സംസ്ഥാനത്ത് അക്രമിസംഘങ്ങളുടെ അഴിഞ്ഞാട്ടം, മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിൽ നിയന്ത്രണമില്ല, വിമർശിച്ച് സതീശൻ

0

തിരുവനന്തപുരം : കണ്ണൂർ തലശ്ശേരിയിൽ സിപിഎം പ്രവർത്തകൻ ഹരിദാസൻ കൊല്ലപ്പെട്ട സംഭവത്തിൽ അപലപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ബിജെപി-ആർ എസ്എസ് പ്രവർത്തകരാണ് തലശ്ശേരി കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഎം ആരോപണം. ആർഎസ്എസ് – സിപിഎം പോർവിളി കണ്ണൂരിനെ നേരത്തെയും ചോരക്കളമാക്കിയതാണ്. ഈ ചോരക്കളി പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും സതീശൻ പറഞ്ഞു.

സംസ്ഥാനത്ത് കൊല്ലും കൊലയും അക്രമസംഭവങ്ങളും സർവസാധാരണമായെന്നും ക്രമസമാധാനനില പൂർണ്ണമായും തകർന്നുവെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. കൊലവിളി മുഴക്കി ഗുണ്ടാ സംഘങ്ങൾ പൊലീസിനെ പോലും വെല്ലുവിളിക്കുകയാണ്. ജനങ്ങളുടെ ജീവന് സുരക്ഷിതത്വവുമില്ല. പൊലീസും ആഭ്യന്തര വകുപ്പും നിഷ്ക്രിയമാണ്. പൊലീസിനെ ഭരിക്കുന്നത് സി.പി.എമ്മാണ്. ആഭ്യന്തര വകുപ്പിൽ മുഖ്യമന്ത്രിക്ക് യാതൊരു നിയന്ത്രണവുമില്ല. സർക്കാരിന് ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ്. ഒറ്റപ്പെട്ട സംഭവം എന്നത് കേരളത്തിലെ ഏറ്റവും വലിയ തമാശയായി മാറികഴിഞ്ഞവെന്നും സതീശൻ പരിഹസിച്ചു. പ്രതിപക്ഷം പല തവണ പറഞ്ഞ ഇക്കാര്യത്തിന് അടിവരയിടുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്നതെന്ന് സതീശൻ കൂട്ടിച്ചേർത്തു.

Leave a Reply