സന്ദീപ്‌ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു , രാഷ്‌ട്രീയ കൊലപാതകമെന്ന്‌ പോലീസ്‌

0

പത്തനംതിട്ട: സി.പി.എം. പെരിങ്ങര ലോക്കല്‍ സെക്രട്ടറിയായിരുന്ന പി.ബി. സന്ദീപ്‌കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നാം പ്രതിയും കേസിലെ മുഖ്യ സൂത്രധാരനും യുവമോര്‍ച്ചയുടെ പെരിങ്ങര പഞ്ചായത്ത്‌ മുന്‍ പ്രസിഡന്റുമായിരുന്ന ജിഷ്‌ണു രഘുവിനു സന്ദീപിനോടുള്ള രാഷ്‌്രടീയ വൈരാഗ്യമാണ്‌ കൊലപാതകത്തിലേക്കു നയിച്ചതെന്നാണ്‌ പോലീസിന്റെ കണ്ടെത്തല്‍.
രാഷ്‌ട്രീയ കൊലപാതകമല്ലെന്നും മുന്‍വൈരാഗ്യം മൂലമുള്ള ക്വട്ടേഷന്‍ ആക്രമണമാണു നടന്നതെന്നുമാണു പോലീസ്‌ ആദ്യം പറഞ്ഞിരുന്നത്‌. ജില്ലാ പോലീസ്‌ മേധാവിയായിരുന്ന ആര്‍. നിശാന്തിനി, തിരുവല്ല ഡിവൈ.എസ്‌.പി: ആര്‍. രായപ്പന്‍ റാവുത്തര്‍ എന്നിവര്‍ ഈ നിലപാട്‌ സ്വീകരിച്ചത്‌ സി.പി.എമ്മിന്റെ അതൃപ്‌തിക്ക്‌ കാരണമായി. അറസ്‌റ്റിലായ പ്രതികളില്‍ ചിലരുടെ സി.പി.എം-ഡി.വൈ.എഫ്‌.ഐ. ബന്ധം സി.പി.എം. നീക്കത്തിനു തിരിച്ചടിയാകുകയും ചെയ്‌തു.
ജിഷ്‌ണുവിന്റെ രാഷ്‌ട്രീയ ബന്ധം മാത്രമേ കുറ്റപത്രത്തിലുള്ളൂ. മറ്റു പ്രതികളുടെ രാഷ്‌ട്രീയബന്ധം തെരയുന്നത്‌ ഒഴിവാക്കിയ പോലീസ്‌, ഇവര്‍ ജിഷ്‌ണുവിനെ സഹായിക്കാന്‍ എത്തിയതാണെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്‌. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത അഞ്ചു പ്രതികളെയും പോലീസ്‌ മണിക്കൂറുകള്‍ക്കകം അറസ്‌റ്റ്‌ ചെയ്‌തിരുന്നു.
സന്ദീപിന്റെ കൊലപാതകം ആസൂത്രണം ചെയ്യാന്‍ രണ്ട്‌ മുതല്‍ അഞ്ച്‌ വരെയുള്ള പ്രതികളായ പ്രമോദ്‌, നന്ദു അജി, മന്‍സൂര്‍, വിഷ്‌ണു അജി എന്നിവര്‍ക്കായി ജിഷ്‌ണു മുത്തൂരിലെ ലോഡ്‌ജില്‍ മുറിയെടുത്തുകൊടുത്തു. അവിടെ നിന്നാണു പ്രതികള്‍ കൊലപാതകത്തിനായി ചാത്തങ്കരിയിലേക്കു പോയത്‌. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഹരിപ്പാട്‌ സ്വദേശി രതീഷും പ്രതിപ്പട്ടികയിലുണ്ട്‌. തിരുവല്ല ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്‌. സംഭവം രാഷ്‌ട്രീയ കൊലപാതകമാണെങ്കിലും രാഷ്‌്രടീയ ഗൂഢാലോചനയില്ലെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്‌. പ്രതികള്‍ മാവേലിക്കര സബ്‌ ജയിലില്‍ റിമാന്‍ഡിലാണ്‌.
കേസില്‍ സ്‌പെഷല്‍ പബ്ലിക്ക്‌ പ്രോസിക്യൂട്ടറായി അഡ്വ. സുരേഷ്‌ ബാബു തോമസിനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. രാഷ്‌ട്രീയ കൊലപാതകമല്ലെന്ന നിലപാടിലൂടെ സി.പി.എമ്മിന്റെ അതൃപ്‌തിക്കു പാത്രമായ ഡിവൈ.എസ്‌.പി. രായപ്പന്‍ റാവുത്തറെ സ്‌ഥലംമാറ്റാന്‍ രാഷ്‌ട്രീയ ചരടുവലി തുടങ്ങിയതായി ആക്ഷേപമുണ്ട്‌.

Leave a Reply