Thursday, May 13, 2021

പാഠം ഒന്ന്: സുരക്ഷ; സംസ്ഥാനത്തെ സ്കൂളുകൾ നാളെ മുതൽ ഭാഗികമായി തുറക്കുന്നു

Must Read

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂളുകൾ നാളെ മുതൽ ഭാഗികമായി തുറക്കുന്നു. 3118 ഹൈസ്കൂളുകളിലും 2077 ഹയർ സെക്കൻഡറി സ്കൂളുകളിലുമായി 10, 12 ക്ലാസുകളിൽ പഠിക്കുന്ന 7 ലക്ഷത്തിലേറെ വിദ്യാർഥികൾക്കായാണിത്. ഹാജർ നിർബന്ധമാക്കിയിട്ടില്ല. സ്കൂളിലെത്തുന്ന കുട്ടികൾക്ക് രക്ഷാകർത്താക്കളുടെ സമ്മതപത്രം നിർബന്ധമാണ്.
പൊതുപരീക്ഷയ്ക്കു മുന്നോടിയായി ഡിജിറ്റൽ അധ്യയനം പൂർത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയനിവാരണം, റിവിഷൻ എന്നിവയ്ക്കാണ് ഊന്നൽ. അതേസമയം, കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് സുരക്ഷിതമാണോ എന്ന ആശങ്ക വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷാകർത്താക്കൾക്കുമുണ്ട്.

സ്കൂളുകളിൽ കോവിഡ് സെൽ രൂപീകരണമുൾപ്പെടെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ (ഡിപിഐ) എ. ജീവൻ ബാബു പറഞ്ഞു. സ്കൂൾതല യോഗങ്ങളും നടന്നു. മുഴുവൻ അധ്യാപകർക്കും കോവിഡ് പരിശോധന നടത്താനുള്ള കൊല്ലം ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം പരാതികളെത്തുടർന്ന് ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ തുറക്കുന്ന ആദ്യ ആഴ്ച സുരക്ഷയ്ക്കാണു മുൻഗണന. ഒരേസമയം ക്ലാസിലെ പകുതി കുട്ടികളെ മാത്രമേ അനുവദിക്കൂ. ഓരോ ക്ലാസിലെയും പകുതി വീതം വിദ്യാർഥികൾ ഷിഫ്റ്റ് ആയോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകൾക്കെത്തുംവിധം ക്രമീകരണം നടത്താം.

ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ എന്നും ഒഴിഞ്ഞുകിടക്കുന്ന ക്ലാസ് മുറികൾ കൂടി ഉപയോഗിച്ച് അധ്യയനം നടത്തണമെന്നുമാണു വിദ്യാഭ്യാസ വകുപ്പു നിർദേശം നൽകിയിരിക്കുന്നത്. ഒരാഴ്ചയ്ക്കു ശേഷം സ്ഥിതിഗതികൾ വിലയിരുത്തി മാറ്റം വരുത്തും.

വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെൽ ക്ലാസുകൾ തുടരും. സ്കൂളുകളിൽ പോകുന്ന കുട്ടികൾക്ക് വിക്ടേഴ്സിൽ എല്ലാ ദിവസവും വൈകിട്ടത്തെ ആവർത്തന ക്ലാസ് കാണാം. കുട്ടികൾക്ക് ഐഡന്റിറ്റി കാർഡും യാത്രാ പാസും ഉൾപ്പെടെ നൽകിയിട്ടില്ലാത്തതിനാൽ സ്കൂളിലെത്താൻ ബുദ്ധിമുട്ടുണ്ടാകുമെന്ന പരാതികൾ ഉയർന്നിട്ടുണ്ട്. സ്കൂൾ ഹോസ്റ്റലുകൾ തുറക്കുന്നതു സംബന്ധിച്ച് ഇന്നു വ്യക്തത വരുത്തുമെന്ന് ഡിപിഐ അറിയിച്ചു.

English summary

Schools in the state will be partially open from tomorrow

Leave a Reply

Latest News

ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം

ലോക്ക്ഡൗൺ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ പെരുന്നാൾ ആഘോഷം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോൾ പാലിക്കണമെന്ന നിർദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കൾ ബീച്ചിൽ ഒത്തുകൂടുകയായിരുന്നു. മാസ്‌ക് ധരിക്കാതെ എത്തിയ...

More News