സനലിനെ കൊലപാതകം നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുപ്പു നടത്തി

0

പാലക്കാട് ∙ പുതുപ്പരിയാരം ഓട്ടൂർക്കാട് വയോധിക ദമ്പതികൾ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ മകൻ സനലിനെ കൊലപാതകം നടന്ന വീട്ടിൽ എത്തിച്ച് തെളിവെടുപ്പു നടത്തി. ബുധനാഴ്ച രാവിലെ 8 മണിയോടെ പൊലീസ് സംഘം സനലുമായി പുതുപ്പരിയാരത്തെ വീട്ടിൽ എത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കൊടുവാളും അടുക്കളയിൽനിന്നു കണ്ടെത്തി.

കൊലപാതക ശേഷം മൃതദേഹങ്ങളിൽ ഒഴിച്ച കീടനാശിനിയുടെ കുപ്പിയും അടുക്കളയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവസമയത്ത് സനൽ ധരിച്ചിരുന്ന വസ്ത്രം വിറകുപുരയില്‍നിന്നും കണ്ടെടുത്തു. കൊലപാതകം നടത്തിയ രീതി പ്രതി കൃത്യമായി വിവരിച്ചു. യാതൊരുവിധ ഭാവ വ്യത്യാസവുമില്ലാതെ ആയിരുന്നു തെളിവെടുപ്പിന്റെ മുഴുവൻ സമയവും പ്രതി നിന്നിരുന്നത്.

ചൊവ്വാഴ്ചയാണ് സനലിനെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. തിങ്കൾ രാവിലെയാണു പ്രതീക്ഷ നഗർ ‘മയൂഖ’ത്തിൽ ചന്ദ്രൻ – ദേവി ദമ്പതികളെ വീട്ടിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്നു വീട്ടിലുണ്ടായിരുന്ന മകൻ സനലിനെ കാണാതായിരുന്നു. താൻ ജോലി സംബന്ധമായ ആവശ്യത്തിനായി ബെംഗളൂരുവിലേക്കു പോവുകയാണെന്നു സഹോദരൻ സുനിലിനോടു സനൽ ഫോൺ ചെയ്തു പറഞ്ഞിരുന്നു.

പിന്നീട് ആ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തിങ്കൾ രാത്രി സനലിന്റെ നമ്പർ ഓൺ ആയി. ഈ സമയത്താണ് അച്ഛന്റെയും അമ്മയുടെയും മരണവാർത്ത സനലിനെ അറിയിക്കുന്നത്. കർമം ചെയ്യാൻ ഉടൻ നാട്ടിലെത്തണമെന്നു സുനിൽ ആവശ്യപ്പെട്ട പ്രകാരം ഇന്നലെ രാവിലെ നാട്ടിലെത്തിയ സനലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

∙ 33 വെട്ടുകൾ

ദേവിയുടെ ശരീരത്തിൽ 33 വെട്ടുകളും ചന്ദ്രന്റെ ശരീരത്തിൽ 26 വെട്ടുകളും ഉള്ളതായി പറയുന്നു. പലതും ആഴത്തിലുള്ളതാണ്. സംഭവ ദിവസം രാവിലെ ഉണ്ടായ രാവിലെ ഉണ്ടായ ചെറിയ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആദ്യം അമ്മയെ വെട്ടിയശേഷം നേരെ അച്ഛൻ കിടന്ന മുറിയിലേക്കു പോയി അച്ഛനെയും വെട്ടി. വെട്ടിയ ശേഷം മരണം ഉറപ്പാക്കാനായി ഇരുവരുടെയും മുറിവുകളിലേക്കും വായയിലേക്കും കയ്യിൽ കരുതിവച്ച കീടനാശിനി (ഹെമ 555, റോഗർ എന്നീ കീടനാശിനികളാണ് ഉപയോഗിച്ചത്) സനൽ ഒഴിച്ചു.

,മുറിയിൽനിന്നു കണ്ടെത്തിയ സിറിഞ്ച് ഉപയോഗിച്ച് ഇവർക്ക് കീടനാശിനി കുത്തിവയ്ക്കാൻ ശ്രമിച്ചു. എന്നാല്‍ ചോരയില്‍ വഴുതിവീണ് കൈയിലുണ്ടായിരുന്ന സിറിഞ്ച് ഒടിഞ്ഞ് പോയെന്നും ഇതോടെ കീടനാശിനി കുത്തിവയ്ക്കാനുള്ള ശ്രമം ഉപേക്ഷിച്ചെന്നും സനൽ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് ശേഷം അച്ഛന്‍ കിടന്നിരുന്ന മുറിയിലെ കുളിമുറിയില്‍ കുളിച്ച് വൃത്തിയായ ശേഷമാണ് വീട്ടില്‍നിന്ന് രക്ഷപ്പെട്ടത്

Leave a Reply