ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത് അദ്ദേഹത്തിനു ബോധ്യപ്പെട്ടതു കൊണ്ടാകാമെന്നു പറഞ്ഞ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐക്കു പക്ഷേ അതു ബോധ്യപ്പെട്ടിട്ടില്ലെന്നു തുറന്നടിച്ചു

0

തിരുവനന്തപുരം ∙ ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത് അദ്ദേഹത്തിനു ബോധ്യപ്പെട്ടതു കൊണ്ടാകാമെന്നു പറഞ്ഞ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐക്കു പക്ഷേ അതു ബോധ്യപ്പെട്ടിട്ടില്ലെന്നു തുറന്നടിച്ചു. ഓർഡിനൻസുമായി ബന്ധപ്പെട്ടു സിപിഎമ്മുമായി ചർച്ച നടന്നെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. ഇനി ചർച്ച നടത്തുമോ എന്നു ചോദിച്ചപ്പോൾ ‘വണ്ടിക്കു പിറകിൽ കുതിരയെ കെട്ടിയിട്ട് എന്തുകാര്യം’ എന്നായിരുന്നു മറുചോദ്യം.

ഭേദഗതിയെ സിപിഐ ഇപ്പോഴും എതിർക്കുന്നു. ഓർഡിനൻസ് ഇറക്കാൻ എന്ത് അടിയന്തര സാഹചര്യമാണുള്ളതെന്നാണു ചോദ്യം. ചർച്ചയിലൂടെ അഭിപ്രായ സമന്വയം ഉണ്ടാക്കി മാത്രമേ എൽഡിഎഫിനു മുന്നോട്ടുപോകാൻ കഴിയൂ. ഓർഡിനൻസ് ബില്ലായി വരുമ്പോൾ വിയോജിപ്പ് അറിയിക്കാൻ അവസരമുണ്ട്. ‘‘മന്ത്രിസഭയിൽ എന്തുനടന്നുവെന്നു ഞാൻ പറയില്ല; ഞാൻ മന്ത്രിസഭാംഗമല്ല’’ – കാനം വ്യക്തമാക്കി.

കാനത്തിന് മറുപടിയില്ല

‘കാനം രാജേന്ദ്രന്റെ പ്രസ്താവനയോടു പ്രതികരിക്കാനില്ല. എന്തും ചർച്ച ചെയ്യാമെന്നാണ് എൽഡിഎഫ് നിലപാട്. ഓർഡിനൻസിൽ ഒപ്പിട്ടു ഗവർണർ ഭരണഘടനാപരമായ കടമയാണു നിർവഹിച്ചത്. പ്രതിപക്ഷം നടത്തിയത് അപഹാസ്യ പ്രവർത്തനമാണ്.’ – എ.വിജയരാഘവൻ (എൽഡിഎഫ് കൺവീനർ)

Leave a Reply