ഒരു ലോഡ് അപ്പ്ഡേറ്റുകളുമായി Scorpio-N; ലോഞ്ച് ജൂൺ 27 -ന്; അറിയാം വിശേഷങ്ങൾ

0

അഭ്യൂഹങ്ങൾക്കും കാത്തിരിപ്പുകൾക്കും വിരാമിട്ട് മഹീന്ദ്രയുടെ പുതിയ സ്കോർപിയോയുടെ വരവിന് ഔദ്യോഗികമായി സമയം കുറിച്ചു. സ്കോർപിയോ എൻ എന്ന പേരിൽ എത്തുന്ന വാഹനത്തിന്റെ ചിത്രങ്ങൾ മഹീന്ദ്ര പുറത്തുവിട്ടു. സ്കോർപിയോയിൽ മാത്രമായുള്ള ഫീച്ചറുകൾ, വാഹനത്തിന്റെ വില തുടങ്ങിയ വിവരങ്ങൾ ജൂൺ 27-ന് അവതരണ വേളയിൽ പ്രഖ്യാപിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. Z101 എന്ന കോഡ്നെയിമിലാണ് ഈ വാഹനം നിർമിച്ചിരുന്നത്.

സ്കോർപിയോ എൻ എന്ന പേരിൽ പുതിയ മോഡൽ എത്തുമ്പോൾ നിലവിലുള്ള പതിപ്പ് സ്കോർപിയോ ക്ലാസിക് എന്ന പേരിൽ വിപണയിൽ തുടരുമെന്ന് മഹീന്ദ്ര അറിയിച്ചിട്ടുണ്ട്. പെട്രോൾ-ഡീസൽ എൻജിനുകൾക്കൊപ്പം ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനുകളിലും സ്കോർപിയോ എൻ നിരത്തുകളിൽ എത്തും. 4×4 സംവിധാനവും ഈ വാഹനത്തിലെ ഹൈലൈറ്റാകും. മഹീന്ദ്രയുടെ പുതിയ ലോഗോയിൽ ഒരുങ്ങുന്ന രണ്ടാമത്തെ മോഡലാണ് സ്കോർപിയോ എൻ.

ബോഡ് ഓൺ ഫ്രെയിം പ്ലാറ്റ്ഫോമിലാണ് സ്കോർപിയോ എൻ ഒരുങ്ങുന്നത്. പുറംമോടിയിലെ സ്റ്റൈലിങ്ങിലും അകത്തളത്തിലെ ഫീച്ചറുകളിലുമായി വരുത്തിയിട്ടുള്ള പുതുമകളാണ് റെഗുലർ സ്കോർപിയോയിൽനിന്ന് പുതിയ പതിപ്പിനെ വ്യത്യസ്തമാക്കുന്നത്. സ്കോർപിയോ എൻ മോഡലിന്റെ അകത്തളം നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ അകത്തളത്തിൽ ഒരുങ്ങും.

ആറ് സ്ലാറ്റുകളും മധ്യഭാഗത്ത് ലോഗോയും നൽകിയുള്ള പുതിയ ഗ്രില്ലാണ് ഈ വാഹനത്തിന്റെ മുഖഭാവത്ത് നൽകിയിരിക്കുന്നത്. എൽ.ഇ.ഡി. ട്വിൻപോഡ് പ്രൊജക്ടർ ഹെഡ്ലാമ്പ്, സി ഷേപ്പിൽ നൽകിയിട്ടുള്ള എൽ.ഇ.ഡി. ഫോഗ്ലാമ്പ്, പവർ ലൈനുകൾ നൽകിയിട്ടുള്ള ബോണറ്റ് എന്നിവയാണ് എസ്.യു.വി. ഭാവം നൽകുന്നത്. പുതിയ ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള 18 ഇഞ്ച് അലോയി വീൽ, പുതിയ റിയർവ്യൂ മിറർ, തുടങ്ങിയവ സ്കോർപിയോ എന്നിന്റെ വശങ്ങളെയും വേറിട്ടതാക്കുന്നു.

സ്കോർപിയോ എൻ ഇന്ത്യൻ എസ്.യു.വി. വിഭാഗത്തിൽ പുതിയ നാഴികക്കല് ആകുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡന്റ് വിജയ് നക്ര അഭിപ്രായപ്പെട്ടു. പുതുതലമുറ സാങ്കേതികവിദ്യ, അതുല്യമായ രൂപകൽപ്പന, അദ്ഭുതപ്പെടുത്തുന്ന പ്രവർത്തന മികവ് തുടങ്ങിയവയിലൂടെ മഹീന്ദ്രയുടെ പാരമ്പര്യം ഉയർത്തി പിടിക്കുക്കാനാണ് സ്കോർപിയോ എൻ എസ്.യു.വിയിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതുമയുള്ള സാങ്കേതികവിദ്യയുടെ പിന്തുണയോടെയാണ് സ്കോർപിയോ എൻ വിപണിയിൽ എത്തുന്നത്. ഇത് എസ്.യു.വി. ശ്രേണിയുടെ മാറ്റത്തിന്റെ തുടക്കമാകുമെന്ന് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ടെക്നോളജി ആൻഡ് പ്രോഡക്ട് ഡെവലപ്മെന്റ് വിഭാഗം പ്രസിഡന്റ് ആർ.വേലുസ്വാമി അഭിപ്രായപ്പെട്ടു. മികച്ച ഡ്രൈവിങ്ങ് അനുഭവത്തിനൊപ്പം അതിശയിപ്പിക്കുന്ന പ്രകടനവും ഉറപ്പാക്കുന്നതിനായി പുതിയ ബോഡി പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here