ലക്നോ: ഭീകരര്‍ സൈക്കിള്‍ തെരഞ്ഞെടുക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സൈക്കിളിനെ അപമാനിക്കുന്നവര്‍ രാജ്യത്തെയാണ് അപമാനിക്കുന്നതെന്ന് അഖിലേഷ് പറഞ്ഞു.
“സൈക്കിൾ കർഷകരെ അവരുടെ വയലുകളുമായി ബന്ധിപ്പിക്കുന്നു, സമൃദ്ധിയുടെ അടിത്തറയിടുന്നു. സൈക്കിൾ നമ്മുടെ പെൺമക്കളെ സ്കൂളിലേക്ക് കൊണ്ടുപോകുന്നു, സാമൂഹിക നിയന്ത്രണങ്ങൾക്കപ്പുറത്തേക്ക് ഉയരുന്നു. അത് മുന്നോട്ട് കുതിക്കുന്നു, പണപ്പെരുപ്പം സ്പർശിക്കാതെ. സൈക്കിൾ സാധാരണക്കാരന്റെ സവാരിയാണ്, ഗ്രാമീണ ഇന്ത്യയുടെ അഭിമാനം. സൈക്കിളിനെ അപമാനിക്കുന്നത് രാജ്യത്തെ മുഴുവൻ അപമാനിക്കുന്നതിന് തുല്യമാണ്’. അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് സമാജ്വാദി പാർട്ടിയെ ഉന്നംവച്ച് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ചില രാഷ്ട്രീയ പാർട്ടികൾ തീവ്രവാദികളോട് മൃദുസമീപനം സ്വീകരിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
അഹമ്മദാബാദിൽ നടന്ന സ്ഫോടനങ്ങൾ രണ്ട് തരത്തിലാണ് നടപ്പിലാക്കിയത്. നഗരത്തിലെ പ്രധാനപ്പെട്ട പല സ്ഥലങ്ങളിലാണ് ആദ്യത്തെ സ്ഫോടനം നടന്നത്. തുടർന്ന് രണ്ട് മണിക്കൂറിന് ശേഷം ഒരു ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു.
ആദ്യം നടന്ന സ്ഫോടനങ്ങളിൽ ബോംബുകൾ സൈക്കിളിലാണ് സൂക്ഷിച്ചിരുന്നത്. എന്തുകൊണ്ടാണ് ഭീകരർ സൈക്കിൾ തെരഞ്ഞെടുത്തതെന്ന് ഞാൻ അത്ഭുതപ്പെടുന്നു. പ്രധാനമന്ത്രി പറഞ്ഞു.
വാരാണസി(2006), അയോധ്യ, ലഖ്നൗ (2007) എന്നിവിടങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ പ്രതികൾക്കെതിരായ കേസുകൾ സമാജ്വാദി പാർട്ടി പിൻവലിച്ചതായും അദ്ദേഹം ആരോപിച്ചു. യുപിയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട 14 കേസുകളിൽ നിരവധി ഭീകരർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കാൻ സമാജ്വാദി സർക്കാർ ഉത്തരവിട്ടു. ഈ തീവ്രവാദികളെ നിയമത്തിന് മുൻപിലെത്തിക്കാൻ സമാജ്വാദി സർക്കാർ അനുവദിച്ചില്ല. മോദി കുറ്റപ്പെടുത്തി.