Thursday, July 29, 2021

സ്കൂളുകൾ ഓൺ ലൈനിൽ, സ്കൂൾ ബസുകൾ ഓഫ് ലൈനിൽ

Must Read

കാക്കനാട്: കോവിഡ് രണ്ടാം തരംഗത്തിലും സ്കൂളുകൾ അടഞ്ഞതോടെ കട്ടപ്പുറത്തായ ബസുകളിൽ പലതും നശിച്ചുതുടങ്ങി. കഴിഞ്ഞ അധ്യയന വർഷം മുഴുവനും ഈ വർഷം ഇതുവരെയും ബസുകൾക്ക് ഓടേണ്ടി വന്നിട്ടില്ല. ഓട്ടമില്ലാക്കാലത്ത് പരിപാലന ചെലവിനു പ്രയാസപ്പെടുന്ന സ്കൂൾ ബസുകൾ നശിച്ചു കൊണ്ടിരിക്കുകയാണ്. എം.പി., എം.എൽ.എ. ഫണ്ടുകൾ ഉപയോഗപ്പെടുത്തിയും നാട്ടുകാരുടെയും പി.ടി.എ.യുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയുമാണ് സർക്കാർ വിദ്യാലയങ്ങൾ ബസുകൾ വാങ്ങിയത്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകൾക്ക് സ്വന്തം ബസുകളുണ്ട്. ഈ മേഖലയിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരും സഹായികളും തൊഴിൽരഹിതരായി.

ബസുകൾ എവിടെ സൂക്ഷിക്കുമെന്നതാണ് സ്കൂളുകളുടെ പ്രധാന തലവേദന. ബസുകൾ നിർത്തിയിടാൻ ഷെഡ്ഡ് ഇല്ലാത്ത സ്കൂളുകളുണ്ട്. സ്കൂളുകളിൽ സ്ഥലസൗകര്യം ഉണ്ടെങ്കിൽത്തന്നെ ആളനക്കമില്ലാത്ത സ്ഥലത്തു മാസങ്ങളോളം വെറുതെയിട്ടാൽ മോഷ്ടാക്കൾ എത്തുമോ എന്ന ആശങ്കയുമുണ്ട്. നിർത്തിയിട്ട ബസുകളുടെ ടയറും ബാറ്ററികളും മോഷ്ടിക്കുന്ന സംഭവങ്ങൾ ജില്ലയിൽ വ്യാപകമാണ്. ചില സ്ഥലങ്ങളിൽ ബസുകൾ കാടുകയറി. ഒരു വർഷത്തിലേറെയായി ഓടാത്തതിനാൽ ഭൂരിഭാഗം ബസുകളുടെയും ബാറ്ററിയും ടയറുകളും നശിച്ചു.

സംരക്ഷണ ചുമതല പി.ടി.എ.യ്ക്ക്

ജനപ്രതിനിധികളുടെ ഫണ്ട് ഉപയോഗിച്ചു വാങ്ങുന്ന ബസുകൾ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഏറ്റുവാങ്ങി വിദ്യാലയങ്ങൾക്കു കൈമാറിയാൽ അതിന്റെ പൂർണ ഉത്തരവാദിത്വവും സംരക്ഷണ ചുമതലയും സ്കൂൾ പി.ടി.എ.യ്ക്കാണ്. ജീവനക്കാരെ നിയമിക്കുന്നതും പി.ടി.എ. തന്നെ. സ്കൂളുകൾ അടച്ചതോടെ പി.ടി.എ.യ്ക്കും വരുമാനമില്ല. വിദ്യാലയങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണെങ്കിലും ബസുകൾ സംരക്ഷിക്കാനുള്ള നടപടി അവരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ബസുകളുടെ ബാധ്യത പൂർണമായും പ്രധാന അദ്ധ്യാപകന്റെയും പി.ടി.എ.യുടെയും ചുമലിലായി.

വിൽക്കാനുമാകുന്നില്ല

രണ്ടു വർഷമായി ഇൻഷുറൻസും ടാക്സും അടയ്ക്കാത്തവരുമുണ്ട്. ചില എയ്ഡഡ് സ്കൂളുകൾ വായ്പ എടുത്താണു ബസുകൾ വാങ്ങിയത്. അതു തിരിച്ചടയ്ക്കാനാവാത്തതിനാൽ ബസുകൾ വിൽക്കാനുള്ള ശ്രമവും വിജയിച്ചില്ല. ചില സ്കൂളുകൾ ബസുകളുടെ ബാറ്ററികൾ അഴിച്ചുെവച്ചു സംരക്ഷിക്കുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും സ്കൂളുകൾ തുറക്കുമ്പോൾ ബസുകൾ റോഡിലിറക്കാൻ വലിയൊരു തുക വേണ്ടിവരും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി പരീക്ഷയ്ക്കു വേണ്ടി ഏതാനും ബസുകൾ സർവീസ് നടത്തിയിരുന്നു.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News