭിഭാഷകൻ മഹ്മൂദ് പ്രാച്ചയുടെ ഓഫിസിൽ ഡൽഹി പൊലീസ് നടത്തിയ റെയ്ഡിനെതിരെ രൂക്ഷ പ്രതികരണവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഇതിനെതിരെ നാം ഒറ്റക്കെട്ടായി പോരാടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘ആദ്യം അവർ ആക്ടിവിസ്റ്റുകളെ തേടിയെത്തി. പിന്നീട് വിദ്യാർഥികളെ തേടിയെത്തി. ശേഷം കർഷകരെ തേടിയെത്തി. ഇപ്പോൾ അഭിഭാഷകരെയും തേടിയെത്തിയിരിക്കുകയാണ്. അടുത്തതായി അവർ നിങ്ങളെയും തേടിയെത്തും. ഇത് ഒരു ജനാധിപത്യ വ്യവസ്ഥിതിയാണെന്ന് നിങ്ങൾക്ക് പറയാനാകുമോ. നാം ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടതുണ്ട്’ -പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു.
നിയമജ്ഞരുടെ അവകാശങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണിതെന്ന് അഭിഭാഷക ഇന്ദിര ജെയ്സിങ് പ്രതികരിച്ചു. ഈ അതിക്രമത്തിനെതിരെ അഭിഭാഷകർ പ്രതിഷേധിക്കണമെന്നും അവർ പറഞ്ഞു.
അഭിഭാഷകൻ മഹ്മൂദ് പ്രാച്ചയുടെ ഡൽഹി നിസാമുദ്ദീനിലെ ഓഫിസിൽ ഉച്ചക്ക് 12.30ന് ആരംഭിച്ച റെയ്ഡ് രാത്രിയും തുടരുകയാണ്. വ്യാജരേഖകൾ കണ്ടെത്താനായാണ് റെയ്ഡ് നടത്തുന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രാച്ചയുടെ ഓഫിസിലെ ലാപ്ടോപ്പുകളുടെയും ഇ-മെയിലിന്റെയും പാസ് വേഡുകൾ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു സംബന്ധിച്ച് മഹ്മൂദ് പ്രാച്ചയും ഉദ്യോഗസ്ഥരും തമ്മിൽ സംസാരിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
English summary
Senior advocate Prashant Bhushan reacts to Delhi police raid on lawyer Mahmood Pracha’s office