സഞ്ജിത്തിന്റെ ബൈക്ക് ഇടിച്ചതിന്റെ പേരിൽ വാക്കേറ്റം; അതിന്റെ പക പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തീർത്തത് ചായക്കട കത്തിച്ച്; സക്കീർ ഹുസൈന്റെ കൊലപാതകത്തിന് പകരം വീട്ടിയത് സഞ്ജിത്തിന്റെ ചോരയിലൂടെ; ചർച്ചയിലൂടെ പരിഹരിക്കാവുന്ന പ്രശ്നം കാരണം പൊലിഞ്ഞത് മൂന്നു ജീവനുകൾ; കൊലപാതകങ്ങളുടെ തുടർപരമ്പരയിൽ ഞെട്ടി പാലക്കാട്

0

പാലക്കാട്: പാലക്കാട് തുടർച്ചയായി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ പാലക്കാട് മാത്രമല്ല, കേരളജനത തന്നെ ഞെട്ടിയിരിക്കുകയാണ്. രാഷ്ട്രീയത്തിന്റെ പേരിലെ വൈരാഗ്യങ്ങൾ കാരണം നഷ്ടമാകുന്ന ജീവനുകളുടെ കണക്കെടുത്തൽ നിരവധിയാണ്. ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന കണക്കിനാണ് ഇപ്പോൾ കൊലപാതകങ്ങൾ പെരുകുന്നതും. ഒരാളുടെ ചോരയ്ക്ക് കണക്കു ചോദിക്കുന്നത് മറ്റൊരാളുടെ ചോര വീഴ്ത്തിയാണ്. അവിടെ നഷ്ടമാകുന്നത് ഒരു പക്ഷെ ഒരു കുടുംബത്തിന്റെ തന്നെ നെടുംതൂണുകളാണ്. പണ്ട് മുതലേ കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ ഒരു തുടർകഥ തന്നെയാണ്.

ഇന്നലെ പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ന് മുൻ ആർഎസ്എസ് പ്രചാരക് ശ്രീനിവാസനും കൊല്ലപ്പെട്ടതോടെ പാലക്കാട് സ്ഥിതിഗതികൾ കൈവിട്ടുപോകുന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുകയാണ്. എസ്.ഡി.പി.ഐ. പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയത് 2021 നവംബർ 15-ന് കൊല്ലപ്പെട്ട ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിന് കണക്ക് തീർത്തതാണെന്ന രീതിയിലാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സുബൈർ വധക്കേസിലെ കേസന്വേഷണം ഇപ്പോൾ എത്തിനിൽക്കുന്നത് മറ്റൊരു എസ്.ഡി.പി.ഐ. പ്രവർത്തകനായ സക്കീർ ഹുസൈനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളിലേക്കാണ്. ഈ കേസിൽ ജയിലിലായിരുന്ന പ്രതികൾ കഴിഞ്ഞ മാസമാണ് ജാമ്യത്തിലിറങ്ങിയത്.

സമാധാന ചർച്ചയിലൂടെയോ മറ്റോ പരിഹരിക്കപ്പെടുമായിരുന്ന തർക്കമാണ് മൂന്ന് പേരുടെ ജീവൻ പൊലിയുന്ന രീതിയിലേക്ക് നയിച്ചതെന്ന തിരിച്ചറിവിലാണ് പാലക്കാടുകാർ. ആർ.എസ്.എസ്. പ്രവർത്തകനായ സഞ്ജിത്ത് സഞ്ചരിച്ച ബൈക്ക് എസ്.ഡി.പി.ഐ. പ്രവർത്തകന്റെ ബൈക്കുമായി ഇടിക്കുകയും ഇത് സംബന്ധിച്ച് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് സഞ്ജിത്ത് നടത്തിയിരുന്ന ചായക്കട ചില പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കത്തിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് സക്കീർ ഹുസൈനുമായി തർക്കം ഉണ്ടായിരുന്നു.

ഇതിന്റെ തുടർച്ചയായാണ് രണ്ട് വർഷം മുൻപ് ഇരട്ടക്കുളം എന്ന സ്ഥലത്ത് വെച്ച് സക്കീർ ഹുസൈനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ കേസിൽ സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവരുൾപ്പെടെ അഞ്ച് പ്രതികൾ ജയിലിലായി. സക്കീർ ഹുസൈനെ കൊലപ്പെടുത്താൻ ശ്രമിച്ചതിലെ പകയായിരുന്നു 2021 നവംബർ 15-ന് വാഹനം ഇടിച്ച് വീഴ്‌ത്തിയ ശേഷം ഭാര്യയുടെ മുന്നിൽവെച്ച് സഞ്ജിത്തിനെ കൊലപ്പെടുത്തിയ ക്രൂരസംഭവം.

ഈ കേസിൽ പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിച്ചിട്ടും പ്രതികളെ പൊലീസ് പിടികൂടാൻ വൈകുന്നുവെന്ന ആരോപണം നിലനിൽക്കുന്നുണ്ടായിരുന്നു. സഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികളെ പിടികൂടാൻ വൈകുന്നതിൽ ബിജെപി. സംസ്ഥാന നേതൃത്വത്തിനും അതൃപ്തിയുണ്ടായിരുന്നു. പ്രതികളെ പിടികൂടാൻ വൈകിയത് സഞ്ജത്തിന്റെ കൊലപാതകത്തിന് പകരം വീട്ടാൻ കാരണമായി എന്നാണ് ഇപ്പോൾ ഉയരുന്ന പ്രധാനമായ ആരോപണങ്ങളിൽ ഒന്ന്.

സഞ്ജിത്തുകൊല്ലപ്പെട്ട് അഞ്ച് മാസം തികയുന്നതിന്റെ അതേ ദിവസമാണ് സുബൈർ കൊല്ലപ്പെട്ടത്. ഭാര്യയുടെ മുന്നിൽവെച്ച് വാഹനം ഇടിച്ച് വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു സഞ്ജിത്തിനെ. പിതാവിനൊപ്പം ജുമുഅ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അതേ രീതിയിൽ വാഹനം ഇടിച്ച് വീഴ്‌ത്തിയ ശേഷം കൈകാലുകളിലും തലയിലും വെട്ടിയാണ് സുബൈറിനേയും കൊലപ്പെടുത്തിയത്. സുബൈർ വധക്കേസിലെ പ്രതികൾക്കായുള്ള അന്വേഷണം സക്കീറിനെ വെട്ടിയ കേസിലെ പ്രതികളെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നതും.

ഒരു മാസം മുൻപ് ജാമ്യത്തിലിറങ്ങിയ പ്രതികളെ തേടിയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം മുന്നോട്ട് പോകുന്നത്. സുബൈറിനെ കൊലപ്പെടുത്തുന്നതിന് മുൻപ് ഇടിച്ച് വീഴ്‌ത്താൻ ഉപയോഗിച്ചത് സഞ്ജിത്തിന്റെ പേരിലുള്ള കാറാണ്. ഇത് പ്രതികൾക്ക് എങ്ങനെ ലഭിച്ചുവെന്ന് അറിയില്ലെന്നാണ് സഞ്ജിത്തിന്റെ കുടുംബം പറയുന്നത്. സഞ്ജിത്തുകൊല്ലപ്പെടും മുൻപ് തന്നെ കാർ വർക്ക്ഷോപ്പിലായിരുന്നുവെന്നും പിന്നീട് ഇതേക്കുറിച്ച് അന്വേഷിച്ചില്ലെന്നുമാണ് ഭാര്യ അർഷികയും അച്ഛൻ അറുമുഖനും പറയുന്നത്.

ഇതിനിടെയാണ് പാലക്കാട് വീണ്ടും കൊലക്കളമായി മാറിയത്. നഗരത്തിലെ മേലാമുറിയിലാണ് ആർഎസ്എസ് നേതാവ് വെട്ടേറ്റു മരിച്ചത്. മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. മേലാമുറിയിലെ കടയിൽ കയറിയാണ് മൂന്നു ബൈക്കുകളിലായി എത്തിയ അഞ്ചംഗസംഘം ശ്രീനിവാസനെ വെട്ടിയത്. വാൾ ഉപയോഗിച്ചാണ് വെട്ടിയതെന്ന് ദൃക്‌സാക്ഷി പറയുന്നു.

ആർഎസ്എസിന്റെ ശക്തികേന്ദ്രത്തിൽ ഇദ്ദേഹം നടത്തിയിരുന്ന കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് സ്‌കൂട്ടറുകളിലായി എത്തിയ സംഘമാണ് ശ്രീനിവാസനെ അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ പാലക്കാട് സ്വകാര്യ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ, സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പാലക്കാട് എത്തും. ഇവിടെ ക്യാമ്പ് ചെയ്തുകൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടി മേൽനോട്ടം വഹിക്കാനാണ് നിർദ്ദേശം. കൂടുതൽ പൊലീസുകാരെയും ജില്ലയിൽ വിന്യസിക്കും. അതേസമയം സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

എറണാകുളം റൂറലിൽ നിന്നും ഒരു കമ്പനി സേന പാലക്കാട് എത്തും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പാലക്കാടേക്ക് എത്തും. എല്ലാ ജില്ലകളിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ കൊല്ലപ്പെട്ട പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ജില്ലാ ആശുപത്രിയിൽ നിന്ന് പുറപ്പെട്ടു. നിരവധി വാഹനങ്ങൾ അകമ്പടിയായി ഒപ്പമുണ്ട്. ഈ കൊലപാതകം നടന്ന് 24 മണിക്കൂർ പിന്നിടും മുൻപാണ് അടുത്ത കൊലപാതകവും നടന്നതെന്നത് പൊലീസിന്റെ ഇന്റലിജൻസ് സംവിധാനത്തിന്റെ കൂടെ വീഴ്ചയായാണ് കരുതപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here